
കൊല്‍ക്കത്ത: ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസിന് പിന്നാലെ മറ്റൊരു വിദേശതാരം കൂടി ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് വരുന്നു. കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാലാണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചത്. 26കാരനായ ഷാന്‍ കാനഡയുടെ അണ്ടര്‍ 18, അണ്ടര്‍ 20 ടീമുകളില്‍ കളിച്ചിട്ടുണ്ട്. ലിയോണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയില്‍ കളിച്ചിട്ടുളള ഷാന്‍ ഇപ്പോള്‍ കനേഡിയന്‍ ക്ലബ് യോര്‍ക് യുണൈറ്റഡിന്റെ താരമാണ്. ഷാന്റെ അച്ഛനും അമ്മയും പഞ്ചാബില്‍ നിന്നുള്ളവരാണ്. റയാന്‍ വില്യംസിനെ പോലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി ദേശീയ ടീമിന്റെ ഭാഗമാവുകയാണ് ഷാന്റെ ലക്ഷ്യം.
ഓസ്ട്രേലിയന്‍ വിംഗര്‍ റയാന്‍ വില്യംസും നേപ്പാള്‍ പ്രതിരോധ താരം അബ്നീത് ഭാര്‍തിയും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് വന്നിരുന്നു. ഇരുവരും ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 2023 മുതല്‍ ബെംഗളൂരു എഫ് സിയുടെ താരമായ റയാന്‍ വില്യംസിന്റെ അമ്മ ആന്‍ഡ്രി, മുംബൈയിലെ ആംഗ്ലോ ഇന്ത്യന്‍ കുടുബാംഗമാണ്. പെര്‍ത്തില്‍ ജനിച്ച വില്യംസ് ഓസ്ട്രേലിയയുടെ അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകള്‍ക്കുവേണ്ടിയും സീനിയര്‍ ടീമിനായി ഒരു മത്സരവും കളിച്ചിട്ടുണ്ട്.
അബ്നീര്‍ ഭാര്‍തി ബൊളിവിയന്‍ ലീഗിലാണിപ്പോള്‍ കളിക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 16 ടീമില്‍ കളിച്ചിട്ടുള്ള താരമാണ് അബ്നീര്‍. ഇന്ത്യന്‍ ടീമിന്റെ നിലവാരവും പ്രകടനവും മെച്ചപ്പെടുത്താനായി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉടമകളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഫുട്‌ബോളില്‍ മോശം ഫോമിലാണ് ഇന്ത്യ. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു.