സച്ചിനും മെസിക്കും സമാനതകളേറെ! ക്രിക്കറ്റ് ഇതിഹാസത്തിന്റെ വഴി പിന്തുടരുമോ ഫുട്‌ബോളിലെ മിശിഹ?

By Web TeamFirst Published Dec 18, 2022, 12:14 PM IST
Highlights

ചെറുപ്രായത്തിലെ അരങ്ങേറ്റം. കളത്തിലെ അസാമാന്യ പ്രകടനങ്ങള്‍. ആരെയും കൊതിപ്പിക്കുന്ന വ്യക്തിഗത നേട്ടങ്ങള്‍. ആര്‍ക്കും മറികടക്കാനാവാത്ത റെക്കോര്‍ഡുകള്‍.

ദോഹ: കായികലോകം കണ്ട ഏറ്റവും മികച്ച രണ്ട് പത്താം നമ്പറുക്കാരാണ് ലിയോണല്‍ മെസിയും സച്ചിന്‍ ടെണ്ടുല്‍ക്കറും. വിശ്വകിരീടമെന്ന സ്വപ്നം സാക്ഷാത്കരിച്ച് കളമൊഴിയാന്‍ സച്ചിനായി. സമാനമായി മെസിയുടെ ആഗ്രഹവും പൂവണിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചെറുപ്രായത്തിലെ അരങ്ങേറ്റം. കളത്തിലെ അസാമാന്യ പ്രകടനങ്ങള്‍. ആരെയും കൊതിപ്പിക്കുന്ന വ്യക്തിഗത നേട്ടങ്ങള്‍. ആര്‍ക്കും മറികടക്കാനാവാത്ത റെക്കോര്‍ഡുകള്‍.

ക്രിക്കറ്റിന്റെ ദൈവത്തിനും ഫുട്‌ബോളിന്റെ മിശിഹയ്ക്കും സാമ്യതകള്‍ ഏറെ. മെസി ലോകകപ്പ് നേടാനുള്ള ഭാഗ്യ സാധ്യതകളെല്ലാം നോക്കുന്ന ആരാധകരുടെ കണ്ണുടക്കുന്നതും സച്ചിന്റെ വിശ്വകപ്പിലേക്കുള്ള ജൈത്രയാത്രയാണ്. ഐതിഹാസിക കരിയറിലെ അവസാന ലോകകപ്പിലാണ് സച്ചിന് കിരീടം നേടാനുള്ള അവസരമുണ്ടായത്. മെസിക്കും ഇത് അവസാന ലോകകപ്പ്. 2011ല്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ സച്ചിനായിരുന്നു. അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിക്കുന്നതും മെസി. 

മുമ്പ് ലോകകപ്പിന്റെ താരങ്ങളായിട്ടും കിരിടം നഷ്ടപ്പെട്ടവരാണ് ഇരുവരും. 2003ല്‍ സച്ചിന്‍, മെസി 2014ല്‍. എട്ടുവര്‍ഷങ്ങള്‍ക്കപ്പുറം സച്ചിന് കിരീടം നേടാനായി. മെസിക്ക് മുന്നിലും ഇതേ കാലയളവ്. ഇന്ത്യ കിരീടം നേടിയപ്പോള്‍ കാലങ്ങളോളം ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ സച്ചിനെ ചുമന്ന് സ്റ്റേഡിയം വലവച്ചു സഹകളിക്കാര്‍. ലുസൈലിലും അതുപോലെ കാഴ്ച കാണാനാവുമോ. കാത്തിരിപ്പിലാണ് ആരാധകര്‍. ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളി. 

രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാല്‍പന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നല്‍കി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്.

മലയാളികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം! ലോകകപ്പ് വേദിയെ ഇളക്കിമറിക്കാൻ ലാലേട്ടനും, ഖത്തറിന്‍റെ അതിഥി

click me!