സിനിമയെ വെല്ലുന്ന ത്രില്ലര്‍; വിറപ്പിച്ച് ക്രൊയേഷ്യ കീഴടങ്ങി, സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍

By Web TeamFirst Published Jun 29, 2021, 12:29 AM IST
Highlights

അധികസമയത്ത് രണ്ട് ഗോള്‍ കൂടി നേടി സ്‌പെയ്ന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പാബ്ലോ സറാബിയ, സെസാര്‍ അസ്പ്ലിക്വേറ്റ, ഫെറാന്‍ ടോറസ്, അല്‍വാരോ മൊറാട്ട, മിഖേല്‍ ഒയാര്‍സബാല്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്.

കോപന്‍ഹേഗന്‍: ലക്ഷണമൊത്ത ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കോപന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ ജയിച്ചുവെന്ന് ഉറപ്പിച്ചിരിക്കെയാണ് ഏഴ് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ക്രൊയേഷ്യ മത്സരം അധിക സമയത്തേക്ക് നീട്ടിയത്. നിശ്ചിത സമയത്ത് 3-3 ആയിരുന്നു ഗോള്‍നില. അധികസമയത്ത് രണ്ട് ഗോള്‍ കൂടി നേടി സ്‌പെയ്ന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പാബ്ലോ സറാബിയ, സെസാര്‍ അസ്പ്ലിക്വേറ്റ, ഫെറാന്‍ ടോറസ്, അല്‍വാരോ മൊറാട്ട, മിഖേല്‍ ഒയാര്‍സബാല്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. മിസ്ലാവ് ഓര്‍സിച്ച്, മാരിയ പാസാലിച്ച് എന്നിവര്‍ ക്രൊയേഷ്യക്ക് വേണ്ടി വലകുലുക്കി. ഒരു ഗോള്‍ സെല്‍ഫായിരുന്നു.

മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ക്രൊയേഷ്യയാണ് ആദ്യ ഗോള്‍ നേടുന്നത്. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണിന്റെ അബദ്ധമായിരുന്നത്. മധ്യനിര താരം സെന്റര്‍ സര്‍ക്കിളിനടുത്ത് നിന്ന് ഗോള്‍ കീപ്പര്‍ക്ക് നീട്ടികൊടുത്ത പന്ത് അനായാസം കാലില്‍ ഒതുക്കാനെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന നിമിഷം സിമോണ്‍ പന്തില്‍ നിന്ന് കണ്ണെടുത്തു. കീപ്പറേയും മറികടന്ന് പന്ത് സാവാധാനം ഗോള്‍വര കടന്നു. 38-ാം മിനിറ്റില്‍ സറാബിയയിലൂടെ സ്‌പെയ്‌നിന്റെ മറുപടി ഗോളെത്തി. കോര്‍ണറിനെ തുടര്‍ന്ന് ക്രോയേഷ്യന്‍ ബോക്‌സിലുണ്ടായ കൂട്ടപോരിച്ചിലില്‍ ജോസ് ലൂയിസ് ഗയയുടെ ഷോട്ട് ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് തടുത്തിട്ടു. എന്നാല്‍ റീബൗണ്ടില്‍ സാറാബിയ വല കുലുക്കി. 

രണ്ടാം പാതിയിലാണ് സ്‌പെയ്ന്‍ ലീഡെടുത്തത്. ഫെറാന്‍ ടോറസ് ഉയര്‍ത്തികൊടുത്ത ക്രോസില്‍ അസ്പ്ലിക്വേറ്റ തലവച്ചു. 76-ാം മിറ്റില്‍ സ്‌പെയ്ന്‍ മൂന്നാം ഗോളും നേടി. പാവു ടോറസിന്റെ മനോഹമായ ഡയഗോണല്‍ പാസില്‍ നിന്ന് ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. ലിവാകോവിച്ചിനെ മാത്രമായിരുന്നു ടോറസിന് കീഴ്‌പ്പെടുത്താനുണ്ടായിരുന്നത്. പിന്നീടായിരുന്നു ട്വിസ്റ്റ്. 86-ാം മിനിറ്റില്‍ ക്രൊയേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചു. സ്പാനിഷ് ബോക്‌സിലെ കൂട്ടപൊരിച്ചിലില്‍ ക്രമാരിച്ച് ഷോട്ടുതിര്‍ത്തു. ഗോള്‍ ലൈനില്‍ അസ്പ്ലിക്വേറ്റ രക്ഷപ്പെത്തി. റീബൗണ്ടില്‍ ഓര്‍സിച്ചിന്റെ ഷോട്ടും ചെല്‍സി താരം രക്ഷപ്പെടുത്തിയെങ്കിലും വീഡിയോ പരിശോധനയില്‍ ഗോളായി. ഇഞ്ചുറി സമയത്ത് ആക്രമണം കടുപ്പിച്ച ക്രൊയേഷ്യ മൂന്നാം ഗോളും നേടി. ഓര്‍സിച്ചിന്റെ ക്രോസില്‍ പസാലിച്ചിന്റെ ഹെഡ്ഡര്‍ ഗോള്‍വര കടന്നതോടെ മത്സരം അധിക സമയത്തേക്ക്. 

ഇത്തവണ സ്‌പെയ്ന്‍ ഒരവസരം പോലും കൊടുത്തില്ല. 100-ാം മിറ്റില്‍ സ്‌പെയ്ന്‍ മുന്നിലെത്തി. അല്‍വാരോ മൊറാട്ടയാണ് വല കുലുക്കിയത്. ഓല്‍മോയുടെ ക്രോസ് ഗോളിന് വഴിയൊരുക്കി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം വിജയമുറപ്പിച്ച ഗോള്‍. ഒയാര്‍സബാളാണ് ഇത്തവണ ഗോള്‍ നേടിയത്. ഓല്‍മോയുടെ ക്രോസ് തന്നെയായിരുന്നു ഇത്തവണയും ഗോളിലേക്കുള്ള വഴി.

click me!