30 മിനിറ്റിൽ ഒരു വട്ടം പോലും പന്ത് തൊട്ടില്ല, ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് താരം ഒയാർസബാൽ

Published : Jun 16, 2026, 03:15 PM IST
Mikel Oyarzabal

Synopsis

അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ 4-3-3 ഫോർമേഷനിലാണ് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ ടീമിനെ ഇറക്കിയത്.

ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ. ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദുർബലരായ കേപ് വെർഡെയ്‌ക്കെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന് പിന്നാലെയാണ് താരത്തെ തേടി ഈ അപ്രതീക്ഷിത റെക്കോർഡെത്തിയത്. മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്ത് തൊടാൻ ഒയാർസബാലിന് സാധിച്ചില്ല. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്രൊവൈഡർമാരായ 'ഒപ്റ്റ'യുടെ കണക്കുകൾ പ്രകാരം, 1966-ൽ ലോകകപ്പ് മുതല്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു താരം ആദ്യ അരമണിക്കൂർ പന്ത് തൊടാതെ മൈതാനത്ത് പൂർണ്ണമായും ഒറ്റപ്പെട്ടുപോകുന്നത് ഇതാദ്യമായാണ്.

കേപ് വെർഡെയുടെ വന്മതിൽ; ഒയാർസബാൽ 'അദൃശ്യനായി'

അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ 4-3-3 ഫോർമേഷനിലാണ് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ ടീമിനെ ഇറക്കിയത്. ഗാവി, ഫെറാൻ ടോറസ് എന്നിവർക്കൊപ്പം മുന്നേറ്റനിരയുടെ മധ്യത്തിലായിരുന്നു റയൽ സൊസീദാദിന്‍റെ മുന്നേറ്റനിരക്കാനായ ഒയാർസബാലിന്‍റെ സ്ഥാനം. എന്നാൽ ലോകകപ്പിലെ തങ്ങളുടെ കന്നി മത്സരത്തിനിറങ്ങിയ കേപ് വെർഡെ ഒരുക്കിയ അഞ്ച് പ്രതിരോധ ഭടന്മാരുടെ മതിൽ ഭേദിക്കാൻ സ്പെയിനായില്ല.

റോഡ്രി, പെഡ്രി, ഫാബിയൻ റൂയിസ് എന്നിവരടങ്ങിയ സ്പാനിഷ് മിഡ്ഫീൽഡിൽ നിന്നുള്ള പാസുകളെല്ലാം കേപ് വെർഡെ പ്രതിരോധം കൃത്യമായി മുറിച്ചു. ഇതോടെ ഒയാർസബാൽ മൈതാനത്ത് പൂർണ്ണമായും ഒറ്റപ്പെട്ടുപോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ സൊസീദാദിനായി 15 ഗോളുകളും 4 അസിസ്റ്റുകളുമായി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന താരത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്.

27 ഷോട്ടുകൾ ഉതിർത്തിട്ടും തുണയ്ക്കാതെ വിധി

എന്നാല്‍ ആദ്യ അരമണിക്കൂറിലെ ഒറ്റപ്പെടലിന് ശേഷം ഒയാർസബാൽ കളിയിലേക്ക് ശക്തമായി തിരിച്ചുവരികയും ലക്ഷ്യത്തിലേക്ക് അഞ്ച് ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. എന്നാൽ ഇതൊന്നുപോലും ഗോളാക്കാനായില്ല. ഒന്നാം പകുതിയുടെ അവസാനത്തിൽ ഫെറാൻ ടോറസിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോൾ ലഭിച്ച റീബൗണ്ടിൽ ഒയാർസബാൽ തൊടുത്ത ഹെഡർ കേപ് വെർഡെയുടെ 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞ അദ്ഭുതകരമായി രക്ഷപ്പെടുത്തി.

മത്സരത്തിന്‍റെ 88-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വണ്ടർ കിഡ് ലാമിൻ യമാൽ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഒയാർസബാൽ തൊടുത്ത ഷോട്ട് കേപ് വെർഡെ ഡിഫെൻഡർ പിചോ ലോപ്പസ് ശരീരം കൊണ്ട് തടുത്തുട്ടുകയും ചെയ്തു. രണ്ടാം പകുതിയിൽ പരിക്ക് മാറി വന്ന ലാമിൻ യമാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ് എന്നിവരെയെല്ലാം കോച്ച് കളത്തിലിറക്കിയെങ്കിലും കേപ് വെർഡെയുടെ പ്രതിരോധം തകർക്കാൻ സ്പെയിന് സാധിച്ചില്ല.

മത്സരത്തിൽ ആകെ 27 ഷോട്ടുകളാണ് സ്പെയിൻ അടിച്ചുകൂട്ടിയത്. എന്നാൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരായ സ്പെയിനെ സമനിലയിൽ തളച്ച കേപ് വെർഡെ വലിയ പ്രശംസയാണ് ഫുട്ബോൾ ലോകത്ത് നിന്നും ഏറ്റുവാങ്ങുന്നത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ സ്പെയിൻ സൗദി അറേബ്യയെ നേരിടും. കേപ് വെർഡെയുടെ അടുത്ത എതിരാളികൾ ഉറുഗ്വേയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ തോൽവി ഇന്നും ഭയപ്പെടുത്തുന്നു, 2022ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല'; ലോകകപ്പിനിറങ്ങും മുൻപ് എംബാപ്പെ
ഫിഫ ലോകകപ്പ് 2026: പറങ്കിപ്പടയുടെ ഗോള്‍യന്ത്രം, റൊണാള്‍ഡോ പോലും പിന്നില്‍