മറ്റൊരു ക്ലബ് തേടാന്‍ ആവശ്യപ്പെട്ട് ബാഴ്‌സലോണ, കടിച്ചുതൂങ്ങി സുവാരസ്; തര്‍ക്കം രൂക്ഷം

By Web TeamFirst Published Sep 14, 2020, 8:16 PM IST
Highlights

സുവാരസിനെ സ്വന്തമാക്കാന്‍ യുവന്റസിന് താല്‍പര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാഴ്‌സയുടെ താല്‍പര്യവും താരത്തെ യുവന്റസിലേക്ക് പറഞ്ഞയക്കുകയെന്നാണ്.

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ പുതിയ പരിശീലകനായ റൊണാള്‍ഡ് കൂമാന്റെ പദ്ധതികളില്‍ ലൂയിസ് സുവാരസിന് സ്ഥാനമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയതാണ്. സുവാരസ് മാത്രമല്ല അര്‍തുറോ വിദാല്‍, ഇവാന്‍ റാകിടിച്ച് എന്നിവര്‍ക്കും ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. റാകിടിച്ച് സെവിയ്യയിലേക്ക് മടങ്ങുകയും ചെയ്തു. വിദാല്‍ ആവട്ടെ ഇന്റര്‍ മിലാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. 

സുവാരസിനെ സ്വന്തമാക്കാന്‍ യുവന്റസിന് താല്‍പര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാഴ്‌സയുടെ താല്‍പര്യവും താരത്തെ യുവന്റസിലേക്ക് പറഞ്ഞയക്കുകയെന്നാണ്. എന്നാല്‍ സുവാരസ് ആവട്ടെ ക്ലബ് വിടാനുള്ള ഭാവമില്ല. ഒരു വര്‍ഷം കൂടി ബാഴ്‌സയില്‍ തുടരണമെന്നാണ് സുവാരസിന്റെ ആവശ്യം. താരം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടെങ്കിലും സൗഹൃദ മത്സരത്തില്‍ കളിപ്പിച്ചിരുന്നില്ല.

ഇക്കാര്യത്തില്‍ ക്ലബും സുവാരസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുവരും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. ബാഴ്‌സയ്‌ക്കൊപ്പം നിര്‍ത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ പ്രതിഫലം വേണമെന്ന നിലപാടിലാണ്. എന്നാല്‍ ഒരുവര്‍ഷത്തെ കരാര്‍ റദ്ദാക്കിയാണ് റാകിടിച്ച് ബാഴ്‌സ വിട്ടത്. 

ഈ സീസണില്‍ സുവാരസിന്റെ കരാര്‍ നടക്കാന്‍ സാധ്യതയില്ലെന്നാണ്  ഫുട്‌ബോള്‍ ലോകം വിശ്വസിക്കുന്നത്. അങ്ങനെവന്നാല്‍ കുമാന്റെ ബാഴ്‌സലോണയില്‍ ബഞ്ചില്‍ ഇരിക്കാനായിരിക്കും സുവാരസിന്റെ വിധി. പകരക്കാരനായി കളിക്കാനാണ് സാധ്യത.

click me!