സ്ലോവാക്യയുടെ സമനില തെറ്റിച്ച് ഫോര്‍സ്ബര്‍ഗിന്റെ പെനാല്‍റ്റി ഗോള്‍; സ്വീഡന് ജയം, ഗ്രൂപ്പില്‍ ഒന്നാമത്

By Web TeamFirst Published Jun 18, 2021, 8:45 PM IST
Highlights

എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡന്റെ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചെത്തിയ സ്ലോവാക്യക്ക് ആ മികവ് സ്വീഡനെതിരെ പുറത്തെടുക്കാനായില്ല.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ സ്ലോവാക്യക്കെതിരായ മത്സരത്തില്‍ സ്വീഡന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡന്റെ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചെത്തിയ സ്ലോവാക്യക്ക് ആ മികവ് സ്വീഡനെതിരെ പുറത്തെടുക്കാനായില്ല. സ്‌പെയ്‌നുമായുള്ള സ്വീഡന്റെ ആദ്യ മത്സരം സമനിലയിലായിരന്നു. 

അഞ്ചാം മിനിറ്റില്‍ സ്ലോവാക്യയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മരേക് ഹംസിക്കിന്റെ കോര്‍ണറില്‍ ജൂറാജ് കുക്ക തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 13-ാ മിനിറ്റില്‍ സ്വീഡന്റെ ആദ്യ ഗോള്‍ ശ്രമം. വലത് വിംഗില്‍ നിന്ന് സെബാസ്റ്റിയന്‍ ലാര്‍സന്റെ ക്രോസില്‍ മിഖായേല്‍ ലസ്റ്റിഗിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. മറുവശത്ത് 20 വാര അകലെ നിന്ന് ഹംസിക് തൊടുത്ത ഷോട്ട് സ്വീഡന്റെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്തായാലും ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങളൊന്നും ഇരുടീമിലേയും ഭാഗത്തുനിന്നുണ്ടായില്ല. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനറ്റില്‍ കുക്കയുടെ ഹെഡ്ഡര്‍ സ്വീഡിഷ് ഗോള്‍ കീപ്പര്‍ റോബിന്‍ ഓള്‍സണ്‍ രക്ഷപ്പെടുത്തി. മത്സരം കൂടുതല്‍ കടുക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിന്റെ ഫലമായി 77-ാം മിനിറ്റില്‍ സ്വീഡന്‍ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടൊണ് ഫോര്‍സ്ബര്‍ഗ് സ്വീഡന് ലീഡ് സമ്മാനിച്ചത്.

ജയത്തോടെ സ്വീഡന് ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി. രണ്ട്  മത്സരങ്ങളില്‍ നാല് പോയിന്റാണ് സ്വീഡന്‍. സ്ലോവാക്യ മൂന്ന് പോയിന്റുമായി മൂന്നാമാണ്. സ്‌പെയ്ന്‍, പോളണ്ട് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

click me!