
സാവോപോളോ: അടുത്ത സീസണായി അവർ പരിശീലനം തുടങ്ങിയിട്ട് അധിക കാലമായില്ല. ആൺകുട്ടികളും പെൺകുട്ടികളുമായി പത്ത് പതിനാറ് പേരുണ്ടായിരുന്നു. ഒന്ന് സെറ്റായി വന്നതായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി ഡെയ്‌വിഡിന് പനി പിടിച്ചപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. പനി ന്യൂമോണിയയ്ക്ക് വഴിമാറി. പിന്നാലെ ഡെയ്‌വിഡ് മരണത്തിന് കീഴടങ്ങി. കളിക്കൂട്ടുകാരന്‍റെ വിയോഗത്തിൽ വിങ്ങിയ ആ കുട്ടികൾ തങ്ങളുടെ കൂടി ഭാഗമായിരുന്ന ഡെയ്‌വിഡിന് നൽകിയ അന്തിമോപചാരത്തിന്‍റെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈലാണ്. ഒരു ടീമായി നിന്ന് ഗോൾ വല കുലുക്കി കൊണ്ട് അവസാന യാത്രയിൽ സെറ ഫെലിസ് ഫുട്‌ബോൾ സ്‌കൂളിലെ കൂട്ടുകാർ അവനെ യാത്രയാക്കി.
ഇന്നലയോളം കൂടെ നിന്ന് പന്ത് തട്ടിയ കൂട്ടുകാരൻ അപ്രതീക്ഷിത വിയോഗം അവരെ എല്ലാവരെയും അക്ഷരാർത്ഥത്തിൽ തളർത്തിയിരുന്നു. ഒരുമിച്ച് നിന്ന് ശത്രുപാളയത്തിൽ ഗോളുകൾ വർഷിക്കാൻ ഇനി അവനില്ലെന്ന തിരിച്ചറിവ് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ തങ്ങളുടെ കൂട്ടുകാരന് അവർ ഒരിക്കലും മറക്കാത്ത യാത്രമൊഴി നൽകി. ആ വിട പറയൽ വീഡിയോ കാഴ്ചക്കാരുടെ ഉള്ളകം ഉലച്ചു.
ബ്രസീലിലെ വടക്കൻ സംസ്ഥാനമായ പാരയിലെ ചെറിയൊരു ഗ്രാമമായ കൂരിയനോപോളിസിലെ സെറ പെലാഡയിലെ സെറ ഫെലിസ് ഫുട്‌ബോൾ സ്‌കൂളിലെ വിദ്യർത്ഥി ആയിരുന്നു ഡെയ്‌വിഡ്. അവനെ ബാധിച്ച പനി പെട്ടന്നൊയിരുന്നു നൂമോണിയ ആയി മാറിയത്.പിന്നാലെ ഓക്ടോബർ ഒന്നിനുണ്ടായ ശ്വാസതടസം ഡെയ്‌വിഡിന്‍റെ ജീവനെടുത്തു. തങ്ങളുടെ കൂട്ടുകാരന് യാത്രാമൊഴി നൽകാനായി ആ കുരുന്നുകൾ അവന്‍റെ ശവമഞ്ചം തങ്ങളുടെ കളി സ്ഥലത്ത് എത്തിച്ച് ഗോൾ പോസ്റ്റിന്‍റെ ഒരു വശത്തായി വെച്ചു. പിന്നെ കൂട്ടുകാരോരുത്തരും പന്ത് പരസ്പരം പാസ് ചെയ്ത് കൊടുത്തു.
ടീമിലെ ഏറ്റവും ചെറിയ കളിക്കാരന്‍ ആ പന്ത് ഡെയ്‌വിഡിന്‍റെ ശവമഞ്ചത്തിന് നേരെ പാസ് ചെയ്തു. പന്ത് ശവമഞ്ചത്തിൽ തട്ടി ഗോൾ പോസ്റ്റിലേക്ക് ഉരുണ്ടു കയറിയപ്പോൾ കൂട്ടുകാരെല്ലാം ഓടിയെത്തി ശവമഞ്ചത്തെ പൊതിയുന്ന കാഴ്ച കണ്ണുനിറയാതെ അല്ലാതെ കാണാനായില്ല. വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. പിന്നാലെ ഡെയ്‌വിഡിനായി സമൂഹ മാധ്യമങ്ങളില്‍ വൈകാരികമായ കുറിപ്പുകളും എത്തി. ഒരു കളിക്കാരന് അവന്‍റെ കൂട്ടുകാർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച യാത്രാമൊഴിയെന്നാണ് വീഡിയോ കണ്ട് ആരാധകര്‍ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!