Latest Videos

ഇന്ത്യന്‍ ഫുട്ബോളിലെ മധുരപ്പതിനൊന്നുകാരന്‍; ആദ്യ ഗോള്‍ പാകിസ്ഥാനെതിരെ, പിന്നീട് നടന്നത്...

By Web TeamFirst Published May 26, 2024, 4:34 PM IST
Highlights

2005ൽ പാക്കിസ്ഥാനെതിരെ ഗോൾ നേടി തുടങ്ങിയ പടയോട്ടം ഇന്ത്യൻ ഫുട്ബോൾ ചരിത്രം മാറ്റിക്കുറിച്ച ഗോൾ വേട്ടക്കാരന്‍റെ ചരിത്ര ഉദയമായിരുന്നു

നീണ്ട 19 വർഷം ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് അയാൾ പടിയിറങ്ങുമ്പോൾ കോടിക്കണക്കിനു കായിക പ്രേമികൾ വീണ്ടും ചോദിക്കുന്നു. ഇനി ആര്?- വിരമിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ കുറിച്ച് മുത്തു മുബാഷ് എഴുതുന്നു...

ഇനിയാര് എന്ന ഒരു വലിയ ചോദ്യം ശതകോടി ഇന്ത്യൻ ജനതക്ക് മുന്നിൽ ബാക്കിയാക്കി അയാളും പടിയിറങ്ങുകയാണ്. നീണ്ട നാൾ തന്‍റെ നാടിന്‍റെ കാല്പന്തു സ്വപ്നങ്ങളെ ബൂട്ടിൽ ആവാഹിച്ചു മുന്നേറിയ നായകൻ ഡഗ് ഔട്ടിന് പുറത്തേക്ക് നടന്നകലുന്നു. കുവൈത്തിനെതിരെ ഉള്ള ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം തന്റെ അവസാന രാജ്യാന്തര മത്സരമെന്ന് അയാള്‍ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ സ്വപ്നങ്ങളിൽ വലിയ മങ്ങൽ ഏൽക്കുന്നു. സമകാലിക ഫുട്ബോളിൽ പറയത്തക്ക മേൽവിലാസം ഒന്നുമില്ലാത്ത ഇന്ത്യ എന്ന രാജ്യത്തിന്റെ ഫുട്ബോൾ സമവാക്യം എന്നത് തന്നെ ഛേത്രി എന്നായിരുന്നു. ലോക ഫുട്ബോളിലെ ആക്റ്റീവ് ഗോൾ സ്കോറർ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലിയോണല്‍ മെസിക്കും മാത്രം പിറകിൽ മൂന്നാമതായി നിലകൊണ്ട് ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച ഇന്ത്യൻ ഇതിഹാസമാണ് ഛേത്രി.

2005ൽ പാക്കിസ്ഥാനെതിരെ ഗോൾ നേടി തുടങ്ങിയ പടയോട്ടം ഇന്ത്യൻ ഫുട്ബോൾ ചരിത്രം മാറ്റിക്കുറിച്ച ഗോൾ വേട്ടക്കാരന്‍റെ ചരിത്ര ഉദയമായിരുന്നു. സാഫ് കപ്പ്‌, നെഹ്‌റു കപ്പ്‌, തുടങ്ങിയ കിരീടങ്ങൾ ഇക്കാലയളവിൽ ഇന്ത്യ നെടുമ്പോൾ അമരക്കാരന്റെ റോളിൽ പ്രതീക്ഷകളുടെ ഭാരവും പേറി ജേഴ്സിയിൽ 11 എന്ന് കുത്തി അയാൾ മൈതാനത്ത് വിയർപ്പൊഴുക്കുന്നുണ്ടായിരുന്നു. അനിവാര്യമായ തലമുറ മാറ്റം ഇന്നിവിടെ സമാഗതമായിരിക്കുന്നു. പ്രായം 39 എങ്കിലും അയാളുടെ ഊർജം ഇപ്പോഴും എപ്പോഴും ഇരുപതുകളിലാണ്. അയാള്‍ പടിയിറങ്ങുമ്പോൾ വലിയ ശൂന്യത ആ മുന്നേറ്റ നിരയിൽ നമുക്ക് കാണാം. ഐ എം വിജയനും ബൂട്ടിയയും ബൂട്ടഴിച്ചാൽ ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരമായി അയാള്‍ അവതരിച്ചെങ്കിൽ, ഇന്നയാൾ പാടിയിറങ്ങുമ്പോൾ ഉത്തരമില്ലാതെ അത് പോലെ ഒരു ചോദ്യം വീണ്ടും ബാക്കി ആയി നിൽക്കുന്നു. 

ക്യാപ്റ്റൻ ആയി, പ്രതീക്ഷയായി, ആവേശമായി നീണ്ട 19 വർഷം ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് അയാൾ പടിയിറങ്ങുമ്പോൾ കോടിക്കണക്കിനു കായിക പ്രേമികൾ വീണ്ടും ചോദിക്കുന്നു. ഇനി ആര്?

Read more: ഇങ്ങനെയൊരു മഴയിലാണ് അന്ന് ഛേത്രി കൂടെക്കൂടിയത്; ഇന്ത്യക്ക് അഞ്ച് ഗോള്‍ ജയം, ഛേത്രിക്ക് ഹാട്രിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!