
മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം. കളിമുറ്റങ്ങളിൽ ഇനി ആവേശത്തിന്‍റെ പന്തുരുളും. ഫിഫ ലോകകപ്പിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇക്കുറി അരങ്ങൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ (അമേരിക്ക, കാനഡ, മെക്സിക്കോ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങൾ നടക്കും.48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ഫുട്ബോൾ ലോകത്തിന്‍റെ പുതിയ രാജാക്കന്മാരെ നിശ്ചയിക്കുന്ന ഫൈനൽ മത്സരം ജൂലൈ 19-ന് ന്യൂയോർക്കിൽ നടക്കും.
നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നിവർ കിരീടം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. കന്നി ലോകകപ്പ് സ്വപ്നവുമായി പോർച്ചുഗലും നെതർലൻഡ്സും എത്തുമ്പോൾ, അട്ടിമറി വീര്യവുമായി മൊറോക്കോയും ജപ്പാനും അണിനിരക്കുന്നു.
ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങളുടെ വിടവാങ്ങൽ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ ലോകകപ്പിന്. ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, ലൂക്ക മോഡ്രിച്ച് തുടങ്ങിയ സൂപ്പർ താരങ്ങളെ ഇനിയൊരു ലോകകപ്പ് വേദിയിൽ കാണാനായേക്കില്ല. അതേസമയം ലാമിൻ യമാൽ, നിക്കോ പാസ് തുടങ്ങിയ യുവതുർക്കികളുടെ പുത്തൻ താരോദയങ്ങൾക്കും ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിച്ചേക്കും. അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250-ാം വാർഷിക വേളയിലാണ് അവിടെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മത്സരത്തിന് ഒന്നര മണിക്കൂർ മുൻപ് വിസ്മയകരമായ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറ ആയിരിക്കും ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനവും ഷക്കീറ ചടങ്ങിൽ അവതരിപ്പിക്കും. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയും മറഡോണയും ലോകകിരീടമുയർത്തിയ ചരിത്രപ്രസിദ്ധമായ മെക്സിക്കോയിലെ ആസ്ടെക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഇതോടെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കൂടുതൽ തവണ വേദിയാകുന്ന സ്റ്റേഡിയമെന്ന റെക്കോർഡും ആസ്ടെക് സ്റ്റേഡിയത്തിന് സ്വന്തമാകും.
മെക്സിക്കോ-ദക്ഷിണാഫ്രിക്ക: കണക്കുകൾ ഇരുടീമുകളും നേർക്കുനേർ വരുന്ന അഞ്ചാമത്തെ മത്സരമാണിത്. മുൻപ് ഏറ്റുമുട്ടിയതിൽ രണ്ട് കളിയിൽ മെക്സിക്കോയും ഒരു കളിയിൽ ദക്ഷിണാഫ്രിക്കയും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!