
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിൽ വെറും 3000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ഒരു സാധാരണ ഗോൾകീപ്പർ. എന്നാൽ ഒരൊറ്റ മത്സരം തീരും മുൻപ് അയാൾ ഇൻസ്റ്റഗ്രാമിൽ 1.7 മില്യൺ ഫോളോവേഴ്സുമായി മില്യണയറാവുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എഞ്ചിനുകളിൽ 'V' എന്ന് ടൈപ്പ് ചെയ്യുമ്പോൾ ലോകം ഇന്ന് ഏറ്റവും കൂടുതൽ തിരയുന്ന ആ പേര് അതിവേഗം ആദ്യം തെളിഞ്ഞു വരുന്നു.
യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിന്‍റെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഇരു കൈകൾ കൊണ്ട് തടുത്തിട്ട്, നാൽപതാം വയസ്സിൽ ഒരു മനുഷ്യൻ ചരിത്രത്തിലേക്ക് സ്വന്തം പേരെഴുതി വെക്കുകയാണ്. ആരാണ് അയാൾ?. സ്പെയിനിന്‍റെ വിശ്വരൂപത്തിന് മുന്നിൽ മാറ് വിരിച്ചു നിന്നവൻ. അവരെ നോവിക്കാനെത്തിയ പന്തുകളെ നെഞ്ചോടണച്ച് മടക്കിയവൻ. ഒരു കുഞ്ഞു രാജ്യത്തിന്റെ വലിയ സ്വപ്നങ്ങൾക്ക് കാവലിരുന്നവൻ.
ഫുട്ബോൾ മുഖ്യധാരയ്ക്ക് അതുവരെ തീർത്തും അപരിചിതനായിരുന്ന അയാളിന്ന് ലോക ഫുട്ബോളിന്റെ പുതിയ ഹീറോയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാലിഗയിലും പന്തുതട്ടുന്ന കോടീശ്വരന്മാരായ സ്ട്രൈക്കർമാരെ നിസ്സഹായരാക്കിയ ആ പേരാളിയുടെ മേൽവിലാസം തെരയുകയാണ് ഇപ്പോൾ കായികലോകം. അയാളുടെ പേര്: വൊസീഞ്ഞ.
വൈകി വന്ന വസന്തം; ചരിത്രം കുറിച്ച പോരാളി പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസിന്‍റെ വലകാക്കുന്ന നാൽപതുകാരനായ വൊസീഞ്ഞയുടെ ഫുട്ബോൾ ജീവിതം അത്ര എളുപ്പമുള്ളതായിരുന്നില്ല. 25-ാം വയസ്സുവരെ ഒരു പ്രൊഫഷണൽ ഫുട്ബോളർ പോലും ആയിരുന്നില്ല ഈ താരം. അവിടെ നിന്നാണ് ലോകകപ്പിന്‍റെ വലിയ വേദിയിൽ സ്പെയിനെപ്പോലൊരു വമ്പൻ ടീമിനെതിരെ അയാൾ ചരിത്രം കൊണ്ട് മതിലുകെട്ടിയത്.
2018-ന് ശേഷം ലോകകപ്പിൽ ബോക്സിനകത്തു നിന്ന് തൊടുത്ത ഇത്രയധികം ഷോട്ടുകൾ ഒരൊറ്റ മത്സരത്തിൽ തടുത്തിട്ട മറ്റൊരു ഗോൾകീപ്പറും ലോകത്തില്ല. ലോകകപ്പിന്റെ ഒടുവിലത്തെ മൂന്ന് എഡിഷനുകളിൽ ഏഴിലധികം ഓൺ-ടാർഗെറ്റ് ഷോട്ടുകൾ നേരിട്ടിട്ടും 'ക്ലീൻ ഷീറ്റ്' (ഒരു ഗോൾ പോലും വഴങ്ങാതിരിക്കുക) സ്വന്തമാക്കിയ അപൂർവ്വം ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ഈ നാൽപതുകാരൻ മനോഹരമായി നടന്നു കയറി.
തങ്ങളുടെ കന്നി ലോകകപ്പിനെത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനെ സമനിലയിൽ തളച്ച് പോയിന്റ് പങ്കുവെക്കുമ്പോൾ, അത് വൊസീഞ്ഞ എന്ന നാൽപതുകാരന്റെ ആനന്ദക്കണ്ണീരാവുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആ കുഞ്ഞു ദ്വീപുരാജ്യത്തിന്റെ തീരങ്ങളിൽ ഇപ്പോൾ ആഘോഷത്തിരമാലകളാണ്. അസാധ്യമായതിനെ സാധ്യമാക്കിയ തങ്ങളുടെ കാവൽമാലാഖയെ നെഞ്ചിലേറ്റുകയാണ് ഒരു രാജ്യം മുഴുവൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!