
ബാഴ്‌സലോണ: സ്പാനിഷ് ഫുട്ബാള്‍ താരം ലമീന്‍ യമാലിന്റെ പിതാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വധ ശ്രമത്തിന് ഇവര്‍ക്കെതിരെ കേസെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് അന്വേഷണം നടത്തുന്ന സ്പാനിഷ് പൊലീസ് പറഞ്ഞു. യാമാലിന്റെ പിതാവായ മുനീര്‍ നസ്രോയിക്ക് ഇന്നലെ സ്പാനിഷ് ടൗണായ മടാറോവില്‍ വെച്ചാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മുനീര്‍ നസ്രോയി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. യൂറോ കപ്പില്‍ മികച്ച പ്രകടനം നടത്തിയ ലമീന്‍ യമാല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മടാറോവിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുകൂടെ വളര്‍ത്തു നായയുമായി നടക്കുന്നതിനിടെ അപരിചിതരായ വ്യക്തികളുമായി യമാലിന്റെ പിതാവ് വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നിരവധി തവണ കുത്തേറ്റത്. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നതിനെക്കുറിച്ച് കറ്റാലന്‍ പൊലിസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ബാഴ്‌സലോണയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള നഗരമാണ് മടാറോ. ഇവിടെയാണ് യമാല്‍ ജനിച്ചതും വളര്‍ന്നതും.
യമാലിന്റെ മുത്തച്ഛനും മുത്തശ്ശിയും ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. ഓരോ തവണയും ഗോളടിച്ചശേഷം യമാല്‍ കൈകള്‍ കൊണ്ട് കാണിക്കുന്ന 304 എന്ന നമ്പര്‍ ഈ പ്രദേശത്തെ പോസ്റ്റല്‍ കോഡാണ്. 15-ാം വയസില്‍ ബാഴ്‌സലോണ കുപ്പായത്തില്‍ അരങ്ങേറിയ യമാല്‍ കഴിഞ്ഞ മാസം നടന്ന യൂറോ കപ്പില്‍ സ്‌പെയിനിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റിലെ മികച്ച യുവതാരമായും യമാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യൂറോ കപ്പില്‍ യമാലിന്റെ കളി കാണാന്‍ 35കാരനായ മൗനിര്‍ നസ്‌റോയി ജര്‍മനിയിലെത്തിയിരുന്നു. ലിയോണല്‍ മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്‌സലോണ ഏറെ പ്രതീക്ഷവെക്കുന്ന കളിക്കാരന്‍ കൂടിയാണ് യമാല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!