ചാമ്പ്യൻസ് ലീഗ്: മരണഗ്രൂപ്പിലെ മരണക്കളികള്‍ തുടങ്ങുന്നു; ഇന്നത്തെ മത്സരങ്ങള്‍ അറിയാം

By Jomit JoseFirst Published Sep 7, 2022, 11:57 AM IST
Highlights

ബുണ്ടസ്‍ ലീഗ ജേതാക്കളായ ബയേൺ മ്യൂണിക്കും ഇറ്റാലിയൻ കരുത്തരായ ഇന്‍റർ മിലാനും നേർക്കുനേർ വരും

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും വമ്പൻ ടീമുകൾ മത്സരത്തിനിറങ്ങും. ബയേൺ മ്യൂണിക്ക്, ഇന്‍റർ മിലാനെ നേരിടും. ലിവർപൂൾ, ബാഴ്സലോണ, അത്‍ലറ്റിക്കോ മാഡ്രിഡ്, ടോട്ടനം ടീമുകളും ഇന്നിറങ്ങും.

മരണപ്പോര് തുടങ്ങുന്നു

ചാമ്പ്യന്‍സ് ലീഗ് മരണഗ്രൂപ്പിലെ ആദ്യ സൂപ്പർപോരാട്ടമാണിന്ന്. ബുണ്ടസ്‍ ലീഗ ജേതാക്കളായ ബയേൺ മ്യൂണിക്കും ഇറ്റാലിയൻ കരുത്തരായ ഇന്‍റർ മിലാനും നേർക്കുനേർ വരും. സീസണിൽ ലീഗ് മത്സരങ്ങളിലെ മോശം തുടക്കം മാറ്റാനാണ് ഇരുവരും ഇറങ്ങുന്നത്. ജർമ്മൻ ലീഗിൽ ബയേൺ മൂന്നാമതും സെരിഎയിൽ ഇന്‍റർ എട്ടാം സ്ഥാനത്തുമാണ്. റൊമേലു ലുക്കാക്കുവിന്‍റെ പരിക്ക് ഇന്‍ററിന് തിരിച്ചടിയാണ്. സാദിയോ മാനെയ്ക്ക് ബയേൺ കുപ്പായത്തിൽ ആദ്യ ചാമ്പ്യൻസ് ലീഗ് പോരാട്ടമാണിത് എന്ന സവിശേഷതയുമുണ്ട്. 

കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിലേക്ക് വീണ കളങ്കം മായ്ക്കാൻ ടീമിനെ ഉടച്ചുവാർത്താണ് ബാഴ്സലോണ ഇറങ്ങുന്നത്. സ്പാനിഷ് ലീഗിൽ ഹാട്രിക് ജയത്തോടെ രണ്ടാമതുള്ള ബാഴ്സയ്ക്ക് ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള വിക്ടോറിയ പ്ലാസനാണ് എതിരാളികൾ. ഇന്‍ററും ബയേണുമുള്ള ഗ്രൂപ്പിൽ നിന്ന് മുന്നോട്ടുപോകാൻ വിക്ടോറിയ പ്ലാസനെതിരെ ബാഴ്സയ്ക്ക് ജയം ഉറപ്പിക്കണം. ക്യാംപ്‌ നൗവിലാണ് മത്സരമെന്നത് കറ്റാലൻ ടീമിന്‍റെ കരുത്ത് കൂട്ടും. നിലവിലെ റണ്ണേഴ്സ് അപ്പായ ലിവർപൂൾ എവേ മത്സരത്തിൽ നാപ്പോളിയെ നേരിടും.

അത്‍ലറ്റിക്കോ മാഡ്രിഡിന് എഫ്സി പോർട്ടോയും ടോട്ടനത്തിന് മാഴ്സയുമാണ് എതിരാളികൾ. ക്ലബ്ബ് ബ്രൂഗെ, ബയർ ലെവർക്യൂസനെ നേരിടും. എല്ലാ കളികളും രാത്രി പന്ത്രണ്ടരയ്ക്കാണ് തുടങ്ങുക. മറ്റ് മത്സരങ്ങളിൽ അയാക്സ്, റേഞ്ചേഴ്സിനെയും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, സ്പോർട്ടിങ്ങിനെയും നേരിടും. രാത്രി പത്തേകാലിനാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. 

കാലിടറി ചെല്‍സി 

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പിഎസ്‌ജി ജയം സ്വന്തമാക്കി. യുവന്‍റസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പിഎസ്‌ജി തോൽപ്പിച്ചത്. പിഎസ്ജിയുടെ രണ്ട് ഗോളും നേടിയത് കിലിയൻ എംബപ്പെയായിരുന്നു. 6, 22 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. അമ്പത്തിമൂന്നാം മിനിറ്റിൽ വെസ്റ്റണ്‍ മെക്കെനിയിലൂടെ വകയായിരുന്നു യുവന്‍റസിന്‍റെ ഗോൾ. അതേസമയം നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും വമ്പൻ ജയത്തോടെ തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിന് സെൽറ്റിക്കിനെ തോൽപ്പിച്ചു. വിനീഷ്യസ് ജൂനിയര്‍, ലൂക്ക മോഡ്രിച്ച്, എയ്ഡൻ ഹസാര്‍ഡ് എന്നിവരാണ് റയലിന്‍റെ സ്കോറര്‍മാര്‍.

എര്‍ലിങ്ങ് ഹാലണ്ടിന്റെ മികവിൽ മാഞ്ചസ്റ്റര്‍ സിറ്റിയും വമ്പൻ ജയം നേടി. എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി സെവിയ്യയെ തകര്‍ത്തത്. ഹാലണ്ട് ഇരട്ട ഗോൾ നേടി. ഫിൽ ഫോഡൻ, റൂബൻ ഡിയാസ് എന്നിവരാണ് സിറ്റിയുടെ മറ്റ് സ്കോറര്‍മാര്‍. അതേസമയം ചെൽസിക്ക് തോൽവി പിണഞ്ഞു. ഡൈനാമോ സാഗ്രെബ് ആണ് ഒറ്റ ഗോളിന് ചെൽസിയെ അട്ടിമറിച്ചത്. പതിമൂന്നാം മിനിറ്റിൽ മിസ്ലാവ് ഓര്‍സിച്ചാണ് വിജയ ഗോൾ നേടിയത്. ജര്‍മ്മൻ ടീം ബൊറൂസിയ ഡോര്‍ഡ്മുണ്ടും തകര്‍പ്പൻ ജയത്തോടെ തുടങ്ങി. എഫ് സി കോപ്പൻഹേഗനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബൊറൂസിയ തോൽപ്പിച്ചത്.  

ചാമ്പ്യന്‍സ് ലീഗ്: ബാഴ്സ ഇത്തവണയും മരണഗ്രൂപ്പില്‍, എതിരാളികളായി ബയേണും ഇന്‍ററും
 


 

tags
click me!