ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍മാര്‍ക്ക് ജയം; ഇനി പ്രീ ക്വാര്‍ട്ടര്‍

By Web TeamFirst Published Dec 12, 2019, 8:43 AM IST
Highlights

ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി വമ്പൻമാർ. സിറ്റിക്കും റയലിനും ബയേണിനും പിഎസ്ജിക്കും ജയം.

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഡൈനാമോ സാഗ്രെബിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി ജയിച്ചത്. ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസ് ഹാട്രിക്ക് നേടി. 34, 50, 54 മിനുട്ടുകളിലായിരുന്നു ജിസ്യൂസിന്‍റെ ഗോളുകൾ. യുവതാരം ഫിൽ ഫോഡൻ പട്ടിക തികച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് സിറ്റി നാല് ഗോളുകളും നേടിയത്. ജയത്തോടെ 14 പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതായി സിറ്റി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.

മറ്റൊരു മത്സരത്തിൽ ബെൽജിയൻ ടീമായ ക്ലബ് ബ്രൂഗെയെ റയൽ മാഡ്രിഡ് തോൽപിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്‍റെ ജയം. റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് റയലിന്‍റെ ഗോളുകൾ നേടിയത്. ലോക്കോമോട്ടീവ് മോസ്കോയെ കീഴടക്കി അത്‍ലറ്റിക്കോ മാഡ്രിഡും പ്രീ ക്വാർട്ടർ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് അത്‍ലറ്റിക്കോയുടെ ജയം. ജാവോ ഫെലിക്സും ഫെലിപ്പെ അഗസ്റ്റോയുമാണ് ഗോൾ നേടിയത്. ഗ്രൂപ്പിൽ 10 പോയിന്‍റുമായി രണ്ടാമതായാണ് അത്‍ലറ്റിക്കോ അവസാന പതിനാറിലെത്തിയത്.

മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസും തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ബയേർ ലവർക്യൂസനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്‍റസ് തോൽപിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ ഹിഗ്വെയ്ൻ എന്നിവരാണ് ഗോളുകൾ നേടിയത്. ഗലറ്റ്സരയെ തകർത്ത് പിഎസ്‍ജിയും അവസാന ഗ്രൂപ്പ് മത്സരം ആഘോഷമാക്കി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് പിഎസ്‍ജിയുടെ ജയം. ഗ്രൂപ്പ് എയിൽ 16 പോയിന്‍റുമായി ഒന്നാമതായാണ് യുവന്‍റസ് ഫിനിഷ് ചെയ്തത്.
 

click me!