Real Madrid Champions : അതിമാനുഷികനായി കോർട്വാ; ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്

Published : May 29, 2022, 03:03 AM ISTUpdated : May 29, 2022, 03:24 AM IST
Real Madrid Champions : അതിമാനുഷികനായി കോർട്വാ; ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്

Synopsis

പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു

പാരീസ്: കോർട്വാ(Thibaut Courtois), ഇത് അയാളുടെ വിജയമാണ്, അയാളുടെ മാത്രം കിരീടമാണ്...ഗോള്‍ബാറിന് കീഴെ കൈവല കെട്ടി കോർട്വാ ലിവർപൂളിനെ(Liverpool FC) വരച്ചുനിർത്തിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന്‍റെ(Vini Jr.) ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം(Real Madrid won UCL). പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ(UEFA Champions League) ഞങ്ങള്‍ തന്നെയാണ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതോടെ ഏഴാം കിരീടത്തിന് ലിവർപൂള്‍ ഇനിയും കാത്തിരിക്കണം. 

കോർട്വായുടെ ആദ്യപകുതി

അതിശക്തമായ സ്റ്റാർട്ടിംഗ് ഇലവനുകളാണ് ഇരു ടീമും അണിനിരത്തിയത്. കിക്കോഫായി രണ്ട് മിനുറ്റിനിടെ ലിവർപൂളിന് അനുകൂലമായി ലഭിച്ച ആദ്യ ഫ്രീകിക്ക് അർനോള്‍ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ മിനുറ്റുകളില്‍ ലിവർപൂള്‍ പന്തിന്‍മേല്‍ കൂടുതല്‍ നിയന്ത്രണം കാട്ടി. പിന്നാലെ ലിവർപൂള്‍ താരങ്ങള്‍ മാറിമാറി കോർട്വാ പരീക്ഷിച്ചു. 16-ാം മിനുറ്റില്‍ തുടർച്ചയായി ലിവർപൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോർട്വായെ മറികടക്കാനായില്ല. തൊട്ടുപിന്നാലെ സലായുടെ ബൂട്ടില്‍ നിന്ന് പറന്ന ബുള്ളറ്റും റയല്‍ ഗോളിയില്‍ അവസാനിച്ചു. 21-ാം മിനുറ്റില്‍ ബോക്സിലെ നൃത്തത്തിനൊടുവില്‍ മാനേ നടത്തിയ പ്രഹരം കോർട്വാ പറന്നുതടുത്തിട്ടു. 

ബെന്‍സേമയ്ക്ക് നിർഭാഗ്യം, ലിവറിന് ആശ്വാസം

25-ാം മിനുറ്റില്‍ ബെന്‍സേമയെ ലക്ഷ്യംവച്ചുള്ള വിനീഷ്യസിന്‍റെ പാസ് ലിവർപൂള്‍ ഗോളി അലിസണ്‍ പിടികൂടി. പിന്നാലെ സലായുടെ ഹെഡർ ശ്രമം കൂടി കോർട്വായില്‍ തട്ടിനിന്നു. അതേസമയം ബോക്സില്‍ വിനിയുടെ മുന്നേറ്റവും പാഴായി. ആദ്യപകുതി തീരാന്‍ അഞ്ച് മിനുറ്റ് ശേഷിക്കേ ലഭിച്ച കോർണറില്‍ നിന്ന് ഹെന്‍ഡേഴ്സന്‍ പൊഴിച്ച മിന്നല്‍ പോസ്റ്റിന് അല്‍പം പുറത്തേക്ക് പാറി. 43-ാം മിനുറ്റില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഫ്ലാഗുയർത്തി. ഏറെ നേരമെടുത്ത് വാർ പരിശോധിച്ചെങ്കിലും ബെന്‍സേമയ്ക്കും റയലിനും നിരാശയായി വിധി. 

വിധിയെഴുതി വിനി

രണ്ടാപകുതിയുടെ തുടക്കത്തില്‍ ഇരു ടീമും ആക്രമിച്ചുകളിക്കാന്‍ ശ്രമിച്ചപ്പോള്‍ 54-ാം മിനുറ്റില്‍ കോർട്വാ മറ്റൊരു മനോഹര സേവുകൂടി മത്സരത്തില്‍ കാഴ്ചവെച്ചു. തൊട്ടുപിന്നാലെ ഡിയാസ്-മിലാറ്റാവോ പോരാട്ടം കയ്യാങ്കളിയുടെ വക്കിലെത്തി. 59-ാം മിനുറ്റില്‍ വാല്‍വർദെയുടെ അസിസ്റ്റില്‍ ആകാരമാർന്ന ഫിനിഷിംഗോടെ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചു. 64-ാം മിനുറ്റില്‍ വീണ്ടും കോർട്വായുടെ മിന്നും സേവ്. പിന്നീടങ്ങോട്ടും കോർട്വായായിരുന്നു കളത്തില്‍ രാജാവ്. ഇതിനിടെ വിനീഷ്യസിന്‍റെ മറ്റൊരു മുന്നേറ്റം ലിവർ പ്രതിരോധം നിർവീര്യമാക്കി. പിന്നീടങ്ങോട്ടും ലിവർപൂള്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ മാറിനിന്നു.  

കോർട്വാ: അയാളെന്തൊരു മനുഷ്യനാണ്!

മത്സരത്തിന്‍റെ അവസാന  മിനുറ്റുകളിലും സലായെയും മാനേയെയും കോർട്വാ തന്‍റെ കൈകള്‍ കൊണ്ട് ബന്ധിച്ചു. ഫിർമിനോ കളത്തിലെത്തിയിട്ടും ഫലം മാറിയില്ല, കോർട്വായുടെ കയ്യും മനസും ഇളകിയില്ല. 90 മിനുറ്റും 5 മിനുറ്റ് ഇഞ്ചുറിടൈമും റയലിനെ കാത്ത് കോർട്വാ സ്പാനിഷ് വമ്പന്‍മാർക്ക് 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തം നല്‍കി. 

സ്റ്റാർട്ടിംഗ് ഇലവനുകള്‍

റയല്‍: കോർട്വാ, കാർവഹാള്‍, മിലിറ്റാവോ, അലാബ, ക്രൂസ്, ബെന്‍സേമ, മോഡ്രിച്ച്, കസിമിറോ, വാല്‍വർദെ, വിനീഷ്യസ്, മെന്‍ഡി. 

ലിവർപൂള്‍: അലിസണ്‍, ഫാബീഞ്ഞോ, വാന്‍ ഡൈക്ക്, കൊനാറ്റേ, തിയാഗോ, മാനേ, സലാ, ഹെന്‍ഡേഴ്സണ്‍, ഡിയാസ്, റോബർട്‍സന്‍, അർനോള്‍ഡ്. 

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും