UEFA Champions League| പിഎസ്ജിയുടെ കടം തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ഇരു ടീമുകളും പ്രീക്വാര്‍ട്ടറില്‍

By Web TeamFirst Published Nov 25, 2021, 10:56 AM IST
Highlights

ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം. കിലിയന്‍ എംബാപ്പെയുടെ (Mbappe) ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് പിഎസ്ജി രണ്ട് ഗോളുകള്‍ വഴങ്ങിയത്.
 

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ (UEFA Champions League) സൂപ്പര്‍പോരില്‍ പിഎസ്ജിക്കെതിരെ (PSG)  മാഞ്ചസ്റ്റര്‍ സിറ്റിക്ക് (Manchester City) ജയം . ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം. കിലിയന്‍ എംബാപ്പെയുടെ (Mbappe) ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് പിഎസ്ജി രണ്ട് ഗോളുകള്‍ വഴങ്ങിയത്. റഹീം സ്റ്റെര്‍ലിങ്, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആദ്യ പാദത്തിലെ തോല്‍വിക്കും സിറ്റി പകരം വീട്ടി. ഗ്രൂപ്പ് ചാംപ്യന്മാരായാണ് സിറ്റി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പിഎസ്ജിയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. 

മറ്റൊരു മത്സരത്തില്‍ ഷെരീഫിനെതിരെ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ ജയിച്ചത്. ഡേവിഡ് അലാബ, ടോണി ക്രൂസ്, കരീം ബെന്‍സെമ എന്നിവരാണ് ഗോളുകള്‍ നേടിയത്. തോല്‍വിയോടെ ഷെരീഫ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. യുറോപ്പ ലീഗ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഷെരീഫ് മത്സരിക്കും. ഷെരീഫ് തോറ്റതോടെ ഇന്റര്‍മിലാനും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. റയലാണ് 12 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്.

അതേസമയം, ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു. എഫ്‌സി പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. തിയാഗോ, മുഹമ്മദ് സലാ എന്നിവരാണ് ഗോള്‍ നേടിയത്. ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ അഞ്ചാം ജയമാണ് ഇത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ പോര്‍ട്ടോ, എസി മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്ക് അവസാന മത്സരം നിര്‍ണായകമാണ്. ഇന്നലെ അത്‌ലറ്റിക്കോ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. എസി മിലാന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചത്. കളി തീരാന്‍ മൂന്ന് മിനുറ്റ് ശേഷിക്കെ ജൂനിയര്‍ മെസിയാസ് ആണ് ഗോള്‍ നേടിയത്.

click me!