
ലിവര്‍പൂള്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടനത്തെയും ലിവർപൂൾ, പോർട്ടോയെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിന്‍റെ തുടർച്ചയായി മാഞ്ചസ്റ്റർ സിറ്റിയും, ടോട്ടനവും നേർക്കുനേർ. ഒന്നാംപാദ മത്സരം ടോട്ടത്തിന്‍റെ ഹോം ഗ്രൗണ്ടിൽ. യൂറോപ്യൻ പോരിൽ ഇരുടീമും നേർക്കുനേർ വരുന്നത് ആദ്യം. സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ജീസസ്, ഡേവിഡ് സിൽവ, കെവിൻ ഡി ബ്രൂയിൻ, റഹീം സ്റ്റെർലിംഗ്, ഫെർണാണ്ടീഞ്ഞോ തുടങ്ങിയവർ അണിനിരക്കുന്ന താരനിരയാണ് സിറ്റിയുടെ കരുത്ത്. അഗ്യൂറോയുടെ പരുക്ക് പെപ് ഗാർഡിയോളയുടെ സിറ്റിക്ക് തിരിച്ചടിയായേക്കും.
ഹാരി കെയ്ൻ സോൻ ഹ്യുംഗ് മിൻ, ക്രിസ്റ്റ്യൻ എറിക്സൺ, ഡെലെ അലി എന്നിവരിലാണ് മൗറിസിയോ പൊച്ചെറ്റീനോ പരിശീലിപ്പിക്കുന്ന ടോട്ടനത്തിന്‍റെ പ്രതീക്ഷ.
പ്രീമിയർ ലീഗിലെ കുതിപ്പ് ചാമ്പ്യൻസ് ലീഗിലും തുടരാനിറങ്ങുന്ന ലിവർപൂളിന് കണക്കുകൾ തുണയാവും. യൂറോപ്യൻ പോരിൽ പോർട്ടോയ്ക്ക് ഇതുവരെ ലിവർപൂളിനെ തോൽപിക്കാനായിട്ടില്ല. സാദിയോ മാനെ, റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ ത്രയമാണ് ലിവർപൂളിന്‍റെ കരുത്ത്. 2004ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന പോർട്ടോയ്ക്ക് യുർഗൻ ക്ലോപ്പിന്‍റെ തന്ത്രങ്ങളെ അതിജീവിക്കുക എളുപ്പമാവില്ല. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.
നാളെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസ് അയാക്സിനെയും ലിയോണൽ മെസ്സിയുടെ ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!