ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് ഇന്ന് വമ്പന്‍ പോരാട്ടം

By Web TeamFirst Published Nov 26, 2019, 8:22 AM IST
Highlights

നോക്കൗണ്ട് റൗണ്ടിലേക്കുള്ള സാധ്യത നിലനിർത്തുന്നതിനൊപ്പം പാരീസിൽ ഏറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് സിനദിൻ സിദാന്റെ റയൽ മാഡ്രിഡിന്

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. റയൽ മാഡ്രിഡ് രാത്രി ഒന്നരയ്‌ക്ക് പിഎസ്ജിയെ നേരിടും. യുവന്‍റസ്, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി ക്ലബുകൾക്കും ഇന്ന് മത്സരമുണ്ട്. ഗ്രൂപ്പ് എയിൽ നാല് കളിയും ജയിച്ച് സുരക്ഷിത നിലയിലാണ് പാരിസ് സെന്‍റ് ജെർമെയ്ൻ. 12 പോയിന്റുമായി പിഎസ്‌ജി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഏഴ് പോയിന്‍റുമാത്രമുള്ള റയൽ മാഡ്രിഡിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം.

നോക്കൗണ്ട് റൗണ്ടിലേക്കുള്ള സാധ്യത നിലനിർത്തുന്നതിനൊപ്പം പാരീസിൽ ഏറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് സിനദിൻ സിദാന്റെ റയൽ മാഡ്രിഡിന്. ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പിഎസ്‌ജിയുടെ ജയം. നെയ്‌മറും എംബാപ്പേയും കൂടി തിരിച്ചെമ്പോൾ ഹോം ഗ്രൗണ്ടിലാണെങ്കിലും റയലിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. കരീം ബെൻസേമയുടെ ബൂട്ടുകളെയാണ് റയൽ ഉറ്റുനോക്കുന്നത്. ഗാരെത് ബെയ്ൽ, റോഡ്രിഗോ, ഹസാർഡ് എന്നിവരെയും മുന്നേറ്റനിരയിലേക്ക് പരിഗണിക്കുന്നു. 

ഇറ്റാലിയൻ ചാമ്പ്യന്‍മാരായ യുവന്റസിന് ഹോം ഗ്രൗണ്ടിൽ അത്‍ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരുക്ക് മാറിയെത്തുമ്പോൾ പരുക്കേറ്റ ഡഗ്ലസ് കോസ്റ്റയും മത്യാസ് ഡി ലിറ്റും യുവന്റസ് നിരയിലുണ്ടാവില്ല. ഗ്രൂപ്പ് ഡിയിൽ യുവന്റസ് പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഏഴ് പോയിന്‍റുള്ള അത്‍ലറ്റിക്കോ രണ്ടാമതും. ജയിച്ചാൽ യുവന്റസിന് നോക്കൗട്ട് റൗണ്ടിൽ സ്ഥാനമുറപ്പാക്കും. 

മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ ഷക്താർ ഡോണസ്കിനെയാണ് നേരിടുക. ഹോം ഗ്രൗണ്ടിൽ അഞ്ചാം മത്സരത്തിന് ഇറങ്ങുമ്പോൾ പത്തു പോയിന്‍റാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. ആദ്യപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച സിറ്റിക്ക് ഹോം ഗ്രൗണ്ടിലും വലിയ വെല്ലുവിളി ഉണ്ടാവാനിടയില്ല. ഇന്ന് ജയിച്ചാൽ സിറ്റിയും നോക്കൗണ്ട് റൗണ്ടിലേക്ക് മുന്നേറും. 

പുതിയ കോച്ച് ഹൊസെ മോറീഞ്ഞോയ്ക്ക് കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് ഇറങ്ങുന്ന ടോട്ടനത്തിന് ഒളിംപിയാക്കോസാണ് എതിരാളി. ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മോറീഞ്ഞോയെ തൃപ്തിപ്പെടുത്തില്ല. 12 പോയിന്‍റുമായി ബയേൺ നിലഭദ്രമാക്കിയപ്പോൾ ഏഴ് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ടോട്ടനം. എല്ലാ കളിയും രാത്രി ഒന്നരയ്‌ക്കാണ് തുടങ്ങുക.

click me!