സൂപ്പര്‍ ലീഗ്: ഫിഫയുടെ അനുനയം തള്ളി യുവേഫ, പിന്‍മാറാത്ത ക്ലബുകളെ വിലക്കുമെന്ന് വീണ്ടും മുന്നറിയിപ്പ്

By Web TeamFirst Published May 7, 2021, 8:34 AM IST
Highlights

യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ലബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യുവേഫ നിലപാട് ശക്തമാക്കുന്നത്.

മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ലബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ലബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ലബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യുവേഫ നിലപാട് ശക്തമാക്കുന്നത്. സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ടീമുകൾക്ക് ചാമ്പ്യൻസ് ലീഗിൽ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്താനാണ് നീക്കം. 

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും യുവന്റസിന്റേയും നേതൃത്വത്തിൽ പന്ത്രണ്ട് ക്ലബുകളാണ് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. യുവേഫയുടെയും ആരാധകരുടേയും മുൻതാരങ്ങളുടേയും ശക്തമായ എതിർപ്പ് വന്നതോടെ ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടനം, അത്‍ലറ്റിക്കോ മാഡ്രിഡ് ടീമുകൾ സൂപ്പർ ലീഗിൽ നിന്ന് പിൻമാറി. 

റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ്, എ സി മിലാൻ ടീമുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. വിലക്കോ മറ്റെന്തെങ്കിലും നടപടിയോ സ്വീകരിക്കുന്നതിന് പകരം ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫിഫ പ്രസി‍ഡന്റ് ജിയാനി ഇൻഫാന്റിനോ നിർദേശിച്ചത്. എന്നാല്‍ അനുമതിയില്ലാത്ത ടൂർണമെന്റുകളോ കൂട്ടായ്മകളോ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ മറുപടി നൽകിയത്. സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ ദേശീയ ടീമുകളിൽ നിന്ന് വിലക്കുമെന്നും യുവേഫ ആവർത്തിച്ചു.

ഇതേസമയം, കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ സൂപ്പർ ലീഗ് അല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ്, എ സി മിലാൻ ക്ലബുകളുടെ നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!