യുവേഫ വിലക്ക് പിന്‍വലിച്ചു; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് കളിക്കാം

By Web TeamFirst Published Jul 13, 2020, 3:01 PM IST
Highlights

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ചാംപ്യന്‍സ് ലീഗില്‍ യുവേഫ ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി.

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ചാംപ്യന്‍സ് ലീഗില്‍ യുവേഫ ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ സിറ്റിക്ക് അടുത്ത രണ്ട് സീസണിലും ചാംപ്യന്‍സ് ലീഗ് കളിക്കാമെന്നായി. യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങള്‍ ക്ലബ് അധികൃതര്‍ ലംഘിച്ചിരുന്നു. മാത്രമല്ല, യുവേഫയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്ന് ഈ വര്‍ഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരെ സിറ്റി ഗ്രൂപ്പ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

നേരത്തെ തീരുമാനിച്ചിരുന്ന അത്ര തുക പിഴ അടയ്‌ക്കേണ്ടതില്ലെന്നും യുവേഫ വിധിച്ചു. 30 മില്യണ്‍ യൂറോയാണ് പിഴ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം 10 മില്യണ്‍ യൂറോ പിഴയായി നല്‍കിയാല്‍ മതി. പീമിയര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. ഇപ്പോള്‍ നടന്നു വരുന്ന ചാംപ്യന്‍സ് ലീഗ് സീസണിന്റെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെ നേരിടാനിരിക്കുകയാണ് ഇംഗ്ലിഷ് ക്ലബ്.

ജര്‍മന്‍ മാസികയായ 'ദെര്‍ സ്പീഗലാണ് സിറ്റിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്. 2012-2016 കാലയളവില്‍ സിറ്റിയുടെ പല ഇടപാടുകളും യുവേഫ ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്ന സൂചനകള്‍ അതിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് യുവേഫ അന്വേഷണം തുടങ്ങിയത്.

click me!