ഗോളടിച്ചും അടിപ്പിച്ചും സിചെങ്കോ, സൂപ്പര്‍സബായി ദൊവ്ബിക്; സ്വീഡന്റെ ഹൃദയം തകര്‍ത്ത് ഉക്രയ്ന്‍ ക്വാര്‍ട്ടറില്‍

By Web TeamFirst Published Jun 30, 2021, 3:36 AM IST
Highlights

ഒരു ഗോള്‍ നേടുന്നതിനോടൊപ്പം നിര്‍ണായക ഗോളിന് വഴിയൊരുക്കിയ അലക്‌സാണ്ടര്‍ സിചെങ്കോയാണ്  ഷെവ്‌ചെങ്കോയുടെ ടീമിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്.

ഗ്ലാസ്‌ഗോ: യൂറോയില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു മത്സരം കൂടി. അധികസമയത്തേക്ക് നീണ്ട പ്രീകോര്‍ട്ടര്‍ പോരില്‍ ഉക്രയ്ന്‍ ഒന്നിനെതിരെ രണ്ട് ഗോളിന്  സ്വീഡനെ തോല്‍പ്പിച്ചു. ഒരു ഗോള്‍ നേടുന്നതിനോടൊപ്പം നിര്‍ണായക ഗോളിന് വഴിയൊരുക്കുകയും ചെയ്ത അലക്‌സാണ്ടര്‍ സിചെങ്കോയാണ്  ഷെവ്‌ചെങ്കോയുടെ ടീമിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്. അധിക സമയത്തിന്റെ ഇഞ്ചുറി സമയത്ത് അര്‍ട്ടം ദൊവ്ബിക്കാണ് വിജയഗോള്‍ നേടിയത്. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ ഉക്രയ്‌നിന്റെ എതിരാളി.

 മത്സരത്തില്‍ മുന്‍തൂക്കം സ്വീഡനായിരുന്നെങ്കിലും 11-ാ മിനിറ്റില്‍ ഉക്രയ്നാണ് ആക്രമണത്തിന് തുടക്കമിട്ടത്. റോമന്‍ യാരേംചുകിന്റെ ഗോള്‍ ശ്രമം സ്വീഡന്‍ ഗോള്‍ കീപ്പര്‍ റോബിന്‍ ഓള്‍സണ്‍ രക്ഷപ്പെടുത്തി. 27-ാം മിനിറ്റില്‍ ഗോള്‍ പിറക്കും വരെ ഉക്രയ്‌നിന്റെ ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ പോലും സ്വീഡനായിരുന്നില്ല. മാഞ്ചസ്റ്റര്‍ സിറ്റി താരം സിചെങ്കോയുടെ തര്‍പ്പന്‍ ഗോളാണ് ഉക്രയ്‌നിന് ലീഡ് സമ്മാനിക്കുന്നത്. വലത് വിംഗില്‍ നിന്നും അന്ദ്രേ യാര്‍മലെങ്കോ നല്‍കിയ ക്രോസ് ഫാര്‍ പോസ്റ്റില്‍ സിചെങ്കോ സ്വീകരിച്ചു. നിലത്ത് കുത്തി ഉയര്‍ന്നയുടനെ സിചെങ്കോയുടെ ഷോട്ട് ഗോള്‍ കീപ്പറെ കീഴടക്കി. 

ഗോള്‍ വീണതോടെ സ്വീഡന്‍ ഉണര്‍ന്നു. 30-ാം മിനിറ്റില്‍ സ്വീഡനും ഉക്രയ്ന്‍ ഗോള്‍ കീപ്പര്‍ ജ്യോര്‍ജി ബുഷ്ചാനിനെ പരീക്ഷിച്ചു. സെബാസ്റ്റ്യന്‍ ലാര്‍സണിന്റെ ഫ്രീകിക്ക് ബുഷ്ചാന്‍ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ സ്വീഡന്‍ ഒപ്പമെത്തി. അലക്‌സാണ്ടര്‍ ഇസാഖിന്റെ പാസ് സ്വീകരിച്ച എമില്‍ ഫോര്‍സ്ബര്‍ഗ് ബോക്‌സിന് പുറത്ത് നിന്ന് ഷോട്ടുതിര്‍ത്തു. പ്രതിരോധതാരം ഇല്യ സബര്‍നിയുടെ കാല്‍തട്ടി ദിശമാറി പന്ത് ഗോള്‍വര കടന്നു. 

ഉക്രയ്ന്‍ താരം സെര്‍ജി സിഡോര്‍ചുകിന്റെ ഷോട്ട് സ്വീഡന്റെ പോസ്റ്റില്‍ തട്ടി തെറിക്കുന്നത് കണ്ടാണ് രണ്ടാം പാതി തുടങ്ങിയത്. 56-ാം മിനിറ്റില്‍ ഫോര്‍സ്ബര്‍ഗിന്റെ ഒരു ശ്രമവും പോസ്റ്റില്‍ തട്ടി തെറിച്ചു. 69-ാം മിനിറ്റിലും ഫോര്‍സബര്‍ഗ് ഇതുതന്നെ ആവര്‍ത്തിച്ചു. ഇത്തവണ ക്രോസ് ബാറാണ് വില്ലനായത്. മത്സരം നിശ്ചിതസമയത്ത് 1-1.

അധികസമയത്ത് സ്വീഡിഷ് താരം മാര്‍കസ് ഡാനില്‍സണ്‍ ചുവപ്പുകാര്‍ഡുമായി മടങ്ങിയത് മത്സരത്തിലെ വഴിത്തിരിവായി. ബെസേഡിനെ ചവിട്ടി വീഴ്ത്തിയതിനായിരുന്നു ചുവപ്പുകാര്‍ഡ്. ഇതോടെ മത്സരം ഉക്രയ്‌നിന്റെ വരുതിയിലായി. അധികസമയത്തിന്റെ ഇഞ്ചുറി സമയത്ത് ഉക്രയ്ന്‍ ഗോള്‍ നേടുകയും ചെയ്തു. സിചെങ്കോ ഇടത് വിംഗില്‍ നിന്ന് ഉയര്‍ത്തികൊടുത്ത ക്രോസില്‍ പകരക്കാനായി വന്ന അര്‍ട്ടം ദൊവ്ബിക് തലവച്ചു. ഉക്രയ്‌നിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത്.

click me!