
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്രയ്ക്ക് അന്ത്യം. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റിയെ തകര്‍ത്തത്. രണ്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും 50ആം മിനുറ്റില്‍ ലൂക് ഷോയുമാണ് യുണൈറ്റഡിനായി വലകുലുക്കിയത്.
വിവിധ ലീഗുകളില്‍ തുടര്‍ച്ചയായി 21 മത്സരങ്ങളില്‍ ജയിച്ചാണ് സിറ്റി തോല്‍വിയറിഞ്ഞത്. തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് ലീഗില്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ വീണ്ടും തോല്‍വിയറിഞ്ഞു. ഫുള്‍ഹാം എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് മാരിയോ ലെമിനയാണ് ഫുള്‍ഹാമിന്റെ നിര്‍ണായക ഗോള്‍ നേടിയത്. മുഹമ്മദ് സലായുടെ പിഴവില്‍ നിന്നായിരുന്നു ഫുള്‍ഹാമിന്റെ ഗോള്‍.
ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്. ബേണ്‍ലി, ബ്രൈറ്റണ്‍, മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടന്‍, ചെല്‍സി എന്നിവരാണ് ഫുള്‍ഹാമിന് മുന്‍പ് ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിനെ തോല്‍പിച്ചത്. 2012ന് ശേഷം ആദ്യമായാണ് ഫുള്‍ഹാം ആന്‍ഫീല്‍ഡില്‍ ജയിക്കുന്നത്. സീസണിലെ ഒന്‍പതാം തോല്‍വി നേരിട്ട ലിവര്‍പൂള്‍ 43 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അഞ്ചാം ജയം സ്വന്തമാക്കിയ ഫുള്‍ഹാമിന് 26 പോയിന്റുണ്ടെങ്കിലും ഇപ്പോഴും തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനായിട്ടില്ല.
ടോട്ടനം വമ്പന്‍ ജയം നേടി. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ടോട്ടനം തകര്‍ത്തത്. ഗരെത് ബെയ്ല്‍, ഹാരി കെയ്ന്‍ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ക്രിസ്റ്റ്യന്‍ ബെന്റക്കേയാണ് ടോട്ടനത്തിന്റെ ആശ്വാസഗോള്‍ നേടിയത്. ലീഗില്‍ 45 പോയിന്റുമായി ടോട്ടനം ആറാം സ്ഥാനത്താണ്.
മാഡ്രിഡ് സാര്‍ബി സമനിലയില്‍
സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ മാഡ്രിഡ് ഡാര്‍ബിയില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്. കളിതീരാന്‍ രണ്ടുമിനിറ്റുള്ളപ്പോള്‍ കരീം ബെന്‍സേമ നേടിയ ഗോളാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നിലവിലെ ചാംപ്യന്മാരെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. കാസിമിറോയുടെ പാസില്‍ നിന്നായിരുന്നു ബെന്‍സേമയുടെ സമനില ഗോള്‍. പതിനഞ്ചാം മിനിറ്റില്‍ ലൂയിസ് സുവരാസിന്റെ ഗോളിലൂടെയാണ് അത്‌ലറ്റിക്കോ മുന്നിലെത്തിയത്. 59 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 54 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്തും. 56 പോയിന്റുള്ള ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!