ഫുട്ബോളിന് മുന്നില്‍ ഒടുവിൽ അമേരിക്ക അയഞ്ഞു; ലോകകപ്പിൽ ഇറാൻ ടീമിനുള്ള യാത്രാവിലക്കുകളിൽ ഇളവ്

Published : Jun 24, 2026, 12:26 PM IST
Donald Trump-Iran Football Team

Synopsis

പുതിയ ഇളവുകൾ പ്രകാരം ബുധനാഴ്ച മെക്സിക്കോയിലെ ടിജുവാനയിലുള്ള തങ്ങളുടെ ബേസ് ക്യാമ്പിൽ നിന്ന് ഇറാൻ ടീം സിയാറ്റിലിലേക്ക് തിരിക്കും. വ്യാഴാഴ്ച അവർ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പരിശീലനം നടത്തും.

സിയാറ്റിൽ: ഇറാൻ ഫുട്ബോൾ ടീമിന് ലോകകപ്പ് വേദിയിൽ താൽക്കാലിക ആശ്വാസം. ടൂർണമെന്‍റിലുടനീളം കടുത്ത യാത്രാവിലക്കുകൾ നേരിടുന്ന ഇറാൻ ടീമിന് മേലുള്ള നിയന്ത്രണങ്ങളിൽ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇളവ് വരുത്തി. സിയാറ്റിലിൽ നടക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തിന് രണ്ട് ദിവസം മുൻപ് തന്നെ യു.എസിലേക്ക് പ്രവേശിക്കാൻ ഇറാൻ ടീമിന് അനുമതി ലഭിച്ചു. ഇറാൻ-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് കടുത്ത യാത്രാ നിയന്ത്രണങ്ങളായിരുന്നു അമേരിക്ക ഇറാൻ ടീമിന് മേൽ ചുമത്തിയിരുന്നത്. ഇതിനെതിരെ മറ്റ് 47 ടീമുകൾക്ക് നൽകുന്ന തുല്യ പരിഗണനയെങ്കിലും തങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി ഇറാൻ ടീം 'ഫെയർ പ്ലേ' വാദമുയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ അമേരിക്കയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായത്.

പുതിയ ഇളവുകൾ പ്രകാരം ബുധനാഴ്ച മെക്സിക്കോയിലെ ടിജുവാനയിലുള്ള തങ്ങളുടെ ബേസ് ക്യാമ്പിൽ നിന്ന് ഇറാൻ ടീം സിയാറ്റിലിലേക്ക് തിരിക്കും. വ്യാഴാഴ്ച അവർ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പരിശീലനം നടത്തും. എന്നാൽ, വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് ശേഷം ടീം ഉടൻ തന്നെ യു.എസ് വിടണമെന്ന കടുത്ത നിബന്ധനയിൽ മാറ്റമില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ മത്സരത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ് യു.എസിൽ പ്രവേശിക്കാൻ ഇറാന് അനുമതി ഉണ്ടായിരുന്നത്. ഇത് കളിക്കാരുടെ വിശ്രമത്തെയും പ്രകടനത്തെയും വല്ലാതെ ബാധിച്ചതായി ഇറാൻ കോച്ച് അമീർ ഗാലെനോയിയും നായകൻ അലിറേസ ജഹാൻബക്ഷും പരസ്യമായി പരാതിപ്പെട്ടിരുന്നു. ബെൽജിയവുമായുള്ള മത്സരത്തിന് മുൻപ് വെറും 5 മണിക്കൂർ മാത്രമാണ് ടീമിന് യാത്രയ്ക്കായി നീക്കിവെക്കേണ്ടി വന്നത്. മത്സര സ്ഥലങ്ങളിലേക്കുള്ള ദൂരക്കൂടുതൽ കണക്കിലെടുത്താണ് ഇപ്പോൾ രണ്ട് ദിവസം മുൻപ് യാത്ര ചെയ്യാൻ വൈറ്റ് ഹൗസ് ഫിഫ ടാസ്ക് ഫോഴ്സ് അനുമതി നൽകിയത്.

ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഫുട്ബോൾ കളിക്കാനാണ്, രാഷ്ട്രീയത്തിനല്ല എന്ന് കോച്ച് വ്യക്തമാക്കിയെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത സമ്മർദ്ദങ്ങളിലൂടെയാണ് ടീം കടന്നുപോകുന്നത്. യുദ്ധത്തിന്‍റെ തുടക്കത്തിൽ ഇറാനിലെ ഒരു പ്രൈമറി സ്കൂളിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 കുട്ടികളുടെ സ്മരണാർത്ഥം ജാക്കറ്റിൽ '168' എന്ന് രേഖപ്പെടുത്തിയ സ്വർണ്ണ പിൻ ധരിച്ചാണ് കളിക്കാർ ടൂർണമെന്റിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിന് ശേഷം സോഫി സ്റ്റേഡിയത്തിലെ ഡ്രെസ്സിങ് റൂമിൽ എല്ലാ രാജ്യങ്ങൾക്കിടയിലും സമാധാനം വേണമെന്ന കുറിപ്പും അവർ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ടിജുവാനയിൽ നടന്ന ഇറാന്‍റെ അവസാന പരിശീലന സെഷനിലും മൈതാനത്ത് '168' എന്ന് രേഖപ്പെടുത്തിയ നാല് ചെറിയ പതാകകൾ കളിക്കാർ സ്ഥാപിച്ചിരുന്നു.

അതേസമയം, സിയാറ്റിലിൽ ഇറാന്‍റെ അടുത്ത എതിരാളികളായ ഈജിപ്ത് ടീം ഉന്നയിച്ച സമാനമായ ആവശ്യം ഫിഫ തള്ളി. വാൻകൂവറിൽ നടന്ന മത്സരത്തിന് ശേഷം നേരിട്ട് സിയാറ്റിലിലേക്ക് പറക്കാൻ ഈജിപ്ത് അനുമതി തേടിയിരുന്നെങ്കിലും അവസാന നിമിഷത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഫിഫ ഇത് നിരസിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഈജിപ്ത് തങ്ങളുടെ ബേസ് ക്യാമ്പായ സ്പോക്കെയ്നിലേക്ക് മടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു നിസാര കാര്യത്തിൽ തുടങ്ങിയ പിണക്കം, അന്ന് ഒരു 'യെസ്' പറയാൻ നൈക്കി മടിച്ചു, നഷ്ടപ്പെട്ടത് സാക്ഷാൽ മെസിയെ; അഡിഡാസിന്റെ തലവര മാറ്റിയ കഥ
പരിക്കൊഴിഞ്ഞു നെയ്മർ തിരിച്ചെത്തി, സ്കോട്ട്‌ലൻഡിനെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ സസ്പെന്‍സ് പൊളിക്കാതെ ആഞ്ചലോട്ടി