
ബാഴ്‌സലോണ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പിലായിരുന്നു റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അര്‍ജന്റീന രണ്ട് ഗോളിന് ജയിക്കുകയും ചെയ്തു. അലക്‌സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് ഗോള്‍ നേടിയത്. ലിയോണല്‍ മെസി പെനാല്‍റ്റി നഷ്ടമാക്കിയെങ്കിലും കളം നിറഞ്ഞ് കളിച്ച മത്സരം കൂടിയായിരുന്നത്. മത്സരശേഷം മെസിയും ലെവന്‍ഡോസ്‌കിയും സംസാരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മെസി ബാഴ്‌സലോണയില്‍ നിന്ന് പോയതിന് ശേഷം ക്ലബിലെത്തിയ താരമാണ് ലെവന്‍ഡോസ്‌കി. ബാഴ്‌സയ്ക്ക് വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടാന്‍ പോളണ്ട് സ്‌ട്രൈക്കര്‍ര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാലിപ്പോള്‍ മറ്റൊരു ആഗ്രഹം വ്യക്തമാക്കിയിരിക്കുയാണ് ലെവ. മെസിക്കൊപ്പം കളിക്കണമെന്നുള്ളതാണത്. ലെവ പറഞ്ഞതിങ്ങനെ... ''വിരമിക്കുന്നതിന് മുന്പ് ഒരിക്കലെങ്കിലും മെസിക്കൊപ്പം കളിക്കണം. സഹതാരങ്ങള്‍ക്ക് പന്തെത്തിക്കാന്‍ ഒരു മടിയുമില്ലാത്ത താരമാണ് മെസി. അങ്ങനെയൊരു പ്ലേ മേക്കര്‍ക്കൊപ്പം കളിക്കാന്‍ ഏതൊരു മുന്നേറ്റനിര താരവും ആഗ്രഹിക്കും.''
മെസിയെ തിരികെ ബാഴ്‌സലോണയിലേക്ക് എത്തിക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് ലെവന്‍ഡോവ്‌സ്‌കിയും ഇങ്ങനെ ഒരാഗ്രഹം പങ്കുവയ്ക്കുന്നത്. ഇതിനിടെ മെസി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാക്കാല്‍ ധാരാണയായതണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലബ് ഭാരവാഹികളും മെസിയും തമ്മില്‍ കരാര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ നടക്കും. പിഎസ്ജിയുമായുള്ള മെസിയുടെ രണ്ട് വര്‍ഷ കരാര്‍ ഈ സീസണിനൊടുവില്‍ അവസാനിക്കും.
കരാര്‍ നീട്ടാന്‍ ക്ലബ് ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാം ലോകകപ്പിന് ശേഷം പറയാമെന്നായിരുന്നു മെസിയുടെ ഇതുവരെയുള്ള പ്രതികരണം. ലോകകപ്പെന്ന തന്റെ ഏറ്റവും വലിയ സ്വപ്നം മെസ്സി സാക്ഷാത്കരിച്ച മെസിക്ക് മുന്നിലുള്ള വലിയ ചോദ്യം അടുത്ത സീസണില്‍ ഏത് ക്ലബിലേക്കെന്നുള്ളതാണ്. പിഎസ്ജിയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ മെസിയും ക്ലബ്ബും വാക്കാല്‍ ധാരണയിലെത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.