പരമ്പര തൂത്തുവാരിയതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമായിരുന്നു.
ധാക്ക: ബംഗ്ലാദേശ് ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ധാക്കയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ (29), ആര്‍ അശ്വിന്‍ (42), അക്‌സര്‍ പട്ടേല്‍ (34) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മെഹ്ദി ഹസന്‍ മിറാസ് ബംഗ്ലാദേശിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
വിജയിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മത്സരശേഷം പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍... ''മധ്യനിര ബാറ്റര്‍മാരില്‍ വിശ്വാസമുണ്ടായിയിരുന്നു. ഈ മത്സരം ജയിക്കാന്‍ ആവശ്യമായ താരങ്ങള്‍ ടീമിലുണ്ട്. അത്രത്തോളം ക്രിക്കറ്റ് കളിച്ചവരാണ് ടീമിലുള്ള താരങ്ങള്‍. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ട്രാക്കായിരുന്നു ധാക്കയിലേത്. അതുകൊണ്ടുതന്നെ ഡ്രസിംഗ് റൂമില്‍ ഞങ്ങളും ടെന്‍ഷനിലായിരുന്നു. ബംഗ്ലാദേശ് രണ്ട് ഇന്നിംഗ്‌സിലും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. പന്ത് പഴകിയാല്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സധിക്കുമായിരുന്നു. പുതിയ പന്തില്‍ ആര് കളിക്കുമെന്നുള്ളത് മാത്രമായിരുന്നു സംശയം. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മത്സരം ജയിക്കാന്‍ സാധിച്ചു.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.
പരമ്പര തൂത്തുവാരിയതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമായിരുന്നു. ബംഗ്ലാദേശ്-ഇന്ത്യ രണ്ടാം ടെസ്റ്റിന് ശേഷമുള്ള പുതുക്കിയ പട്ടിക പ്രകാരം ഓസ്ട്രേലിയ തന്നെയാണ് തലപ്പത്ത്. 13 മത്സരങ്ങളില്‍ 120 പോയിന്റും 76.92 പോയിന്റ് ശരാശരിയുമാണ് ഓസീസിന്റെ സമ്പാദ്യം. രണ്ടാമതുള്ള ഇന്ത്യക്കുള്ളത് 14 കളിയില്‍ 87 പോയിന്റും 58.93 പോയിന്റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ കളിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഫെബ്രുവരി 17-21 തിയതികളില്‍ ദില്ലിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും. ഓസ്‌ട്രേലിയക്കെതിരായ പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടാനാവും. ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരിയില്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 4-0ന്റെ വിജയം അനിവാര്യമായി വരുമായിരുന്നു.
"ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്തൂ"; വന്‍ തിരിച്ചടിയുമായി അര്‍ജന്‍റീനന്‍ ആരാധകര്‍
