
ഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് 2024ല്‍ അവിശ്വസനീയവും അസാധാരണവുമായ രാത്രിയായിരുന്നു സ്ലോവേനിയക്കെതിരെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. എക്‌സ്‌ട്രാടൈമിനിടെ പെനാൽറ്റി പാഴാക്കിയ റൊണാൾഡോ കളിക്കളത്തിൽ പൊട്ടിക്കരഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് തന്നെ ലക്ഷ്യത്തിലെത്തിച്ച് ഇതിന് റോണോ ക്ഷമാപണം നടത്തുന്നതും കളത്തില്‍ കണ്ടു.
പതിനെട്ടടവും പയറ്റിയിട്ടും അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരന് യൂറോ 2024ല്‍ ഗോള്‍ലൈന്‍ ഭേദിക്കാനായില്ല. എക്സ്ട്രാടൈമിൽ പോർച്ചുഗലിനെ മുന്നിലെത്തിക്കാനുള്ള സുവർണാവസരം റൊണാൾഡോ പാഴാക്കുന്നത് കണ്ട് കാൽപ്പന്തുലോകം തരിച്ചിരുന്നു. സ്ലോവേനിയന്‍ ഗോളി ഒബ്ലാക്കിന് മുന്നില്‍ ഷോട്ട് പിഴച്ചതോടെ ഇതിഹാസ താരം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. സഹതാരങ്ങൾ നായകനെ ആശ്വസിപ്പിക്കുമ്പോൾ ഗാലറിയിൽ കണ്ണീരണിഞ്ഞ അമ്മ മരിയ സാന്‍റോസ് അവെയ്റോ മറ്റൊരു നൊമ്പരമായി. സ്ലോവേനിയ-പോര്‍ച്ചുഗല്‍ പോരാട്ടത്തിന്‍റെ എക്സ്ട്രാടൈമും ഗോള്‍രഹിതമായി അവസാനിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് സിആര്‍7 ആരാധകരോട് ക്ഷമാപണം നടത്തുന്ന കാഴ്‌ച മറ്റൊരു അപൂര്‍വതയായി. സ്ലോവേനിയന്‍ താരങ്ങളുടെ തുടര്‍ച്ചയായി മൂന്ന് കിക്കുകള്‍ തടഞ്ഞിട്ട പോര്‍ച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ ഐതിഹാസിക മികവിൽ പറങ്കികള്‍ ക്വാർട്ടറിലേക്ക് മുന്നേറുമ്പോൾ റൊണാൾഡോയ്ക്ക് ആശ്വാസത്തിന്‍റെ സന്തോഷ കണ്ണീരായി ആ നിമിഷങ്ങള്‍. മുപ്പത്തിയൊൻപതുകാരനായ റൊണാൾഡോയെ കോച്ച് റോബർട്ടോ മാർട്ടിനസും സഹതാരങ്ങളും ആശ്വസിപ്പിച്ചും അഭിനന്ദിച്ചും കയ്യടിവാങ്ങുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!