
ദോഹ: ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ രോമാഞ്ചം കൊള്ളുകയായിരുന്നു ആ സമയം. മത്സരത്തിലെ ഹീറോയും ക്യാപ്റ്റനുമായ ഗുർപ്രീത് സിംഗും ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനും നേതൃത്വം കൊടുത്ത വൈക്കിങ് ക്ലാപ്പ് മൈതാനത്ത് അലയടിച്ചു. ആവേശത്തില്‍ എണ്ണയൊഴിച്ച് ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരും ആടിത്തിമിര്‍ത്തപ്പോള്‍ വീര സമനിലയ്‌ക്ക് ഒരു ജയത്തിന്‍റെ പ്രതീതിയായി.
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ വിജയത്തിന് തുല്യമായ സമനിലയാണ് ഖത്തറിനെതിരെ ഇന്ത്യ നേടിയത്. ഗോള്‍കീപ്പര്‍ ഗുർപ്രീത് സിംഗ് സന്ധുവിന്‍റെ വമ്പന്‍ സേവുകളാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.
ഖത്തറും ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധുവും തമ്മിലായിരുന്നു മത്സരം. ഏഷ്യൻ ചാമ്പ്യൻമാർ അവരുടെ തട്ടകത്തിൽ ഇരുപത്തിയേഴ് തവണ ഇന്ത്യൻ പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ഗുർപ്രീത് പതറിയില്ല. പനികാരണം വിട്ടുനിന്ന സുനിൽ ഛേത്രിക്ക് പകരം ഇന്ത്യയെ നയിച്ച ഗുർപ്രീത് അക്ഷരാർഥത്തിൽ ഇന്ത്യയുടെ നായകനാവുകയായിരുന്നു. ആദ്യപകുതിയിൽ കളത്തിൽ ഖത്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാംപകുതിയിൽ ഇന്ത്യ അൽപമുണർന്നു. വമ്പൻ ജയം ലക്ഷ്യമിട്ടിറങ്ങിയ ഖത്തറിനെ ഇന്ത്യ വിറപ്പിച്ചത് രണ്ടുതവണമാത്രം. മലയാളിതാരം സഹൽ അബ്ദുൽ സമദും ഉദാന്ത സിംഗും. 65-ാം മിനുറ്റില്‍ സഹലിന്‍റെ ഉഗ്രന്‍ വോളി ഗോള്‍ബാറിനെ ഉരുമി കടന്നുപോയപ്പോള്‍ ഗാലറി നിശബ്‌ദമായി. 81-ാം മിനുറ്റില്‍ ഉദാന്തയുടെ കര്‍വ് ഷോട്ടും തലനാരിഴയ്‌ക്കാണ് ഗോളാകാതെ പോയത്. എന്നാല്‍ അവസാന മിനിറ്റുകളിൽ ഗോൾവഴങ്ങുന്ന പതിവ് ഇക്കുറി ഇന്ത്യ മാറ്റിവരച്ചു.
ഗുർപ്രീതിനൊപ്പം സന്ദേശ് ജിംഗാൻ, ആദിൽ ഖാൻ, രാഹുൽ ബെക്കേ, മന്ദർ റാവുദേശായ് എന്നിവർകൂടി തളരാതെ പൊരുതിയപ്പോൾ ഇന്ത്യക്ക് വിജയത്തിന് തുല്യമായ സമനില. ഒരുപോയിന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!