ഖത്തറിനെ തളച്ച് ഗുര്‍പ്രീത്; ഏഷ്യന്‍ ചാമ്പ്യന്‍മാരോട് ഇന്ത്യക്ക് വീറുറ്റ സമനില

By Web TeamFirst Published Sep 10, 2019, 11:58 PM IST
Highlights

ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്‍റെ വമ്പന്‍ സേവുകളാണ് മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്

ദോഹ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഗുര്‍പ്രീത് സിംഗ് പാറിപ്പറന്നപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ പിടിച്ചുകെട്ടി ഇന്ത്യ. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്‍റെ വമ്പന്‍ സേവുകളാണ് മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ സ്റ്റിമാച്ചിന്‍റെ പടയ്‌ക്കായി. 

ഇതിഹാസ താരം സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് അവസരം നല്‍കി. ശ്രദ്ധേയമായ നീക്കങ്ങളോടെ സഹല്‍ ഗാലറിയില്‍ മലയാളി ആരാധകരെ ത്രസിപ്പിച്ചപ്പോള്‍ ഗുര്‍പ്രീതിന്‍റെ കൈകളാണ് ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ഗോള്‍ബാറിനെ ഭേദിക്കാന്‍ ഗുര്‍പ്രീത് അനുവദിച്ചില്ല.

മറുവശത്ത് ഒമാനെതിരായ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ഛേത്രിയില്ലാത്ത മുന്നേറ്റനിര കാര്യമായ ആക്രമണം പുറത്തെടുത്തില്ല. ഉദാന്ത സിംഗിന്‍റെ ചില നീക്കങ്ങളൊഴിച്ചാല്‍ ഖത്തര്‍ ഗോള്‍മുഖം അധികം പരീക്ഷിക്കപ്പെട്ടില്ല. അവസാന മിനുറ്റുകളില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ സ്റ്റിമാച്ച് പരീക്ഷിച്ചെങ്കിലും വല ചലിച്ചില്ല. 

click me!