
കൊച്ചി: കണക്കുകള്‍ വീട്ടാനുള്ളതാണ് എന്ന പൊതുതത്വം ഐഎസ്എല്ലില്‍ ആവര്‍ത്തിക്കുകയായിരുന്നു ഇന്നലെ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പാദത്തില്‍ ഒഡിഷ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടതിന് പലിശ സഹിതം 86-ാം മിനുറ്റില്‍ സന്ദീപ് സിംഗിന്‍റെ മിന്നും ഹെഡറിലൂടെ മറുപടി നല്‍കുകയായിരുന്നു കൊമ്പന്‍മാര്‍. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ മഞ്ഞപ്പട ആരാധകര്‍ക്ക് നന്ദി പറയാന്‍ മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മറന്നില്ല.
ഒഡിഷയ്ക്കെതിരായ ത്രില്ലര്‍ വിജയം വൈക്കിംഗ് ക്ലാപ്പോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകന്‍ ഇവാന്‍ വുമോമനോവിച്ചും ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്‌സിന്‍റെ ആഘോഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത് നിര്‍ണായക സേവുകളുമായി തിളങ്ങിയ ഗോളി പ്രഭ്‌സുഖന്‍ ഗില്ലാണ്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുല്‍ സമദും രാഹുല്‍ കെപിയുമെല്ലാം വൈക്കിംഗ് ക്ലാപ്പില്‍ പങ്കെടുത്തു. പിന്നാലെ സ്റ്റേഡിയത്തെ വലംവെച്ച് ആരാധകരുടെ പിന്തുണയ്ക്ക് മഞ്ഞപ്പടയുടെ താരങ്ങള്‍ നന്ദി അറിയിച്ചു. വൈക്കിംഗ് ക്ലാപ്പില്‍ ഗ്യാലറിയിലെ മഞ്ഞപ്പട ഇളകിമറിഞ്ഞതോടെ കലൂര്‍ സ്റ്റേഡിയം ആവേശഭരിതമായി.
കൊച്ചിയില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകരെ നിരാശരാക്കി തുടക്കത്തിലെ തണുപ്പന്‍ കളിയാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്‌ചവെച്ചത്. ആദ്യപകുതിയില്‍ ആക്രമണങ്ങളുമായി മുന്നിട്ടുനിന്നത് ഒഡിഷയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലേയുണ്ടായിരുന്നില്ല. ഇരു ടീമുകള്‍ക്കും 45 മിനുറ്റില്‍ ഗോള്‍ നേടാനായില്ല. ഗോള്‍രഹിത സമനിലയിലേക്ക് എന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് 86-ാം മിനുറ്റില്‍ സന്ദീപ് സിംഗിന്‍റെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍(1-0) പിറന്നത്. രണ്ടാംപകുതിയില്‍ ഗംഭീര പ്രകടനവുമായി സഹല്‍ അബ്‌ദുല്‍ സമദ് നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്. അവസാന മിനുറ്റുകളില്‍ നിഹാലിന്‍റെ അതിവേഗ മുന്നേറ്റങ്ങളും മഞ്ഞപ്പട ആരാധകര്‍ക്ക് ആവേശമായി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മഞ്ഞപ്പട മൂന്നാമതെത്തി.
സിംഹമായി സഹല്‍, ഫിനിഷറായി സന്ദീപ്; ഒഡിഷയോട് കണക്കുവീട്ടി ബ്ലാസ്റ്റേഴ്‌സ്