
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് പോലൊരു സുരക്ഷിത ഹോം താവളത്തില്‍ നിന്ന് മധ്യനിര താരം സഹല്‍ അബ്ദുള്‍ സമദ് കൊല്‍ക്കത്തന്‍ ക്ലബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിലേക്ക് ചേക്കേറിയത് യാഥർശ്ചികമല്ല. സഹലിനെ ടീമിലേക്ക് എത്തിക്കണമെന്ന് ക്ലബിന് മാത്രമല്ല മറൈൻസ് ആരാധകർക്കും ഒരുപോലെ ആഗ്രഹമുണ്ടായിരുന്നു. സഹലിനെ ക്ലബിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് പുറത്തുവിട്ട വീഡിയോയില്‍ ആരാധകരുടെ ഈ ആവശ്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് കാണാം.
'സൂപ്പർ ജയന്‍റ് സൈനിംഗ്' എന്നാണ് സഹലിനെ കൂടാരത്തിലെത്തിച്ചതിനെ മോഹന്‍ ബഗാന്‍ വിശേഷിപ്പിക്കുന്നത്. 'മറൈനേഴ്സ്... കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു, സൂപ്പർ ജയന്‍റ് സൈനിംഗിന്‍റെ സമയമാണിത്' എന്നാണ് സഹലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിന്‍റെ വീഡിയോയുടെ തലവാചകം. കൊല്‍ക്കത്തയുടെ പ്രൗഢിയും മോഹന്‍ ബഗാന്‍ ക്ലബിന്‍റെ ചരിത്രവും ആരാധക പ്രതികരണങ്ങളും സഹലിന്‍റെ ഗോളുകളുമെല്ലാം ഒരു മിനുറ്റും 34 സെക്കന്‍ഡും ദൈർഘ്യമുള്ള സ്വാഗത വീഡിയോയിലുണ്ട്. ന്യൂ മറൈനർ എന്നാണ് സഹലിനെ ക്ലബ് വിശേഷിപ്പിക്കുന്നത്. 2 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് സഹലിനെ കൊല്‍ക്കത്തന്‍ ക്ലബ് റാഞ്ചിയത് എന്നാണ് റിപ്പോർട്ടുകള്‍. 90 ലക്ഷം രൂപ ട്രാന്‍സ്ഫർ ഫീയായി കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും.
ഐഎസ്എല്‍ 2023-24 സീസണിന് മുമ്പ് നടക്കുന്ന ഏറ്റവും വലിയ താരകൈമാറ്റമാണ് സഹല്‍ അബ്ദുള്‍ സമദിന്‍റേത്. രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തിയത്. യുഎഇയില്‍ നിന്ന് വന്ന മലയാളി പയ്യന്‍ പിന്നീട് ക്ലബിന്‍റെയും ദേശീയ ടീമിന്‍റേയും ശ്രദ്ധാകേന്ദ്രമായി മാറി. കെബിഎഫ്സിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
Read more: ഹൃദയഭേദകം; കരച്ചില്‍ അടക്കിപ്പിടിച്ച് സഹല്‍ അബ്ദുള്‍ സമദിന് മഞ്ഞപ്പടയുടെ യാത്രയപ്പ്, ആശംസ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം