അയർലൻഡ് വാട്ടർഫോർഡ് സെവൻസ്; വാട്ടർഫോർട്ട് ടൈഗേർസും ഗോൾവേ ഗ്യാലക്സിയും ജേതാക്കൾ

By Web TeamFirst Published Oct 29, 2019, 12:00 PM IST
Highlights

അണ്ടർ30 ലെജൻഡ് വിഭാഗത്തിൽ ഗാൽവേ ഗാലക്ക്‌സിജേതാക്കളായി. മുപ്പതു വയസിനു മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ ആതിഥേയരായ വാട്ടർഫോഡ് ടൈഗേഴ്‌സ് തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി.

ഡബ്ലിന്‍: ആരവങ്ങളൊടുങ്ങിയ ഉൽസവപ്പറമ്പുകളിലും ലോംഗ് വിസിൽ മുഴങ്ങിയ കളിക്കളങ്ങളിലും  അവശേഷിക്കുന്ന കുറെ ഓർമ്മകളുണ്ട്.ദിവസങ്ങളെടുക്കുംചിലത് മനസ്സിൽ നിന്ന് മായാൻ. മനം നിറയുന്ന ഉൽസവക്കാഴ്ചകൾ, ആവേശത്തിലാറിടിച്ച ഗോൾ മുഖത്തെ പോരാട്ടങ്ങൾ, മഴവില്ല് പോലെ വീണ്ടും വീണ്ടും തെളിഞ്ഞ് വരും മനക്കണ്ണിൽ ചില കാഴ്ചകൾ.

വാട്ടർഫോഡ്  ടൈഗേഴ്‌സ് സംഘടിപ്പിച്ച മൂന്നാമത് സെവൻസ് ഫുട്ബോൾ  മേളയുടെ സമാപനത്തോടെ  അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളി പ്രവാസി സമൂഹം. ഫുട്ബോൾ എന്ന ലോകത്ത ഏറ്റവും മനോഹരമായ വിനോദത്തിന്റെ ഉപാസകർ ഓർമ്മയിൽ എന്നും സൂക്ഷിക്കാനൊരു കൂട്ടായ്മയുടെ മണിച്ചെപ്പുമായിട്ടാണവർ വാട്ടർഫോഡിൽ  നിന്ന് വിട പറഞ്ഞത്. വാട്ടർഫോഡ് ബാലിഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ  ഇന്നലെ നടന്ന സെവൻസ് മേളയിൽ അയർലണ്ടിൽ നിന്നുള്ള പതിമൂന്നു ടീമുകളാണ് പങ്കെടുത്തത്.

രണ്ടുവിഭാഗങ്ങളിലായി നടന്ന ഫുട്ബോൾ മേളയിൽ അണ്ടർ30 ലെജൻഡ് വിഭാഗത്തിൽ ഗാൽവേ ഗാലക്ക്‌സിജേതാക്കളായി. ഫൈനൽമത്സരത്തിൽ ഐറിഷ് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയാണ് ഗോൾവേ ഗാലക്സി കന്നി കിരീടം സ്വന്തമാക്കിയത്. മുപ്പതു വയസിനു മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ ആതിഥേയരായ വാട്ടർഫോഡ് ടൈഗേഴ്‌സ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഐറിഷ് ബ്ലാസ്റ്റേഴ്‌സ് ഓൾ സ്റ്റാർസിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി.

ലെജൻഡ് വിഭാഗത്തിൽ ബോളേഴ്‌സ് എഫ് സിയുടെ  സ്റ്റിജോ മികച്ചതാരമായി. ബോളേഴ്‌സ് എഫ് സിയുടെ തന്നെ നിഖിലാണ് മികച്ച ഗോൾകീപ്പർ. മികച്ച പ്രതിരോധനിര താരമായി ഗോൾവേ ഗാലക്ക്‌സിയുടെ റമീസിനെയും തിരഞ്ഞെടുത്തു.മാസ്റ്റേഴ്സ് വിഭാഗത്തിൽ മൂന്നു വ്യക്തിഗത സമ്മാനങ്ങളും നേടി വാട്ടർഫോഡ് ടൈഗേഴ്‌സ് മികവ് പുലർത്തി. മികച്ച താരമായി ഷിബു തോമസും, മികച്ച പ്രതിരോധനിര താരമായി അനൂപ് ജോണും,മികച്ച ഗോൾകീപ്പറായി സോജനും വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ അഭിമാനം വാനോളം ഉയർത്തി.

ആത്യന്തികമായി ഫുട്ബോൾ ഒരു മൽസരമാണ്, വിജയപരാജയങ്ങൾ വിലയിരുത്തപ്പെടും പക്ഷേ മൽസരാവേശത്തിനിടയിലും മൽസരാർത്ഥികളും കാണികളായെത്തിയ കുടുംബാംഗങ്ങളും പ്രകടിപ്പിച്ച സ്പോര്‍ട്സ് മാൻ സ്പിരിറ്റും സഹകരണമനോഭാവവും അയർലണ്ടിലെ മലയാളി പ്രവാസി സമൂഹം ലോകത്തിന് മുന്നിൽ കാഴ്ച വെച്ച ഒരു വേറിട്ട കാഴ്ചയായി.

വ്യത്യസ്ത രുചിക്കൂട്ടുകളുടെ സമ്മേളനമായ ഹോളി ഗ്രെയിൽ ഭക്ഷ്യമേള കാൽപ്പന്ത് പ്രേമികൾക്ക് മാത്രമുള്ളതല്ല ഇത്തരം കൂട്ടായ്മകൾ എന്നുള്ളതിന് തെളിവായി. മൽസരത്തിനെത്തിയ കളിക്കാരുടെ സഹകരണ മനോഭാവവും കളിയോടുള്ള മനോഭാവവും ഭാവിയിൽ ഇതിലും ഭംഗിയായി മൽസരം നടത്താനുള്ള ഊർജ്ജമാണ് പകർന്ന് നൽകിയത്.

പൂരപ്പറമ്പുകളിൽ നിന്ന് പിൻവാങ്ങുമ്പോൾ മനസ്സിൽ അറിയാതെരൂപം കൊള്ളുന്ന ഒരു നഷ്ടബോധമുണ്ട്, ഒരു സുഖമുള്ള നോവു പോലെ. അങ്ങനെ ഒരു മാനസികാവസ്ഥയിലായിരുന്നു വാട്ടർഫോർഡ് സെവൻസ് മേളയ്ക്ക് കൊടിയിറങ്ങിയപ്പോൾ അയർലണ്ടിലെ മലയാളി പ്രവാസി സമൂഹം യാത്ര പറഞ്ഞ് പിരിഞ്ഞത്.

click me!