
ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിനായി ഇന്ത്യൻ ടീം ദോഹയിലെത്തി. ചൊവ്വാഴ്ച കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ഒമാനെതിരെ കൈപ്പിടിയിലായ ജയം കളഞ്ഞു കുളിച്ചാണ് സുനിൽ ഛേത്രിയും സംഘവും ദോഹയിലെത്തിയിരിക്കുന്നത്. 82 മിനിറ്റുവരെ ഒരുഗോളിന് മുന്നിലായിരുന്നു ഇന്ത്യ.അവസാന എട്ട് മിനിറ്റിൽ രണ്ടുഗോൾ വഴങ്ങിയതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്കേറ്റത് കനത്ത പ്രഹരം.
ചൊവ്വാഴ്ച ഇന്ത്യയെ കാത്തിരിക്കുന്നത് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ. തോൽവി ഒഴിവാക്കണമെങ്കിൽതന്നെ ഇന്ത്യ മരിച്ച് കളിക്കേണ്ടിവരും. ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിമൂന്നും ഖത്തർ അറുപത്തിരണ്ടും സ്ഥാനത്താണ്.ദോഹയിലെ
ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരം. നാൽപത് ഡിഗ്രി ചൂടായതിനാൽ ഇന്ത്യൻ സമയം രാത്രി പത്തിനാണ് കളി തുടങ്ങുക.
അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളികൾ. ഒമാനെതിരെ ആഷിഖിന് മാത്രമാണ് ആദ്യഇലവനിൽ ഇടംകിട്ടിയത്. സഹലിനെ അവസാന നിമിഷങ്ങളിലാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കിയത്. ഖത്തറിനെതിരായ കളിയൽ ടീമിൽ നാലോ അഞ്ചോ മാറ്റമുണ്ടാവുമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു.
ഗ്രൂപ്പിലെ ഏറ്റവും ശക്തർക്കെതിരെ ഇന്ത്യക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാവുമെന്നും സ്റ്റിമാച്ച് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!