സിറ്റി- ബേണ്‍ലി മത്സരത്തിനിടെ വെളുത്ത വര്‍ഗക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബാനര്‍; വിവാദം കൊഴുക്കുന്നു

By Web TeamFirst Published Jun 23, 2020, 2:54 PM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബാനര്‍ ഉയര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് വിവാദം കൊഴുക്കുന്നു.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബാനര്‍ ഉയര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് വിവാദം കൊഴുക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റി- ബേണ്‍ലി മത്സരത്തിനിടെ വെളുത്ത വര്‍ഗക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറന്നത്. യുഎസില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ലോകവ്യാപകമായി ഉടലെടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഭവം.

കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ നടക്കുന്ന ക്യാംപെയ്‌നിന്റെ ഇരു ടീമുകളിലെയും താരങ്ങള്‍ സ്റ്റേഡിയത്തില്‍ മുട്ടുകുത്തിനിന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേസമയത്താണ് 'വൈറ്റ് ലൈവ്‌സ് മാറ്റര്‍ ബേണ്‍ലി' എന്നെഴുതിയ കൂറ്റന്‍ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളില്‍ പറന്നത്. മത്സരം നടക്കുന്ന സമയത്തും വിമാനം സ്റ്റേഡിയത്തിനു മുകളില്‍ വട്ടമിട്ടു പറന്നു. 

കറുത്ത വര്‍ഗക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ടീമുകളുടെയും താരങ്ങള്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്നെഴുതിയ ജഴ്‌സിയുമായാണ് കളത്തിലിറങ്ങുന്നത്. അതേസമയം, മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളില്‍ പ്രത്യക്ഷപ്പെട്ട ബാനറുമായി ക്ലബ്ബിന് യാതൊരു ബന്ധവുമില്ലെന്ന് ബേണ്‍ലി മാനേജ്‌മെന്റ് വ്യക്തമാക്കി. പ്രീമിയര്‍ ലീഗ് അധികൃതരോടും മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബിനോടും 'ബ്ലാക്ക് ലൈവ്‌സ് ക്യാംപെയ്‌ന്റെ ഭാഗമായ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ക്ലബ് അറിയിച്ചു.

click me!