രാഷ്‌ട്രീയമായി വളരുന്നു, താരം മെലിയുന്നു; ഒരു ട്വീറ്റില്‍ റെഡ് കാര്‍ഡ് കിട്ടി ഓസിലിന്‍റെ കരിയര്‍

By Web TeamFirst Published Oct 28, 2020, 11:20 AM IST
Highlights

ഉയിഗുറുകളെ പിന്തുണയ്‌ക്കുന്ന തുര്‍ക്കിയിലെ വിഭാഗങ്ങളും മറ്റിടങ്ങളിലെ ആരാധകരും ഓസിലിന്‍റെ നിലപാടിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഫുട്ബോള്‍ ചതുരത്തില്‍ അതൊരു വന്‍ വീഴ്‌ചയുടെ തുടക്കമായിരുന്നു. 

മെസ്യൂട്ട് ഓസില്‍, കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ ഫുട്ബോള്‍ ലോകം അടക്കിവാണിരുന്ന സൂപ്പര്‍ പേരുകളിലൊന്ന്. അസിസ്റ്റ് കിംഗ്‌ എന്നും ജര്‍മന്‍ മെസിയെന്നും വാഴ്‌ത്തപ്പെട്ട വിങ് മാന്ത്രികന്‍ ഇപ്പോള്‍ മൈതാനത്ത് നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. മാര്‍ച്ച് മാസത്തിന് ശേഷം നാളിതുവരെ ഗണ്ണേഴ്‌സിന്‍റെ കുപ്പായത്തില്‍ ഓസിലിനെ ആരാധകര്‍ കണ്ടിട്ടില്ല. പ്രീമിയര്‍ ലീഗിനുള്ള സ്‌ക്വാഡില്‍ നിന്നുവരെ സൂപ്പര്‍താരത്തിന്‍റെ പേര് ക്ലബ് നിഷ്‌കരുണം വെട്ടിക്കളഞ്ഞിരിക്കുന്നു. എന്താണ് ആഴ്‌സണലില്‍ ഓസിലിന് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു ട്വീറ്റില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ആഴ്‌സണലില്‍ ഓസിലിന്‍റെ കരിയര്‍ ത്രിശങ്കുവിലാക്കിയത് എന്ന് നിരീക്ഷിക്കുന്നു ഫുട്ബോള്‍ ലോകത്തെ വിദഗ്‌ധര്‍. അത്ഭുതാവഹമായ വിവരങ്ങളുള്‍പ്പടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം. 

ഒരു ട്വീറ്റിലാണ് എല്ലാം ആരംഭിച്ചത്, കഴിഞ്ഞ വർഷം ഡിസംബറിൽ. സിൻജിയാങ് പ്രവിശ്യയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗുറുകളോടുള്ള ചൈനയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ മൗനത്തെയും പരസ്യമായി അപലപിച്ചു ആഴ്‌സണലിന്‍റെ ജര്‍മന്‍ ഫുട്ബോളര്‍ മെസ്യൂട്ട് ഓസില്‍. ഏറെക്കാലമായി ഫുട്ബോളിലെ മനുഷ്യന്‍ എന്ന പര്യായം പേറുന്ന താരത്തിന്‍റെ ഒരു രാഷ്‌ട്രീയ പ്രഖ്യാപനമായിരുന്നു അത്. ഉയിഗുറുകള്‍ അനുഭവിക്കേണ്ടിവരുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുകയോ മുട്ടാപ്പോക്ക് ന്യായം പറയുകയോ ചെയ്യുന്ന ചൈനയുടെ മുഖത്തടിച്ച അടിയും. കാരണം, ഉയിഗുറുകളെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ്. ഉയിഗുറുകളെ പിന്തുണയ്‌ക്കുന്ന തുര്‍ക്കിയിലെ വിഭാഗങ്ങളും മറ്റിടങ്ങളിലെ ആരാധകരും ഓസിലിന്‍റെ നിലപാടിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഫുട്ബോള്‍ ചതുരത്തില്‍ അതൊരു വന്‍ വീഴ്‌ചയുടെ തുടക്കമായിരുന്നു. 

ഫുട്ബോളില്‍ ചെറുതല്ല ചൈന

സുഹൃത്തുക്കളും ഉപദേശകരും ആഴ്‌സണല്‍ മിഡ് ഫീല്‍ഡറായ ഓസിലിന് അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു... 'ചൈനീസ് മാര്‍ക്കറ്റില്‍ നിന്ന് ഓസില്‍ അപ്രത്യക്ഷമാകും. രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ വീബോയിലെ ആറ് മില്യണ്‍ ഫോളോവേഴ്‌സ് നീക്കംചെയ്യപ്പെടും. 50,000 അംഗങ്ങളുള്ള ഫാന്‍ ക്ലബിന് വിരാമമാകും. മാത്രമല്ല, ഒരിക്കലും ചൈനയില്‍ ഇനി ബൂട്ടണിയാന്‍ ഓസിലിന് കഴിയില്ല. ചൈനീസ് ഉടമസ്ഥരുള്ള ക്ലബുകളോ സ്‌പോണ്‍സണ്‍മാരോ ആയി സഹകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേയാവില്ല'.

ചൈനീസ് പ്രതികരണം എത്തരത്തിലാവും എന്നതിനെ കുറിച്ചും ഓസിലിന് അറിവുണ്ടായിരുന്നിരിക്കണം. പ്രതീക്ഷിച്ചതുപോലെ തന്നെ എല്ലാം സംഭവിച്ചു. ഓസിലിന്‍റെ നിലപാടുകളുടെ പ്രതിഫലനം ബാറില്‍തട്ടി തെറിച്ച പന്തുപോലെ ശരവേഗത്തിലായിരുന്നു. ആദ്യ പ്രഹരം ചൈനീസ് ബ്രോഡ്‌കാസ്റ്റര്‍മാരുടെ വക. ക്ലബ് ഫുട്ബോളിലെ വമ്പന്‍മാരായ പ്രീമിയര്‍ ലീഗിന്‍റെ ചൈനയിലെ രണ്ട് ബ്രോഡ്‌കാസ്റ്റര്‍മാര്‍ ആഴ്‌സണലിന്‍റെ മത്സരം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറി. വീണ്ടും ആഴ്‌സണലിന്‍റെ മത്സരം ചൈനയില്‍ ടെലിവിഷനിലൂടെ തല്‍സമയം എത്തിയപ്പോള്‍ ഓസിലിന്‍റെ പേര് ഉച്ചരിക്കാന്‍ കമന്‍റേറ്റര്‍മാര്‍ അറച്ചു. ചൈനയില്‍ ഏറെ ആരാധകരുള്ള ഒരു വീഡിയോ ഗെയിമില്‍ നിന്നുപോലും മെസ്യൂട്ട് ഓസില്‍ എന്ന വമ്പന്‍ പേരുകാരന്‍ ചുഴറ്റിയെറിയപ്പെട്ടു എന്നോര്‍ക്കണം. ഓസില്‍ എന്ന് പരതുമ്പോള്‍ ഇന്‍റര്‍നെറ്റ് ഫലങ്ങളില്‍ അക്ഷരങ്ങളും ചിത്രങ്ങളും ഒഴിഞ്ഞ പേജുകളായി. കടുത്ത സെന്‍സര്‍ഷിപ്പ് ഓര്‍മ്മിപ്പിക്കുന്ന ഒഴിഞ്ഞ താളുകള്‍. ചൈനയിലെ ഏകാധിപത്യ ഭരണകൂടം മെസ്യൂട്ട് ഓസിലിനെ വെര്‍ച്വല്‍ ലോകത്തുനിന്ന് പൂര്‍ണമായും മായ്‌ച്ചുകളഞ്ഞിരിക്കുന്നു. എന്നാല്‍ കളിക്കളത്തിലും വെള്ളവരയ്‌ക്ക് പുറത്തെ ആരവങ്ങളില്‍ നിന്നും ഓസില്‍ തുടച്ചുനീക്കുപ്പെടുന്നതിന്‍റെ തുടക്കം മാത്രമായിരുന്നു ഇത്. 

അകലം പാലിച്ച് ആഴ്‌സണല്‍

ഓസിലിന്‍റെ അഭിപ്രായങ്ങള്‍ ക്ലബിന്‍റെ നിലപാടല്ല എന്ന നയവുമായി അകലം പാലിക്കുകയായിരുന്നു ആഴ്‌സണല്‍. താരത്തിനെതിരെ അണിയറയില്‍ ചടുലനീക്കങ്ങള്‍ ആരംഭിച്ചു. ആഴ്‌സണലിന് മാത്രമല്ല, പ്രീമിയര്‍ ലീഗിന് തന്നെ ആ ഒറ്റ ട്വീറ്റ് വലിയ പുലിവാലായി ഇതിനകം മാറിയിരുന്നു. പ്രീമിയര്‍ ലീഗിന്‍റെ ഏറ്റവും വലിയ വിദേശ വിപണിയാണ് ചൈന എന്നതുതന്നെ കാരണം. അതിനാല്‍ ചൈനയുടെ ബഹിഷ്‌കരണം അടക്കമുള്ള ഏകപക്ഷീയ നടപടികള്‍ താങ്ങാന്‍ കെല്‍പില്ല എന്ന തിരിച്ചറിവാകണം പ്രീമിയര്‍ ലീഗിനുണ്ടായിരുന്നത്. 

രാഷ്‌ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തരുത് എന്ന് ആഴ്‌സണല്‍ അധികൃതര്‍ ഓസിലിനോട് കെഞ്ചി. അഥവാ എന്തെങ്കിലും ആവണമെങ്കില്‍ അത് ക്ലബുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അവസാനിപ്പിച്ച ശേഷം മതി എന്നായി ക്ലബിന്‍റെ നിലപാട്. 2013 മുതല്‍ ക്ലബിന്‍റെ ഐക്കണായ താരത്തോടാണ് ഇത് പറയുന്നത്. ചൈനീസ് പുതുവല്‍സരാഘോഷത്തിനുള്ള ഉല്‍പന്നങ്ങളില്‍ നിന്നെല്ലാം ഓസിലിന്‍റെ പടവും പേരും നീക്കം ചെയ്യാന്‍ ക്ലബ് പ്രത്യേകം ശ്രദ്ധിച്ചുവെന്നത് വിസ്‌മരിക്കാനാവില്ല. ചൈനീസ് വിപണിയില്‍ നേരിടാന്‍ സാധ്യതയുള്ള എല്ലാ തിരിച്ചടികളില്‍ നിന്നും ഒരു ഫുട്ബോള്‍ താരത്തിന്‍റെ മെയ്‌വഴക്കത്തോടെ അതിവിദഗ്ധമായി ഒഴി‍ഞ്ഞുമാറാന്‍ ഇപിഎല്‍ അധികൃതര്‍ അതീവ ശ്രദ്ധ പുലര്‍ത്തി. 

എന്നാല്‍ രാഷ്‌ട്രീയ അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച പ്രീമിയര്‍ ലീഗ് അധിക‍ൃതര്‍ അതിവേഗം കളംമാറുന്നതാണ് പിന്നീട് കണ്ടത്. ഓസിലിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മാസങ്ങള്‍ക്ക് മാത്രം ശേഷം പ്രീമിയര്‍ ലീഗില്‍ മറ്റൊരു രാഷ്‌ട്രീയ പ്രഖ്യാപനത്തിന് കളമൊരുങ്ങി. വര്‍ണവെറിക്കെതിരെ 'Black Lives Matter' ക്യാംപയിന്‍ മൈതാനത്ത് ഇരമ്പുകയായിരുന്നു. ക്യാംപയിന് പിന്തുണയറിയിച്ച് മൈതാനത്ത് പരസ്യ പ്രതികരണമറിയിക്കുമെന്ന് 20 ക്ലബിലെ താരങ്ങള്‍ ചേര്‍ന്ന് പ്രീമിയര്‍ ലീഗ് അധികൃതരെ അറിയിച്ചു. കളിക്കാരുടെ ഈ രാഷ്‌ട്രീയ നീക്കത്തിന് സംഘാടകര്‍ അതിവേഗം പച്ചക്കൊടി കാട്ടുകയും ചെയ്തു. ആഫ്രിക്കയിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ആഴ്‌സണല്‍ നായകന്‍ ഒബമയാങ്ങിന്‍റെ പ്രതിഷേധ ട്വീറ്റ് മറ്റൊരു രാഷ്‌ട്രീയ ഇടപെടല്‍. നൈജീരിയന്‍ ആരാധകരെ പിന്തുണച്ച് ആഴ്‌സണല്‍ ക്ലബ് തന്നെ പിന്നാലെ ഈ വിഷയം ട്വീറ്റ് ചെയ്തത് മറ്റൊരു യാഥാര്‍ഥ്യം. 'ഞങ്ങള്‍ നിങ്ങളെ കാണുന്നു, നിങ്ങളെ കേള്‍ക്കുന്നു, നിങ്ങളെ അറിയുന്നു'...എന്നായിരുന്നു രാഷ്‌ട്രീയമാനങ്ങള്‍ കാട്ടുന്ന ആഴ്‌‌സണലിന്‍റെ കരുത്തുറ്റ ട്വീറ്റ്. ഇതൊക്കെ കാട്ടിയത് മറ്റൊരു രാഷ്‌ട്രീയ നിലപാടിന്‍റെ പേരില്‍ ഓസിലിനെ മുള്‍മുനയില്‍ നിര്‍ത്തിയ അതേ പ്രീമിയര്‍ ലീഗും ക്ലബും തന്നെയെന്നതാണ് വൈരുദ്ധ്യം. 

സാലറി കട്ടിലും ഒടക്കിട്ട് ഓസില്‍

തെറ്റായ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതാണോ ഓസിലിന് തിരിച്ചടിയായത് എന്നതാണ് ഫുട്ബോള്‍ രംഗത്തുയരുന്ന ഒരു ചോദ്യം. അങ്ങനെയെങ്കിലും പിന്നെയുമുണ്ട് ഓസിലിനെ ചുറ്റിപ്പറ്റി കഥനകഥകള്‍. കൊവിഡ് കാല ഇടവേളയ്‌ക്ക് ശേഷം മൈതാനത്തെ വീണ്ടും പന്ത് വലംവെച്ചപ്പോള്‍ ലോകം മാറിമറിഞ്ഞിരുന്നു. ക്ലബുകളെല്ലാം പ്രധാന താരങ്ങളോട് സാലറി കട്ട് അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. ഓസീലിനെ തേടിയും ആഴ്‌സണലിന്‍റെ ആവശ്യമെത്തി. 

ചൈനീസ് വിഷയത്തിലെ വിവാദ ട്വീറ്റിന് ശേഷം കുറച്ച് മാസക്കാലം ആഴ്‌‌സണല്‍ നിരയിലെ പ്രധാനികളിലൊരാളായി ഓസിലിന് അവസരം ലഭിച്ചിരുന്നു. ക്ലബിന്‍റെ പുതിയ മാനേജരായി എത്തിയ ആര്‍ത്തേറ്റയ്‌ക്കും ഓസിലിനെ അത്ര പ്രിയം. ക്ലബിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ആറ് ആഴ്‌ചകളോളം നീണ്ടുനിന്ന വേതനചര്‍ച്ചയില്‍ ഭൂരിഭാഗം താരങ്ങളും കീഴടങ്ങി. അപ്പോഴും ഓസിലിന്‍റെ കാര്യത്തിലെ അനിശ്ചിതത്വം മൈതാനം പോലെ പരന്നുകിടന്നു. ആഴ്‌സണല്‍ നേതൃത്വത്തോട് ഒരുപിടി ചോദ്യങ്ങളുമായി കൊമ്പുകോര്‍ക്കുകയായിരുന്നു ഓസില്‍. വരുമാനം എങ്ങനെ ചെലവഴിക്കുന്നു, ക്ലബ് ഉടമകള്‍ക്കും സാലറി കട്ട് ബാധകമോ? സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ ക്ഷേമത്തിനായി ഈ തുക ഉപയോഗിക്കും എന്ന് ഉറപ്പുനല്‍കാനാകുമോ എന്നൊക്കെയായിരുന്നു ഓസിലിന് അറിയേണ്ടിയിരുന്നത്. അനിശ്ചിതത്വങ്ങള്‍ക്ക് നടുവില്‍ 12.5 ശതമാനം സാലറി കട്ട് ജൂണ്‍ മാസത്തില്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ക്ലബ് ഇത് നടപ്പാക്കിയത് ഏപ്രില്‍ മാസം മുതല്‍ മുന്‍കാലപ്രാബല്യത്തോടെയും. അപകടം മനസിലാക്കാതെ മിക്കവരും ക്ലബിന്‍റെ ഉപാധികള്‍ അംഗീകരിച്ച് പേപ്പറില്‍ ഒപ്പിട്ടു. താന്‍ അപകടത്തിലാണ്, ക്ലബിലെ കരിയര്‍ വരെ അവസാനിച്ചേക്കാം എന്ന് അറിയാമായിരുന്നിട്ടും ഓസില്‍ അനുവാദം മൂളാതെ തലയുയര്‍ത്തി നിന്നു. 

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. പിന്നീട് നാളിതുവരെ ഓസിലിന് വിഖ്യാത ഗണ്ണേഴ്‌സിനായി കളിക്കാനായില്ല. സാലറി കട്ട് നടപ്പാക്കി രണ്ട് മാസത്തിനു ശേഷം മറ്റൊരു നിര്‍ണായക തീരുമാനത്തിലെത്തി ക്ലബ്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 55 സ്റ്റാഫിനെ പിരിച്ചുവിടാനായിരുന്നു അത്. അവിടെയും തന്‍റെ നിലപാട് സംശയരഹിതമായി പ്രഖ്യാപിച്ചു താരം. പുറത്താക്കപ്പെടുന്നവരില്‍ ഒരാളുടെ ചെലവ് താന്‍ വഹിക്കുമെന്നായിരുന്നു ഓസിലിന്‍റെ ഉറപ്പ്. 

അവസാനിക്കാത്ത യുദ്ധം

ആഴ്‌സണലും ഓസിലുമായുള്ള ശീതസമരം അങ്ങനെ നീണ്ടു. സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരുത്താന്‍ ക്ലബുമായി 27 വര്‍ഷത്തിലേറെ ബന്ധമുള്ള വിഖ്യാത മസ്‌കോട്ട് ജെറിയുമായി വഴിപിരിയാനും ആഴ്‌സണല്‍ തീരുമാനിച്ചു. അവിടെയും സംരക്ഷകനായി ഓസില്‍ ചാടിവീണു, ഗണ്ണേഴ്‌സിന്‍റെ മത്സരങ്ങളില്‍ മൈതാനവരയ്‌ക്ക് സമീപമുള്ള അ'മാനുഷിക' ശക്തായിരുന്ന മസ്‌കോട്ടിനെ(ഭാഗ്യചിഹ്നം) പറഞ്ഞുവിടാന്‍ ഓസില്‍ വിസമ്മതിച്ചു. ജെറിയുടെ ശമ്പളം താന്‍ നല്‍കിക്കൊള്ളാം എന്നേറ്റു. അങ്ങനെ ഇരുവരും തമ്മിലുള്ള ബന്ധം ലക്ഷ്യംതെറ്റിയ പന്തുപോലെ കൂടുതല്‍ അകന്നു. ഓസിലിന് ക്ലബിന്‍റെ വക വീണ്ടും റെഡ് കാര്‍ഡ്! 

ആഴ്‌സണലും ഓസിലുമായുള്ള ബന്ധം മെച്ചപ്പെടുന്നതായി ഒരു സൂചനയും നിലവിലില്ല. വിവാദങ്ങള്‍ക്കെല്ലാം മുമ്പ് ഓസിലിനെ പലതവണ വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നു ക്ലബ്. എന്നാല്‍ ഇപ്പോള്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം ഓസിലിനെ പോലെ തന്നെ വിശ്രമിക്കുകയാണ്. ക്ലബ് വിടാന്‍ താരം സ്വയം കൂട്ടാക്കുന്നുമില്ല. ഇതെന്തുകൊണ്ട് എന്നത് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം. ഭാര്യയും പിഞ്ചുകുഞ്ഞുമുള്ള ഓസില്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കാനാണ് ഈ വഴി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. കളിച്ചില്ലെങ്കിലും അടുത്ത വര്‍ഷം കരാര്‍ അവസാനിക്കും വരെ മില്യണ്‍ ഡോളറുകള്‍ വരുന്ന ശമ്പളം എണ്ണിവാങ്ങാം എന്നത് കാരണമായി കണക്കാക്കുന്നവരും വിരളമല്ല. ചിലപ്പോള്‍ ഇതൊക്കെ വെറും നിരീക്ഷണങ്ങളുമാവാം. 

എല്ലാം തുടങ്ങിയത് ഒരു ട്വീറ്റില്‍...

ലോകകപ്പ് നേടിയ പ്ലേമേക്കറെ വലിയ വിലക്കിഴിവില്‍ ലഭ്യമായിട്ടും സ്വന്തമാക്കാന്‍, പ്രത്യേകിച്ച് യൂറോപ്പില്‍ നിന്ന് ആരും താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നത് അതിശയിപ്പിക്കുന്നു. എന്തായാലും 32കാരനായ താരത്തിന് ആഴ്‌സണലിനോടുള്ള അഗാതപ്രണയം ക്ലബ് വിടാതിരിക്കാന്‍ ഒരു കാരണമായി നിരീക്ഷിക്കുന്നവരുണ്ട്. ഈ സീസണിലെ പ്രീമിയര്‍ ലീഗ്, യൂറോപ്പ ലീഗ് സ്‌ക്വാഡുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് താരത്തെ. ജനുവരി വരെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടച്ചിരിക്കുന്നതിനാല്‍ ക്ലബ് വിടാന്‍ വൈകുകയും ചെയ്തു. ക്ലബും ഓസിലും തമ്മില്‍ ഇനിയെന്ത് എന്ന് കണ്ടറിയണം. മസ്‌കോട്ടിനെ ഏറ്റെടുത്തത് അടക്കമുള്ള ഓസിലിന്‍റെ നിലപാടുകള്‍ക്ക് ആരാധക പിന്തുണ ലഭിക്കുമ്പോഴും ക്ലബിന് കുലുക്കമൊന്നുമില്ല. ഫുട്ബോളിലെ മനുഷ്യന്‍ എന്ന പര്യായം ഓസിലിന് സ്വയം തിരിച്ചടിയാവുന്നോ? എല്ലാം ഒരു ട്വീറ്റിലാണ് ആരംഭിച്ചത്. എന്തായാലും 10 മാസങ്ങള്‍ക്ക് ശേഷം മെസ്യൂട്ട് ഓസില്‍ ഫുട്ബോളില്‍ നിന്ന് മായ്‌ക്കപ്പെട്ടിരിക്കുന്നു. ഗാലറിയിലെ കസേരയില്‍ പോലും അയാള്‍ അപ്രസക്തനായിരിക്കുന്നു. അസിസ്റ്റ് കിംഗ് എന്ന് പേരുള്ള ഓസിലിന് പിന്തുണയുടെ പാസ് നീട്ടാന്‍ പ്രധാന താരങ്ങളാരും മൈതാനമധ്യത്തില്‍ എത്തിയിട്ടില്ല എന്നതും കൂട്ടിവായിക്കണം. 
 

click me!