'ഗോള്‍' അടിച്ച് തുടങ്ങി; മികച്ച ഫുട്ബോളര്‍മാരെ വാര്‍ത്തെടുക്കാന്‍ വിദേശ പരിശീലകരുടെ സേവനം തേടുമെന്ന് മന്ത്രി

By Web TeamFirst Published Nov 11, 2022, 6:38 PM IST
Highlights

പ്രാഥമിക പരിശീലനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനം സർക്കാർ ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്‍റെ സാന്നിധ്യം ചടങ്ങിനെ ആവേശഭരിതമാക്കി.

കൊച്ചി: മികച്ച ഫുട്ബോൾ  താരങ്ങളെ വാർത്ത് എടുക്കാൻ വിദേശ കോച്ചുകളുടെ സേവനം ലഭ്യമാക്കുമെന്ന് കായിക മന്ത്രി അബ്ദുറഹ്മാൻ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ ഗോൾ പദ്ധതിക്ക്  തുടക്കമായി.

ഖത്തർ ലോകകപ്പിന്‍റെ ആവേശം ഉൾകൊണ്ട് സംസ്ഥാനത്ത്  ഉടനീളം ആയിരം കേന്ദ്രങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.

പ്രാഥമിക പരിശീലനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനം സർക്കാർ ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്‍റെ സാന്നിധ്യം ചടങ്ങിനെ ആവേശഭരിതമാക്കി. 90 വയസിലും ഫുട്ബോൾ പരിശീലനം നൽകുന്ന റൂഫസ് ഡിസൂസയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സന്തോഷ് ട്രോഫി താരങ്ങളാണ് 10 ദിവസം നീണ്ട് നിൽക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകുക. 14 ജില്ലകളിലും പദ്ധതിയുടെ ഭാഗമായ പരിശീലനം ആരംഭിച്ചു.

ഖത്തർ ലോകകപ്പ് ആവേശം മലയാളക്കരയിൽ അലയടിച്ചുയരും, 'ആയിരം ഗോളടിക്കാൻ പോരുന്നോ' ചോദിച്ച് സർക്കാർ

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്‍റെ ഭാഗമായി നല്‍കുക. നവംബര്‍ 20വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളിൽ 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്.

ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും. കാൽപ്പന്തിന്‍റെ ലോകപൂരം ആദ്യമായാണ് അറേബ്യൻ മണ്ണിലേക്ക് ആവേശം വിതറാനെത്തുന്നത്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോൽവിയറിയാതെ കുതിക്കുന്ന ലിയോണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകൾ. ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയും സജീവം. കാനറികളാണ് നിലവിലെ ഒന്നാംസ്ഥാനക്കാര്‍. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും.

click me!