
പാലക്കാട്: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളക്കരയും കാൽപന്തുകളിയുടെ ആവേശത്തിലേക്ക് പൂർണ്ണമായും അമർന്നു കഴിഞ്ഞു. പതിവ് പോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിലുള്ള 'ഫ്ലെക്സ് യുദ്ധം' മുറുകുകയാണ്. ഇതിന്‍റെ ഏറ്റവും പുതിയ കാഴ്ചയാണ് പാലക്കാട് കോങ്ങാട്ടുനിന്നും വരുന്നത്.
പാലക്കാട് കോങ്ങാട്ടെ അർജന്‍റീന ഫാൻസ് തങ്ങളുടെ പ്രിയ താരം ലയണൽ മെസ്സിയുടെ 160 അടി നീളമുള്ള പടുകൂറ്റൻ ഫ്ലെക്സാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ കണ്ണെത്താത്തത്ര നീളമുള്ള ഈ ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത് കോങ്ങാട് കൊട്ടശേരിയിലെ അർജന്റീന ആരാധകരുടെ കൂട്ടായ്മയായ 'സീഡ് ഫാം കൂട്ടായ്മ'യാണ്. നാട്ടുകാർക്കൊപ്പം പ്രവാസികളായ ആരാധകരും ചേർന്നാണ് ഈ വിസ്മയം ഒരുക്കിയത്. അരലക്ഷത്തിലധികം രൂപ ചെലവാക്കിയാണ് ഈ കൂറ്റൻ ഫ്ലെക്സ് തയ്യാറാക്കിയത്. ഫാൻസ് കൂട്ടായ്മയ്ക്ക് കട്ടപിന്തുണയുമായി വാർഡ് മെമ്പറും കൂടെയുണ്ട്.
അതേസമയം, അർജന്‍റീന ആരാധകരുടെ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നാട്ടിലെ ബ്രസീൽ ഫാൻസ്. മെസ്സിയുടെ 160 അടിയേക്കാൾ വലിയ ഫ്ലെക്സ് മഞ്ഞപ്പടയ്ക്കായി ഒരുക്കുമെന്നാണ് ബ്രസീൽ ആരാധകർ അവകാശപ്പെടുന്നത്. ഫാൻസ് പോരിന് അപ്പുറത്ത്, കാൽപന്തു കളിയോടുള്ള മലയാളികളുടെ അടങ്ങാത്ത ആവേശമാണ് ലോകകപ്പ് അടുക്കുമ്പോൾ ഇത്തരം മത്സരങ്ങളിലൂടെ പുറത്തുവരുന്നത്. എന്തായാലും ഈ ലോകകപ്പ് സീസണിലെ ആരാധകപ്പോര് പാലക്കാട്ട് ഗംഭീരമായി തന്നെ തുടങ്ങിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!