സിദാന്‍ നാലു വര്‍ഷം കൂടി കാത്തിരിക്കണം; അടുത്ത ലോകകപ്പ് വരെ ഫ്രാന്‍സിന്‍റെ പരിശീലകനായി ദെഷാം തുടരും

By Web TeamFirst Published Jan 8, 2023, 10:52 AM IST
Highlights

ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദെഷാം പുറത്തുപോവുമെന്നും മുന്‍ നായകന്‍ സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്‍റെ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞശേഷം മറ്റ് പദവികളൊന്നും സിദാന്‍ ഏറ്റെടുക്കാത്തത് ഫ്രാന്‍സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പാരീസ്: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്ക് മുന്നില്‍ തോറ്റെങ്കിലും 2026 ലെ ലോകകപ്പിലും ഫ്രാന്‍സിന്‍റെ പരിശീലകനായി മുന്‍ നായകന്‍ ദിദിയര്‍ ദെഷാം തുടരും. 2026 ജൂണ്‍ വരെയാണ് ദെഷാമിന്‍റെ കരാര്‍ നീട്ടിയതെന്ന് ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദെഷാം പുറത്തുപോവുമെന്നും മുന്‍ നായകന്‍ സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്‍റെ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞശേഷം മറ്റ് പദവികളൊന്നും സിദാന്‍ ഏറ്റെടുക്കാത്തത് ഫ്രാന്‍സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളി 54കാരനായ ദെഷാമില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച ഖത്തര്‍ ലോകകപ്പില്‍ മുന്‍നിര താരങ്ങളുടെ അഭാവത്തിലും ഫ്രാന്‍സിനെ ഫൈനലിലെത്തിക്കാന്‍ ദെഷാമിനായി. 2012 ജൂലൈ ഒമ്പതിനാണ് ദെഷാം ഫ്രാന്‍സിന്‍റെ പരിശീലകനായി ചുമതലയേറ്റെടുത്തത്. 2014ലെ ലോകകപ്പിൽ ഫ്രാന്‍സിനെ ക്വാർട്ടറിനപ്പുറം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്ന ദെഷാമിന് പക്ഷെ യൂറോ കപ്പിൽ ടീമിനെ ഫൈനലിലെത്തിക്കാനായി.

സ്പാനിഷ് ലീഗില്‍ റയലിന് ഞെട്ടിക്കുന്ന തോല്‍വി, ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ ബാഴ്സ ഇന്നിറങ്ങും

ഫൈനലിൽ പക്ഷേ പോർച്ചുഗലിനോട് വീണു. 2018ലെ റഷ്യൻ ലോകകപ്പില്‍ യുവനിരയുമായെത്തി ദെഷാം അർജന്‍റീനയേയും യൂറുഗ്വേയേയും ബെൽജിയത്തേയും മറികടന്ന് ഫൈനലില്‍ ക്രൊയേഷ്യയെയും വീഴ്ത്തി ജേതാക്കളായി. ഇതോടെ ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് നേടിയ ദെഷാം ബെക്കന്‍ ബോവറിനുശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പരിശീലകനായി. 139 മത്സരങ്ങളില്‍ 89 ജയങ്ങളും 28 സമനിലകളും 22 തോല്‍വികളുമാണ് ദെഷാമിന്‍റെ അക്കൗണ്ടിലുള്ളത്.

ദെഷാമിന് കീഴില്‍ ഫ്രാന്‍സ് 279 ഗോളുകള്‍ അടിച്ചപ്പോള്‍ 119 ഗോള്‍ വഴങ്ങി. ദെഷാമിനൊപ്പം സഹ പരിശീലകനായ ഗയ് സ്റ്റീഫന്‍, ഗോള്‍ കീപ്പിംഗ് പരിശീലകനായ ഫാങ്ക് റാവിയോട്ട്, ഫിസിക്കല്‍ ട്രെയിനര്‍ സിറിള്‍ മോയ്നെ എന്നിവരും തുടരും. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റിന്‍റെ വലിയ പിന്തുണയ്ക്കും വിശ്വാസത്തിനും ദെഷാം നന്ദി പറഞ്ഞു.

click me!