
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 പ്രോ സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉപഭോക്താക്കള്‍ ഒരു പ്രശ്‌നം നേരിട്ടിരുന്നു. പോട്രൈറ്റ് മോഡ് ഫോട്ടോകളില്‍ നൈറ്റ് മോഡ് ലഭ്യമാവുന്നില്ല എന്നതായിരുന്നു ഇത്. ഇതൊരു സോഫ്റ്റ്‌വെയര്‍ ബഗ് കാരണമാണ് എന്നായിരുന്നു ഐഫോണ്‍ 17 പ്രോയും ഐഫോണ്‍ 17 പ്രോ മാക്‌സും വാങ്ങിയവരും കരുതിയിരുന്നത്. എന്നാല്‍ ഇതൊരു ബഗ് അല്ല, ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ പോട്രൈറ്റ് ഫോട്ടോഗ്രഫിയില്‍ നൈറ്റ് മോഡ് ഇല്ല എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ആപ്പിള്‍ സപ്പോര്‍ട്ട് ഡോക്യുമെന്‍റ്.
ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ഫോട്ടോയെടുക്കുമ്പോള്‍ പോട്രൈറ്റ് മോഡില്‍ നൈറ്റ് മോഡ് എനാബിള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി പേര്‍ റെഡ്ഡിറ്റിലും ആപ്പിള്‍ ഫോറങ്ങളിലും പരാതിപ്പെട്ടിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 12 പ്രോയില്‍ പോലും ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഫീച്ചറാണിത്. എന്നിട്ടും ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയില്‍ പോട്രൈറ്റ് ഫോട്ടോകളില്‍ നൈറ്റ് മോഡ് ലഭിക്കാത്തത് ഫോണ്‍ വാങ്ങിയവരെ നിരാശരാക്കി. ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ ഫോണ്‍ മോഡലുകളില്‍ പോട്രൈറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്ന് ആപ്പിളിന്‍റെ സപ്പോര്‍ട്ട് ഡോക്യുമെന്‍റ് വ്യക്തമാക്കുന്നു. അതേസമയം ഈ പട്ടികയില്‍ പുതിയ ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ എയര്‍ എന്നിവയില്ല.
എന്തുകൊണ്ടാണ് ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ എയര്‍ എന്നിവയില്‍ ഈ നൈറ്റ് മോഡ് പോട്രൈറ്റ് ഇല്ലാത്തത് എന്ന് വ്യക്തമല്ല. ചിലപ്പോള്‍ ഭാവി അപ്‌ഡേറ്റുകളില്‍ ആപ്പിള്‍ ഇത് ലഭ്യമാക്കിയേക്കാം. കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോകൾ എടുക്കുമ്പോള്‍ ക്യാമറയുടെ എക്സ്പോഷർ സമയം വർധിപ്പിച്ചുകൊണ്ട് ചിത്രം മെച്ചപ്പെടുത്തുന്ന ഫീച്ചറാണ് നൈറ്റ് മോഡ്. ഇരുണ്ട വെളിച്ചത്തില്‍ കൂടുതൽ പ്രകാശിതവും വിശദാംശങ്ങളുള്ളതുമായ ചിത്രങ്ങള്‍ പകർത്താൻ നൈറ്റ് മോഡ് ഉപയോക്താക്കളെ അനുവദിക്കുന്നു.