പരിസ്ഥിതിയുടെ പേര് പറഞ്ഞ് ഈ പണി വേണ്ട; ബ്രസീലില്‍ പണി കിട്ടി ആപ്പിള്‍.!

By Web TeamFirst Published Dec 7, 2020, 6:32 AM IST
Highlights

ഐഫോണുകളില്‍ പവര്‍ അഡാപ്റ്റര്‍ ഉള്‍പ്പെടുത്താത്തത് പാരിസ്ഥിതിക ദോഷം കുറയ്ക്കാനാണെന്നും നിരവധി ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ചാര്‍ജര്‍ കൈവശമുണ്ടെന്നും ആപ്പിള്‍ പ്രതികരിച്ചു. ഈ നീക്കം കാര്‍ബണ്‍ ഉദ്പാദനം കുറയ്ക്കുകയും അപൂര്‍വഭൗമ മൂലകങ്ങളുടെ ഖനനവും ഉപയോഗവും ഒഴിവാക്കുകയും ചെയ്യുമെന്നാണ് ആപ്പിളിന്റെ വാദം. 

ബ്രസീലിയ: ആപ്പിളിന് വീണ്ടും പണികിട്ടിയിരിക്കുന്നു. യൂറോപ്പില്‍ നിന്നും ലഭിച്ച തിരിച്ചടിക്ക് ശേഷം ഇത്തവണ ബ്രസീലില്‍ നിന്നാണ് വമ്പന്‍ പണി കിട്ടിയിരിക്കുന്നത്. പുതിയ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജിംഗ് ആക്‌സസറികള്‍ നല്‍കാത്തതെന്തെന്ന് വിശദീകരിക്കാന്‍ കമ്പനിയോട് പബ്ലിക് ഏജന്‍സിയായ പ്രോകോണ്‍എസ്പി ആവശ്യപ്പെട്ടു. ഒക്ടോബറില്‍ ആപ്പിളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പരസ്യമായ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഇതിന് ആപ്പിള്‍ മറുപടി കൊടുത്തിട്ടുണ്ടെങ്കിലും അതു നിയമപരമായ നിലനില്‍ക്കില്ലെന്നു വ്യക്തം. അങ്ങനെ വന്നാല്‍ ബ്രസീലില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ചാര്‍ജര്‍ ഉള്‍പ്പെടുത്തേണ്ടി വരും. 

ഐഫോണുകളില്‍ പവര്‍ അഡാപ്റ്റര്‍ ഉള്‍പ്പെടുത്താത്തത് പാരിസ്ഥിതിക ദോഷം കുറയ്ക്കാനാണെന്നും നിരവധി ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ചാര്‍ജര്‍ കൈവശമുണ്ടെന്നും ആപ്പിള്‍ പ്രതികരിച്ചു. ഈ നീക്കം കാര്‍ബണ്‍ ഉദ്പാദനം കുറയ്ക്കുകയും അപൂര്‍വഭൗമ മൂലകങ്ങളുടെ ഖനനവും ഉപയോഗവും ഒഴിവാക്കുകയും ചെയ്യുമെന്നാണ് ആപ്പിളിന്റെ വാദം. എന്നാല്‍ ഏജന്‍സി ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഒരു പവര്‍ അഡാപ്റ്റര്‍ ഉല്‍പ്പന്നത്തിന്റെ ഉപയോഗത്തിന് ഒരു പ്രധാന ഭാഗമാണെന്നും ഐഫോണ്‍ ഇതില്ലാതെ വില്‍ക്കുന്നത് ബ്രസീലിയന്‍ ഉപഭോക്തൃ പ്രതിരോധ കോഡിന് വിരുദ്ധമാണെന്നും പ്രൊകോണ്‍എസ്പി പറഞ്ഞു.

ബോക്‌സില്‍ നിന്ന് ചാര്‍ജര്‍ നീക്കം ചെയ്യുന്നതിന്റെ പാരിസ്ഥിതിക നേട്ടങ്ങളുടെ തെളിവുകള്‍ ആപ്പിള്‍ വേണ്ടത്ര പ്രകടിപ്പിച്ചിട്ടില്ലെന്നും വിപണന സാമഗ്രികളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. ആപ്പിളിന്റെ ഈ ഉപഭോക്തൃ വിരുദ്ധ പെരുമാറ്റം ഇപ്പോള്‍ ഏജന്‍സിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ് അവലോകനം ചെയ്യും, ഇത് പിഴയ്ക്ക് കാരണമായേക്കാം. ഒപ്പം ഇനി മുതല്‍ ചാര്‍ജറും നല്‍കേണ്ടി വരും.

ഈ തീരുമാനം സാവോ പോളോ സംസ്ഥാനത്തിന് മാത്രമുള്ളതാണെങ്കിലും, രാജ്യവ്യാപകമായി നടപടി ഉണ്ടായേക്കും. ബോക്‌സില്‍ പവര്‍ അഡാപ്റ്റര്‍ ഇല്ലാതെ ഐഫോണുകള്‍ വില്‍ക്കാന്‍ രാജ്യത്ത് അനുമതി നല്‍കണമോയെന്നു തീരുമാനിക്കുന്നത് ബ്രസീലിന്റെ ഫെഡറല്‍ സര്‍ക്കാരാണ്. ഓരോ ഐഫോണിന്റെയും ബോക്‌സില്‍ ഇയര്‍ പോഡുകള്‍ ഉള്‍പ്പെടുത്താഞ്ഞതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫ്രാന്‍സില്‍ സമാനമായ ഒരു സാഹചര്യം ആപ്പിള്‍ നേരിട്ടിരുന്നു.

14 വയസ്സിന് താഴെയുള്ള കുട്ടികളെ വൈദ്യുതകാന്തിക റേഡിയോ തരംഗങ്ങളുടെ അപകടസാധ്യതയില്‍ നിന്ന് സംരക്ഷിക്കുന്നതിന് എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും 'ഹാന്‍ഡ്‌സ്ഫ്രീ കിറ്റ്' ഉള്‍പ്പെടുത്തേണ്ട ദേശീയ നിയമനിര്‍മ്മാണമാണ് ഫ്രാന്‍സിലേത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാതിരിക്കാനാണ് ആപ്പിളിന് ഇവിടെ ഇയര്‍ഫോണുകള്‍ ഉള്‍പ്പെടുത്തേണ്ടി വന്നത്. ഐഫോണ്‍ 12 ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ്, നാല് മോഡലുകളിലും ഇയര്‍പോഡുകളോ പവര്‍ അഡാപ്റ്ററോ ഇല്ലാതെയാവും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു. കൂടാതെ, ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ എന്നിവയിലും ഈ ആക്‌സസറികളും ഇനിമേല്‍ ഉള്‍പ്പെടുത്തില്ലെന്നു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനൊക്കെയാണ് ഇപ്പോള്‍ തിരിച്ചടി.

click me!