ആപ്പിളിന്‍റെ സ്‍മാർട്ട് ഗ്ലാസുകൾ 2027 അവസാനത്തോടെ വിപണിയിലെത്തും; ആപ്പിൾ വാച്ച് മാതൃകയിൽ പുതിയ തന്ത്രം

Published : Jun 01, 2026, 10:33 AM IST
Apple-Logo

Synopsis

ആപ്പിളിന്‍റെ ആദ്യ സ്‌മാർട്ട് ഗ്ലാസുകൾ 2027 അവസാനത്തോടെ എത്തുമെന്ന് പുതിയ റിപ്പോർട്ട്. സാങ്കേതിക വെല്ലുവിളികൾ കാരണം ലോഞ്ച് വൈകിയതായാണ് സൂചന. പൂർണ്ണമായ ഓഗ്മെന്‍റഡ് റിയാലിറ്റിക്ക് പകരം, ഫോട്ടോ എടുക്കൽ, കോൾ ചെയ്യൽ തുടങ്ങിയ ദൈനംദിന സൗകര്യങ്ങൾക്കും ഫാഷൻ ആക്‌സസറി എന്ന നിലയിലും ഇതിന് പ്രാധാന്യം നൽകും.

കാലിഫോര്‍ണിയ: ടെക് ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന ആപ്പിളിന്‍റെ സ്‍മാർട്ട് ഗ്ലാസുകളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ശ്രദ്ധ നേടുന്നു. ബ്ലൂംബെർഗിലെ മാർക്ക് ഗുർമാന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആപ്പിൾ തങ്ങളുടെ ആദ്യ സ്‌മാർട്ട് ഗ്ലാസുകൾ 2027 അവസാനത്തോടെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 2026 അവസാനത്തോടെ പ്രഖ്യാപനവും 2027 തുടക്കത്തിൽ വിൽപ്പനയും ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക വെല്ലുവിളികൾ കാരണം പദ്ധതികൾക്ക് ഏകദേശം ഒരു വർഷത്തെ വൈകൽ ഉണ്ടായതായാണ് റിപ്പോർട്ട്.

മെറ്റയുടെ റേ-ബാൻ സ്‌മാർട്ട് ഗ്ലാസുകൾക്കും ഗൂഗിളിന്‍റെ ഭാവി സ്‍മാർട്ട് ഗ്ലാസ് പദ്ധതികൾക്കും എതിരാളിയായാണ് ആപ്പിളിന്‍റെ പുതിയ ഡിവൈസ് എത്തുക. 200 മുതൽ 599 ഡോളർ വരെയായിരിക്കും വിലയെന്നാണ് സൂചന. ഇന്ത്യൻ വിപണിയിൽ നികുതികളും ഇറക്കുമതി തീരുവകളും ഉൾപ്പെടുത്തുന്നതിന് മുൻപ് ഇത് ഏകദേശം 17,000 മുതൽ 51,000 രൂപ വരെയായിരിക്കും.

ആദ്യ തലമുറ സ്‍മാർട്ട് ഗ്ലാസുകൾ പൂർണമായ ഓഗ്മെന്‍റഡ് റിയാലിറ്റി (AR) അനുഭവം നൽകില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന വിവരം. പകരം ഉപയോക്താക്കൾക്ക് പ്രായോഗികമായ ദൈനംദിന സൗകര്യങ്ങൾ നൽകുന്നതിലാണ് ആപ്പിൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും പകർത്താൻ കഴിയുന്ന ക്യാമറകൾ, ഫോൺ കോൾ നടത്താനും സംഗീതം കേൾക്കാനുമുള്ള മൈക്രോഫോണുകളും സ്‌പീക്കറുകളും, സിരിയുമായുള്ള വോയിസ് ഇടപെടലുകളും ഇതിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ നോട്ടിഫിക്കേഷനുകൾ സ്വീകരിക്കൽ, നടന്ന് പോകുന്നതിനുള്ള ദിശാനിർദേശങ്ങൾ ലഭിക്കൽ തുടങ്ങിയ സൗകര്യങ്ങളും സ്‌മാർട്ട് ഗ്ലാസുകളിൽ ലഭ്യമായേക്കും. ആപ്പിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്ഫോമായ ‘ആപ്പിൾ ഇന്‍റലിജൻസ്’ സേവനങ്ങളിലേക്കുള്ള പ്രധാന കവാടമായി ഈ ഉപകരണം മാറുമെന്നാണ് കമ്പനി കരുതുന്നത്.

ഡിസൈൻ മേഖലക്കും ആപ്പിൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. റേ-ബാൻ വേയ്‌ഫെയറിനെ അനുസ്മരിപ്പിക്കുന്ന വലിയ ഫ്രെയിമുകൾ, സ്ലിം റെക്‌ടാംഗുലർ മോഡലുകൾ, ഓവൽ ആകൃതിയിലുള്ള വിവിധ ഡിസൈനുകൾ എന്നിവ കമ്പനി പരീക്ഷിച്ചതായി റിപ്പോർട്ട് പറയുന്നു. കറുപ്പ്, ഓഷ്യൻ ബ്ലൂ, ഇളം തവിട്ട് തുടങ്ങിയ നിറങ്ങളിലും മോഡലുകൾ അവതരിപ്പിക്കാനാണ് സാധ്യത.

ആപ്പിൾ വാച്ചിന്‍റെ വിജയ മാതൃക പിന്തുടരാനാണ് കമ്പനിയുടെ നീക്കം. ഒരു സാങ്കേതിക ഉപകരണമെന്നതിലുപരി, ദിവസേന ധരിക്കുന്ന ഫാഷൻ ആക്‌സസറിയായും ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നമായും സ്‌മാർട്ട് ഗ്ലാസുകളെ മാറ്റുകയാണ് ലക്ഷ്യം. ഭാവിയിൽ ഐഫോൺ, ആപ്പിൾ വാച്ച്, എയർപോഡ്സ് എന്നിവ പോലെ വിവിധ പതിപ്പുകളിലായി ഈ ഉൽപ്പന്നം അവതരിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഷവോമി 17ടി ഇന്ത്യയിലേക്ക്; വിലയും ഫീച്ചറുകളും സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്; ജൂൺ 4ന് ലോഞ്ച്
ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോണിന്‍റെ കൂടുതൽ ഡിസൈൻ വിവരങ്ങൾ ചോർന്നു