മടക്കിയെടുക്കാവുന്ന ഡിസ്‌പ്ലേ; മോട്ടോറോള റേസര്‍ ഇന്ത്യയില്‍ എന്നുവരും?

By Web TeamFirst Published Nov 19, 2019, 9:35 PM IST
Highlights

വിസ്മയിപ്പിക്കുന്ന ഈ ഗാഡജ്റ്റ് എന്ന് ഇന്ത്യയില്‍ വരുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ റേസറിനായി രജിസ്‌ട്രേഷന്‍ തുറന്നിരുന്നു. കൂടാതെ വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി ഇന്ത്യന്‍ വിപണിയിലും വരുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു

കൊച്ചി: ഈ വര്‍ഷം വിപണി കണ്ട ഏറ്റവും ആവേശകരമായ ഫോണുകളില്‍ ഒന്നാണ് മോട്ടറോള റേസര്‍. മടക്കിയെടുക്കാവുന്ന ഡിസ്‌പ്ലേ വന്‍ തോതില്‍ ആരാധകരെ ആകര്‍ഷിക്കുന്നതായാണ് സൂചന. വിസ്മയിപ്പിക്കുന്ന ഈ ഗാഡജ്റ്റ് എന്ന് ഇന്ത്യയില്‍ വരുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ റേസറിനായി രജിസ്‌ട്രേഷന്‍ തുറന്നിരുന്നു. കൂടാതെ വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി ഇന്ത്യന്‍ വിപണിയിലും വരുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, മോട്ടറോള ഇന്ത്യ ഇതുവരെ ഇന്ത്യയിലെ റേസറിനായി ഒരു വിലയോ അവതരണ തീയതിയോ നല്‍കിയിട്ടില്ല.

ഡിസംബര്‍ അവസാനത്തോടെ ഉത്സവ സീസണില്‍ റേസര്‍ വന്നേക്കാമെന്നാണ് ചില സൂചനകള്‍. യുഎസിലും വില്‍പന ഡിസംബറില്‍ ആരംഭിക്കും. ഇങ്ങനെ വന്നാല്‍, 2020 ന്റെ തുടക്കത്തില്‍ ഇന്ത്യക്ക് ഈ ഉപകരണം കാണാന്‍ കഴിയുമെന്നാണു വിലയിരുത്തുന്നത്. സാംസങ് ഗാലക്‌സി ഫോള്‍ഡിന് പകരമായി ഇന്ത്യന്‍ വിപണിയില്‍ അവതരിക്കാനാണ് മോട്ടോറോള തയ്യാറെടുക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനാല്‍, പുതിയ റേസറിനായി 2020 ജനുവരി അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നു സാരം. ആഗോളതലത്തില്‍, 1,500 ഡോളറിനാണ് റേസര്‍ ലഭിക്കുന്നത്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏതാണ്ട് 1.07 ലക്ഷം രൂപയാവും. റേസര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്നില്ലെങ്കില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയും നികുതിയും പുറമേ വന്നേക്കാം.

അതിനാല്‍, മോട്ടറോള റേസറിന് യുഎസില്‍ ചിലവാകുന്നതിനേക്കാള്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും അധികം ഇന്ത്യയില്‍ ഈടാക്കാനുള്ള സാധ്യതയുണ്ട്. അതായത് മോട്ടറോള പ്രാദേശികമായി ഫോണ്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് പുതിയ റേസറിനായി 1.4 ലക്ഷം രൂപ വരെ നല്‍കേണ്ടി വന്നേക്കാമെന്നു ചുരുക്കം. സാംസങ് ഗാലക്‌സി ഫോള്‍ഡിനൊപ്പം താരതമ്യം ചെയ്യുമ്പോള്‍ കാഴ്ചയില്‍ മോട്ടറോള റേസര്‍ വ്യത്യസ്തമല്ല. ഫോള്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് സ്‌റ്റൈലിലും പ്രായോഗികതയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു മാത്രം.

ഫ്‌ളിപ്പ് ഫോണ്‍ ഫോം ഫാക്ടര്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്, അതേസമയം സ്‌റ്റൈലിഷ് ഡിസൈന്‍ വിപണിയിലുള്ള എന്തിനേക്കാളധികം വ്യത്യസ്തമാകുകയും ചെയ്യുന്നു. ഫ്‌ളിപ്പ് ഫോണിനായി തീവ്രമായി കാത്തിരിക്കുകയാണെങ്കില്‍, പുതിയ മോട്ടോറേസറിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ലെന്നാണ് ടെക്കികളുടെ വിലയിരുത്തല്‍. എന്തായാലും കാണാന്‍ പോകുന്ന പൂരം കാത്തിരുന്നു കാണുക തന്നെ!

click me!