
വാഷിംഗ്‌ടണ്‍: അമേരിക്കക്കാരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ട്രംപ് മൊബൈല്‍ വിപണിയിലേക്ക്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ടി1 ഫോണ്‍ ആളുകളിലേക്ക് എത്തുന്നത്. ഈ ആഴ്‌ച തന്നെ ഫോണുകള്‍ ആളുകളിലേക്ക് എത്തിത്തുടങ്ങുമെന്ന് കമ്പനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. യുഎസില്‍ അസംബിള്‍ ചെയ്‌ത ടി1 ഫോണിന്‍റെ ഭാഗങ്ങളെല്ലാം അമേരിക്കയില്‍ തന്നെ നിര്‍മ്മിച്ചതാണ് എന്നാണ് ട്രംപ് ഓര്‍ഗനൈസേഷന്‍റെ അവകാശവാദം. 499 യുഎസ് ഡോളറാണ് ട്രംപ് മൊബൈല്‍ ടി1 ഫോണിന്‍റെ (Trump Mobile T1 phone) വില.
2025 ജൂണില്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേര്‍ന്നാണ് ടി1 ഫോണ്‍ പ്രഖ്യാപിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഡിസൈനായിരുന്നു ഫോണിന്‍റെ പ്രധാന ആകര്‍ഷണം. പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിക്കുന്നു എന്ന് തുടക്കത്തില്‍ അവകാശപ്പെട്ടിരുന്ന ടി1 ഫോണ്‍ 100 യുഎസ് ഡോളര്‍ നല്‍കി ആയിരക്കണക്കിന് പേരാണ് അമേരിക്കയില്‍ ബുക്ക് ചെയ്തത്. ഈ തുക റീഫണ്ട് ചെയ്യാനാവുന്നതാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫോണിന്‍റെ ലോഞ്ച് അനിശ്ചിതമായി നീളുകയായിരുന്നു. 2025 ഓഗസ്റ്റ് മാസം ടി1 ഫോണ്‍ പുറത്തിറങ്ങുമെന്നായിരുന്നു ട്രംപ് ഓര്‍ഗനൈസേഷന്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഫോണ്‍ വൈകിയതോടെ, മുന്‍കൂര്‍ ബുക്ക് ചെയ്‌തവര്‍ അടുത്തിടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
'മെയ്‌ഡ് ഇന്‍ ദി യുഎസ്' എന്ന അവകാശവാദത്തോടെയാണ് ടി1 ഫോണ്‍ ട്രംപിന്‍റെ കമ്പനി പ്രഖ്യാപിച്ചത്. ഈ ആപ്‌തവാക്യം പിന്നീട്, അമേരിക്കന്‍ മൂല്യങ്ങള്‍ക്കുചിതമായ ഫോണ്‍ എന്നാക്കി തിരുത്തി. ടി1 ഫോണിന് 499 യുഎസ് ഡോളറാകും അമേരിക്കയില്‍ വിലയെന്നായിരുന്നു പ്രഖ്യാപനം. റീചാര്‍ജിനായി മാസം തോറും 47.45 ഡോളര്‍ നല്‍കണമെന്നും കമ്പനി അറിയിച്ചിരുന്നു. നിലവില്‍ അമേരിക്കയില്‍ എടി&ടി, വെലിസോണ്‍, ടി-മൊബൈല്‍ എന്നീ മൂന്ന് കമ്പനികളാണ് മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രധാന ഓപ്പറേറ്റര്‍മാര്‍. '47 ഡോളര്‍ പ്ലാന്‍' റീചാര്‍ജ് ചെയ്യുമ്പോള്‍ പരിധിയില്ലാത്ത കോളും ഡാറ്റയും മെസേജിംഗും ടെലിഹെല്‍ത്ത് സൗകര്യവും റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കുമെന്നും ട്രംപ് മൊബൈല്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.