2023 ലെ റിപ്പബ്ലിക് ദിന പരേഡിന് അഴകേകാന്‍ 23 പ്ലോട്ടുകള്‍

First Published Jan 24, 2023, 12:02 PM IST

റിപ്പബ്ലിക് ഡേ പരേഡുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ദില്ലി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഇടം കിട്ടാതെപോയ റിപബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളത്തിനും ഫ്ലോട്ടുണ്ട്. കേരളത്തിന്‍റെ താളവും, ഭംഗിയും, കരുത്തും ഇഴുകിചേർന്ന “ബേപ്പൂർ റാണി” എന്ന ടാബ്ലോ ദില്ലിയിൽ തയ്യാറായിക്കഴിഞ്ഞു. അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കി. പെൺകരുത്ത് കാട്ടുന്ന പ്രമേയമാണ് ഇത്തവണ കേരളം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ഇരുപത്തിയൊന്ന് ഫ്ലോട്ടുകളാണ് റിപബ്ലിക ദിനത്തിൽ കർത്തവ്യ പഥിനെ അലങ്കരിക്കുക. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദു പ്രഭ. 

കളരിപ്പയറ്റും, ശിങ്കാരിമേളവും, ഇരുള വിഭാഗത്തിന്‍റെ നൃത്തവുമൊക്കെയായി വനിതകൾ മാത്രം നിറഞ്ഞു നിൽക്കുന്നതാണ് കേരളത്തിന്‍റെ ടാബ്ലോ. ഉണ്ണിയാർച്ച മുതൽ കുടുംബശ്രീ വരെ മലയാളത്തിന്‍റെ പെൺപെരുമ മുഴുവൻ ഉൾപ്പെടുത്തിട്ടുണ്ട്. 

2023 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ സംസ്കാരവും പുരോഗതിയും ചിത്രീകരിക്കാൻ 23 ടാബ്ലോകളാണ് ഒരുങ്ങിയിരിക്കുന്നത്. 23 ടാബ്ലോകളിൽ 17 എണ്ണം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളതും ആറെണ്ണം വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ളതുമാണ്.

ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക, സാമൂഹിക പുരോഗതി' എന്നിവയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകാൻ 23 ടേബിളുകള്‍ക്കാണ്  കേന്ദ്ര പ്രതിരോധ മന്ത്രാലയം അന്തിമാനുമതി നല്‍കിയിരിക്കുന്നത്. 

ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര-ബാഹ്യ സുരക്ഷ എന്നിവ ചിത്രീകരിക്കുന്ന പ്ലോട്ടുകളാണ് അണിനിരക്കുക. 

വിദഗ്ധ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ഈ 23 പ്ലോട്ടുകളും തെരഞ്ഞെടുത്തിട്ടുള്ളത്. പ്രമേയം, അവതരണം, സൗന്ദര്യശാസ്ത്രം, പ്ലോട്ടുകളുടെ സാങ്കേതിക ഘടകങ്ങൾ എന്നിവയെ കുറിച്ച് സംസ്ഥാന പ്രതിനിധികളുമായി കമ്മിറ്റി അംഗങ്ങൾ നിരവധി തവണ ചര്‍ച്ച ചെയ്ത ശേഷമാണ് നിലവിലെ പ്ലോട്ടുകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. 

സാംസ്കാരിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം (കേന്ദ്ര സായുധ പോലീസ് സേന), ആഭ്യന്തര മന്ത്രാലയം (നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ), ഭവന, നഗരകാര്യ മന്ത്രാലയം (കേന്ദ്ര പൊതുമരാമത്ത് വകുപ്പ്), ഗോത്രകാര്യ മന്ത്രാലയം, കൃഷി മന്ത്രാലയം എന്നിവയിൽ നിന്നീ വകുപ്പുകളാണ് റിപ്പബ്ലിക് ദിനത്തില്‍ പ്ലോട്ടുകള്‍ അവതരിപ്പിക്കുന്ന വകുപ്പുകള്‍. 

നോർത്തേൺ സോൺ, സെൻട്രൽ സോൺ, ഈസ്റ്റേൺ സോൺ, വെസ്റ്റേൺ സോൺ, സതേൺ സോൺ, നോർത്ത് ഈസ്റ്റേൺ സോൺ എന്നിങ്ങനെ ആറ് സോണുകളായി തരംതിരിച്ച് സോണൽ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ / യുടികളുടെ പട്ടിക തെരഞ്ഞെടുത്തതെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണഗതിയിൽ, റിപ്പബ്ലിക് ദിന പരേഡിനായി സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഏകദേശം 15 ടാബ്‌ലോകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഇതാണ് ഇത്തവണ 23 മായി ഉയര്‍ന്നത്.

അസം, അരുണാചൽ പ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് പരേഡിൽ പ്ലോട്ടുകള്‍ പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. 

ജമ്മു & കശ്മീർ, ലഡാക്ക്, ദാദർ നഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് പുറമേ പ്ലോട്ടുകള്‍ അവതരിപ്പിക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിനാചരണങ്ങള്‍ നടക്കുക നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ, കർത്തവ്യ പാതയിൽ (പഴയ രാജ്പഥ് ) ആയിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്. 
 

click me!