ചെന്നൈയിലെ ഈ ചേരി ഇപ്പോള്‍ പഴയ സ്ഥലമല്ല!

First Published Nov 20, 2021, 4:35 PM IST

എണ്ണായിരത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയാണ് ചെന്നൈയിലെ കണ്ണഗി നഗര്‍. പായല്‍ പിടിച്ച ചുവരുകളും, പൊട്ടിപൊളിഞ്ഞ മതിലുകളുമുള്ള അവിടം ഇപ്പോള്‍ ഒരു ചിത്രപ്പുരയാണ്.പഴയ ചേരിയുടെ മുഖഛായ തന്നെ മാറിയിരിക്കുന്നു.

 ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്ന് ചേരിയുടെ മുന്‍ഭാഗങ്ങളിലും ചുവരുകളിലും വലുപ്പമുള്ള ചുവര്‍ച്ചിത്രങ്ങള്‍ വരച്ച് ചേര്‍ത്തിരിക്കുന്നു. 

ചായക്കൂട്ടുകള്‍ കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രങ്ങളുടെ ഒരു പുതിയ ലോകമാണ് ആ ചേരി ഇന്ന്. നഗരത്തിലെ ആദ്യത്തെ കലാജില്ലയെന്ന പദവിയും ഇനി അതിന് സ്വന്തം.  

ചെന്നൈ കോര്‍പ്പറേഷന്റെ ക്ഷണപ്രകാരം St+art India Foundation ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇറ്റാലിയന്‍ സമകാലിക ആര്‍ട്ട് ക്യൂറേറ്റര്‍ ജിയൂലിയ അംബ്രോഗിയുടെ സഹസ്ഥാപനമാണ് അത്. 

15 കലാകാരന്മാരാണ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചത്. ചെന്നൈയിലെ മത്സ്യത്തൊഴിലാളി സമൂഹങ്ങളിലെ സ്ത്രീകളുടെ ജീവിതമാണ് ചിത്രങ്ങളുടെ പ്രമേയം. കണ്ണഗി നഗറിന്റെ പ്രതിച്ഛായ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. 

ഒരു തുറസ്സായ ആര്‍ട്ട് മ്യൂസിയം സൃഷ്ടിക്കുന്നതിലൂടെ, ആളുകളെ കൂടുതലായി ഈ പ്രദേശത്തേയ്ക്ക് ആകര്‍ഷിക്കാനാകുമെന്ന് St+art പ്രതീക്ഷിക്കുന്നു.      

ചെന്നൈയിലെ ഏറ്റവും പഴയതും വലുതുമായ പുനരധിവാസ കോളനികളില്‍ ഒന്നാണ് കണ്ണഗി നഗര്‍. 2004 -ലെ സുനാമിയെ തുടര്‍ന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇവിടേക്ക് താമസം മാറിയത്. 


അവര്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നിരവധിയാണ്. രണ്ടു പതിറ്റാണ്ടുകളായി അവര്‍ നീതിക്കായുള്ള സമരത്തിലാണ്. അപ്രതീക്ഷിതമായി കടന്ന് വന്ന മഹാമാരി ഇപ്പോള്‍ അവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. 

അതുകൊണ്ട് തന്നെ, കലാജില്ല പദവി നല്‍കി കണ്ണഗി നഗറിന്റെ മുഖം മിനുക്കുന്നതിനേക്കാള്‍ പരിഹരിക്കേണ്ട ഗുരുതരമായ കാര്യങ്ങള്‍ വേറെയുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 


'പല വീടുകളിലും ഇപ്പോഴും ടാപ്പുവെള്ളം ലഭ്യമല്ല. മുഴുവന്‍ പ്രദേശത്തിനും മെച്ചപ്പെട്ട പൈപ്പ്‌ലൈന്‍ ആവശ്യമാണ്. കലാ ജില്ലയില്‍ തെറ്റൊന്നുമില്ല, എന്നാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്, ''ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസോഴ്സ് സെന്റര്‍ ഫോര്‍ ദി ഡിപ്രൈവ്ഡ് അര്‍ബന്‍ കമ്മ്യൂണിറ്റീസ് (IRCDUC) യിലെ സ്വതന്ത്ര ഗവേഷകയായ വനേസ പീറ്റര്‍ പറയുന്നു.  

click me!