വണ്ടി 'ക്ലച്ച്' പിടിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!

First Published Jan 4, 2021, 4:46 PM IST

ഒരു വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ക്ലച്ചുകള്‍. ക്ലച്ചുകള്‍ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നില്ലെങ്കില്‍ ഡ്രൈവിംഗ് ദുഷ്‍കരമാകുന്നതിനൊപ്പം വാഹനത്തിന്‍റെ ആയുസ് തന്നെ കുറഞ്ഞേക്കാം. പലരും ക്ലച്ചിനെ ചവിട്ടിത്തേക്കുകയാണ് പതിവ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുകാരണം മുട്ടന്‍ പണിയാവും കിട്ടുക. ഇതാ ക്ലച്ചിനെപ്പറ്റി അറിയേണ്ടതെല്ലാം.

ഗിയറും ക്ലച്ചും ബ്രേക്കുമൊക്കെ ഡ്രൈവിംഗ് പഠിച്ചുതുടങ്ങുന്ന കാലം മുതല്‍ പലര്‍ക്കും പേടി സ്വപ്‍നമായിരിക്കും. തലയിണ മന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‍ത ചില സംശയങ്ങളും ഈ വാഹനഭാഗങ്ങളെപ്പറിയുണ്ട്. ഇതില്‍ത്തന്നെ പലര്‍ക്കും ഏറ്റവും വില്ലനാകുന്നത് ക്ലച്ചാണ്. എന്നാല്‍ ഒരു വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ക്ലച്ചുകള്‍. ക്ലച്ചുകള്‍ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നില്ലെങ്കില്‍ ഡ്രൈവിംഗ് ദുഷ്‍കരമാകുന്നതിനൊപ്പം വാഹനത്തിന്‍റെ ആയുസ് തന്നെ കുറഞ്ഞേക്കാം. അതുകൊണ്ടാവാം 'ക്ലച്ച് പിടിക്കുന്നില്ല' എന്ന പ്രയോഗം തന്നെ മലയാളത്തില്‍ ഉള്ളത്. എന്നാല്‍ മാനുവൽ കാറുകളിൽ ഒരുപക്ഷേ ഏറ്റവും മോശമായി പരിപാലിക്കപ്പെടുന്നത് അതിലെ ക്ലച്ച് ആയിരിക്കും എന്നതാണ് മറ്റൊരു കൌതുകം. പലരും ക്ലച്ചിനെ ചവിട്ടിത്തേക്കുകയാണ് പതിവ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുകാരണം മുട്ടന്‍ പണിയാവും കിട്ടുക.
undefined
വാഹനത്തിന്‍റെ എഞ്ചിനിൽ നിന്നും ചക്രങ്ങളിലേക്ക് അയക്കുന്ന ശക്തിയെ നിയന്ത്രിക്കുന്നതിനുള്ള സം‌വിധാനമാണ്‌ ക്ലച്ച്. എഞ്ചിനും ഗിയർബോക്സിനും ഇടയിലാണ് ക്ലച്ചിന്റെ സ്ഥാനം. എഞ്ചിന്റെ പല വേഗതയിലുള്ള കറക്കത്തെ, ആഘാതമോ കുലുക്കമോ കൂടാതെ ഗിയർബോക്സിലെത്തിക്കാന്‍ സഹായിക്കുന്നത് ക്ലച്ചാണ്.
undefined
ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഇത് കാറിന്‍റെ ആരോഗ്യത്തെ ബാധിക്കും. എപ്പോഴും ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ക്ലച്ചമര്‍ത്തുന്നത് ക്ലച്ച് ബെയറിംഗിനെ തകരാറിലാക്കും. ക്ലച്ചും ഗിയര്‍ ബോക്സും എളുപ്പം കേടാകുന്നതിന് ഇത് ഇടയാക്കും. മാത്രമല്ല പിന്നിലും വശങ്ങളിലുമൊക്കെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളിലും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും. അതിനാല്‍ ഈ ശീലം തീര്‍ച്ചയായും ഒഴിവാക്കുന്നതാണ് ഉചിതം.
undefined
എപ്പോഴൊക്കെ ബ്രേക്കിനൊപ്പം ക്ലച്ച് ചവിട്ടണമെന്നത് പലര്‍ക്കും ധാരണയുണ്ടാവില്ല. കാര്‍ പൂര്‍ണമായും നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ ബ്രേക്ക് ആദ്യം പതിയെ ചവിട്ടുക. തുടര്‍ന്ന് താഴ്ന്ന ഗിയറിലേക്ക് ഉടന്‍ മാറരുത്. ആര്‍പിഎം നില താഴുന്നത് വരെ ബ്രേക്കില്‍ ചവിട്ടി തുടരുക. ആര്‍പിഎം നില കുറഞ്ഞെന്ന് ഉറപ്പായാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം.
undefined
അതായത് ട്രാഫിക് സിഗ്നലിലെ നിറം ചുവപ്പാണെന്നു കണ്ടാല്‍ ആദ്യം ബ്രേക്ക് ചവിട്ടണം. കാറിന്‍റെ വേഗത കുറഞ്ഞാല്‍ ക്ലച്ചമര്‍ത്തി ഗിയര്‍ താഴ്‍ത്തുക. തുടര്‍ന്ന് ക്ലച്ച് പൂര്‍ണമായും വിടുക. വീണ്ടും ബ്രേക്ക് ചവിട്ടുക. തുടര്‍ന്ന് കാര്‍ പൂര്‍ണമായും നിശ്ചലമാകുന്നതിന് തൊട്ടുമുമ്പ് ക്ലച്ചമര്‍ത്തി ന്യൂട്രല്‍ ഗിയറിലേക്ക് മാറുക. ഇക്കാര്യം ശ്രദ്ധിക്കുക വാഹനം പൂര്‍ണമായും നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്ലച്ച് അമര്‍ത്താന്‍ മറക്കരുത്. കാരണം വാഹനത്തിന്‍റെ എഞ്ചിന്‍ 'കുത്തി' നില്‍ക്കുന്നതിന് ഇടയാകും.
undefined
അതുപോലെ ക്ലച്ച് പെഡലില്‍ കാലുവെച്ചുള്ള ഡ്രൈവിംങ് നിര്‍ബന്ധമായും ഒഴിവാക്കുക. ഗിയർ മാറേണ്ടപ്പോൾ മാത്രം ക്ലച്ചിൽ കാൽ വയ്ക്കുക. അല്ലാത്ത സമയത്ത് ക്ലച്ചിന്റെ ഏഴയലത്ത് നിങ്ങളുടെ കാൽ കൊണ്ടുവരരുത്. കാരണം ക്ലച്ച് പെഡലിലെ നേരിയെ സ്പർശം പോലും അതിൽ മർദം ഉണ്ടാക്കുകയും, സങ്കീർണമായ ഗിയർ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ക്ലച്ച് പെഡലില്‍ കാലുവെക്കുന്നതുവഴി ക്ലച്ച് ഭാഗികമായി പ്രവര്‍ത്തിക്കാനും അതുവഴി ചൂട് അധികമായി ഉല്‍പാദിപ്പിക്കപ്പെടാനും ക്ലച്ച് പാര്‍ട്ട്‌സുകള്‍ക്ക് തേയ്മാനം സംഭവിക്കാനും സാധ്യതയുണ്ട്.
undefined
ഒരു ഗിയറിൽനിന്നു മറ്റൊരു ഗിയറിലേക്കു മാറ്റുന്ന ഇടവേളകളിൽ വാഹനത്തിനു കൂടുതൽ കുതിപ്പു കിട്ടാൻ പലരും ക്ലച്ചിൽനിന്നു പൂർണമായും കാലെടുക്കാറില്ല. ഇതും ക്ലച്ചിന് ദോഷകരമാണ്. ദീർഘനേരം ട്രാഫിക്കിൽ നിർത്തിയിടേണ്ടി വരുമ്പോൾ ഗിയറിലിട്ട്, ക്ലച്ച് ചവുട്ടിപ്പിടിക്കരുത്. പകരം വാഹനം ന്യൂട്രലിൽ ഇടുന്നതാണ് നല്ലത്.
undefined
കയറ്റം ഇറങ്ങുമ്പോഴും കയറുമ്പോഴും തുടർച്ചയായി ഹാഫ് ക്ലച്ചിൽ ആക്സിലേറ്റർ കൊടുക്കുന്നത് നല്ലതല്ല. പരമാവധി ഗിയറിൽ തന്നെ വാഹനം ഓടിക്കാൻ ശ്രമിക്കുക. കയറ്റത്തിൽ നിർക്കേണ്ടി വരുമ്പോൾ ക്ലച്ചിനു പകരം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുക. നഗരത്തിരക്കിൽ ഹാഫ് ക്ലച്ചിൽ വാഹനം ഓടിക്കുന്നതും ശരിയല്ല. ക്ലച്ചിൽനിന്നു കാലെടുക്കുന്നതിനൊപ്പം 1200–1300 ആർപിഎമ്മിൽ ആക്സിലേറ്റർ കൊടുത്തു വേണം വാഹനം മുന്നോട്ടെടുക്കാൻ.
undefined
click me!