ടി20 ലോകകപ്പ്: വാര്‍ഷിക പ്രതിഫലത്തില്‍ മുന്നിലുള്ള 8 താരങ്ങള്‍, ഒന്നാം സ്ഥാനത്ത് കോലിയല്ല; ഇംഗ്ലണ്ട് താരം

First Published Oct 21, 2021, 6:04 PM IST

ദുബായ്: ടി20(T20) ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ വരവോടെ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ വന്‍കുതിപ്പാണ് ഉണ്ടായത്. ഐപിഎല്ലും(IPL) ബിഗ് ബാഷും(Big Bash) കരീബിയന്‍ പ്രീമിയര്‍ ലീഗുമെല്ലാം(CPL) കോടികള്‍ വാരിയെറിഞ്ഞാണ് കളിക്കാരെ സ്വന്തമാക്കുന്നത്. പണകിലുക്കത്തില്‍ ഐപിഎല്ലിനെ വെല്ലാന്‍ ലോകത്ത് തന്നെ മറ്റൊരു ലീഗില്ല. എന്നാല്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ ലഭിക്കുന്ന വാര്‍ഷിക പ്രതിഫലത്തിന്‍റെ മാത്രം കണക്കെടുത്താല്‍ ഇന്ത്യന്‍ താരങ്ങളല്ല ഒന്നാം സ്ഥാനത്തുള്ളത്. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിലെ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം പറ്റുന്നത് ആരൊക്കെയെന്ന് നോക്കാം.

ഷാക്കിബ് അല്‍ ഹസന്‍: ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഷാക്കിബ് അല്‍ ഹസന്‍. 41 ലക്ഷം രൂപയാണ് ഷാക്കിബിന്‍റെ വാര്‍ഷിക പ്രതിഫലം. ബംഗ്ലാദേശിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതാണ് ഷാക്കിബിന് ടീമിലെ മറ്റ് കളിക്കാരെക്കാള്‍ വാര്‍ഷിക പ്രതിഫലത്തിന് അര്‍ഹനാക്കുന്നത്.

ബാബര്‍ അസം: ലോകകപ്പില്‍ പാക് ബാറ്റിംഗിന്‍റെ നെടുന്തൂണാണ് നായകന്‍ ബാബര്‍ അസം. 62.40 ലക്ഷം രൂപയാണ് അസമിന്‍റെ വാര്‍ഷിക പ്രതിഫലം.

കീറോണ്‍ പൊള്ളാര്‍ഡ്: വെസ്റ്റ് ഇന്‍ഡീസിനെ ഏകദിനത്തിലും ടി20യിലും നയിക്കന്നതാണ് കീറോണ്‍ പൊള്ളാര്‍ഡാണ്. അതുകൊണ്ടുതന്നെ ടീമിലെ മറ്റ് താരങ്ങളെക്കാള്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നതും പൊള്ളാര്‍ഡിനാണ്. 1.73 കോടി രൂപയാണ് പൊള്ളാര്‍ഡിന്‍റെ വാര്‍ഷിക പ്രതിഫലം.

കെയ്ന്‍ വില്യംസണ്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ആദ്യ കിരീടത്തിലേക്ക് നയിക്കാനിറങ്ങുന്ന നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ വാര്‍ഷിക പ്രതിഫലം 1.77 കോടി രൂപയാണ്.

ടെംബാ ബാവുമ: ദക്ഷിണാഫ്രിക്കയെ ഇത്തവണ ലോകകപ്പില്‍ നയിക്കുന്നത് ടെംബാ ബാവുമയാണ്. 2.5 കോടി രൂപയാണ് ബാവുമയുടെ വാര്‍ഷിക പ്രതിഫലം. ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിന്‍റെ നായകന്‍ കൂടിയാണ് ബാവുമ.

ആരോണ്‍ ഫിഞ്ച്: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന താരം ക്യാപറ്റന്‍ ആരോണ്‍ ഫിഞ്ചാണ്. 4.87 കോടി രൂപയാണ് ഫിഞ്ചിന്‍റെ വാര്‍ഷിക പ്രതിഫലം.

വിരാട് കോലി: ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ടി20 ലീഗിന്‍റെ ഭാഗമാണെങ്കിലും ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന കളിക്കാരുടെ വാര്‍ഷിക പ്രതിഫലം എടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം സ്ഥാനത്താണ്. ഏഴ് കോടി രൂപയാണ് വിരാട് കോലിക്ക് ബിസിസിഐയില്‍ നിന്ന് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്.

ജോസ് ബട്‌ലര്‍: ലോകകപ്പില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം പറ്റുന്ന കളിക്കാരന്‍ വിരാട് കോലിയല്ലെന്നത് പലര്‍ക്കും അത്ഭുതമാകാം. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. അത് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറാണ്. 19 കോടി രൂപയാണ് ബട്‌ലര്‍ക്ക് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. ഏകദിന, ടെസ്റ്റ്, ടി20 ടീമുകളില്‍ കളിക്കുന്നു എന്നതാണ് ബട്‌ലറുടെ പ്രതിഫലം ഉയര്‍ത്തുന്നത്.

click me!