ടി20 ലോകകപ്പ്: നോബോളല്ലേ...ഉറങ്ങുവാണോ അംപയര്‍? കെ എല്‍ രാഹുലിന്‍റെ ഔട്ടില്‍ ആഞ്ഞടിച്ച് ആരാധകര്‍

First Published Oct 25, 2021, 2:06 PM IST

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) തീപാറും പോരാട്ടത്തില്‍ പാകിസ്ഥാനോട്(Pakistan) ഇന്ത്യ(Team India) 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് മുന്‍നിരയുടെ ബാറ്റിംഗ് പരാജയമായിരുന്നു ഒരു പ്രധാന കാരണം. പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക്(Shaheen Afridi) മുന്നില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും(Rohit Sharma) കെ എല്‍ രാഹുലും(KL Rahul) 2.1 ഓവറുകള്‍ക്കിടെ വീണു. ഇരു വിക്കറ്റും ഇന്ത്യക്ക് കനത്ത ആഘാതവും സമ്മര്‍ദവുമാണ് നല്‍കിയത്. എന്നാല്‍ രാഹുല്‍ പുറത്തായത് നോബോളിലാണ് എന്നാണ് ഉയരുന്ന വാദം. മത്സരത്തിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വലിയ വിമര്‍ശനം അംപയറിംഗിനെതിരെ ഉന്നയിക്കുകയാണ് ആരാധകര്‍. അംപയര്‍ ഉറങ്ങുകയാണോ എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നാലാം പന്തില്‍ തന്നെ വീണു. ഹിറ്റ്‌മാനെ(0) ഷഹീന്‍ അഫ്രീദി ഇന്‍-സ്വിങ്ങറില്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. 

അഫ്രീദി മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ രാഹുലിനെ(3) ബൗള്‍ഡാക്കി. ഓവറിലെ ആദ്യ പന്ത് ഇന്‍-സ്വിങ്ങറായി കുത്തിത്തിരിഞ്ഞപ്പോള്‍ രാഹുലിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

ഇതോടെ 6-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ നായകന്‍ വിരാട് കോലിയും(57), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചേര്‍ന്നാണ്(39) മാന്യമായ സ്‌കോറില്‍(151-7 (20 Ov) എത്തിച്ചത്. 

രാഹുലിനെ പുറത്താക്കിയ പന്ത് ഒന്നൊന്നര ഇന്‍-സ്വിങ്ങറായിരുന്നു എങ്കിലും ഷഹീന്‍ അഫ്രീദി ക്രീസിന് പുറത്തുനിന്നാണ് പന്തെറിഞ്ഞത് എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 

നോബോളിലാണോ രാഹുല്‍ പുറത്തായതെന്നും അംപയര്‍മാര്‍ ഉറങ്ങുകയായിരുന്നോ എന്നും ചോദിക്കുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. 

ഐസിസി ഇതൊക്കെ കാണുന്നുണ്ടോ എന്നാണ് ഒരു ആരാധകന്‍റെ ചോദ്യം. ആരും രാഹുല്‍ പുറത്തായ പന്തിനെ കുറിച്ച് വാ തുറക്കുന്നില്ല എന്ന് ഒരു ആരാധകന്‍ പരാതിപ്പെടുന്നു. 

ദുബായില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. 

മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ  ക്യാപ്റ്റൻ ബാബർ അസമും(68*), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും(79*) കളി പാകിസ്ഥാന്‍റെ വരുതിയിലാക്കി. 

ജയത്തോടെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ചരിത്രം കുറിച്ചു പാക് ടീം. ലോകകപ്പിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.  

click me!