വയസ് മൂന്ന്, അണ്ടർ 11 ഗെയിമിലെ ഓൾറൗണ്ടര്‍, പേര് കോറി ആഡംസ്

First Published Sep 7, 2022, 12:38 PM IST

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍. വയസ് വെറും മൂന്ന്. കൂടാതെ, 11 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള ക്രിക്കറ്റ് കളിയിലെ ഔള്‍ റൌണ്ടര്‍. കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാകും. മൂന്നാം വയസില്‍ ബാറ്റേന്തി നില്‍ക്കുന്ന സച്ചിന്‍റെ ചിത്രം കാണാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കുറവ്. എന്നാല്‍ തെറ്റി. ഇത് കോറി ആഡംസ്, ഇംഗ്ലണ്ടിലെ അത്ഭുത ബാലന്‍. 

ഒരു സാധാരണ ക്രിക്കറ്റ് സ്റ്റമ്പിനെക്കാൾ ഉയരം കുറവാണ് കോറി ആഡംസിന്. എന്നാല്‍ തന്‍റെ ഒരു വയസ് മുതല്‍ അവന്‍ ക്രിക്കറ്റ് കളിക്കുന്നു. നഴ്സറിയില്‍ പോകാനുള്ള പ്രായമായില്ലെങ്കിലും 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടക്കുന്ന ക്രിക്കറ്റ് കളിയിലെ ഓള്‍ റൌണ്ടറാണിവന്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുഞ്ഞ് കോറിക്ക് ഇതുവരെ ഒരു സാധാരണ ടീമിനായി കളിക്കാനായിട്ടില്ല. എങ്കിലും തന്‍റെ അച്ഛന്‍റെ  ക്ലബ്ബായ സെന്‍റ് ബ്രിയേല്‍സിന്‍റെ പരിശീലന മത്സരങ്ങളില്‍ അവന്‍ കൃത്യമായി പങ്കെടുക്കുന്നു. 

കൂടാതെ ബ്രിട്ടനിലെ 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടക്കുന്ന മത്സരത്തില്‍ ലിഡ്‌നി സിസിയ്‌ക്കെതിരെ സെന്‍റ്  ബ്രിയേൽസിന് വേണ്ടി കോറി ഒരു മത്സരം കളിച്ചിട്ടുണ്ട്. ആ കളിയില്‍ കോറി ആഡംസ് എന്ന മൂന്ന് വയസുകാരന്‍ മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്രമല്ല പുറത്താകാതെ 12 റണ്‍സും നേടി. കേള്‍ക്കുമ്പോള്‍ അത്ര കാര്യമായി തോന്നുന്നില്ലെങ്കില്‍ ഒന്നുകൂടി കേട്ടോളൂ. കുഞ്ഞ് കോറി പുലര്‍ച്ചെ 5.30 ന് എഴുന്നേറ്റ് തന്‍റെ പരിശീലനം ആരംഭിക്കുന്നു. 

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ ലിഡ്‌നിയിൽ നിന്നുള്ള കോറിയുടെ അച്ഛന്‍ ടോം ആഡംസ് (33) പറയുന്നത് 'എനിക്ക് ഓർമ്മയുള്ളത് മുതൽ കോറി കളിക്കുന്നു. അവൻ അത് നന്നായി ഇഷ്ടപ്പെടുന്നു.' എന്നാണ്. 'അവൻ എന്നെക്കാൾ മികച്ചവനാണെന്ന് ഞാൻ സത്യസന്ധമായി പറയും.' മകനെ കുറിച്ച് പറയുമ്പോള്‍ ടോം ആഡംസ് ആവേശഭരിതനാകുന്നു. '11 വയസ്സിന് താഴെയുള്ള ഒരു ഇന്‍റർ-ക്ലബ് മത്സരത്തിൽ വെറും മൂന്ന് പന്തിലാണ് കുഞ്ഞ് കോറി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പുറത്താകാതെ 12 റൺസും അവന്‍ നേടി. അതായിരുന്നു ഇതുവരെയുള്ള അവന്‍റെ ഏറ്റവും ഉയർന്ന സ്കോർ. അവൻ ഒരു ബാറ്റ്സ്മാനാണ്. അതേ സമയം നല്ലൊരു ബൗളറും കൂടിയാണ്.' അദ്ദേഹം പറയുന്നു.

സെന്‍റ് ബ്രിയേൽസ് എന്ന പേരിൽ ഒരു പ്രാദേശിക ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കാന്‍ മുന്‍കൈയേടുത്തത് ടോം ആഡംസാണ്. അതും കോറി ജനിച്ച അതേ വര്‍ഷം -2018 ല്‍. കോറി ജനിച്ച ശേഷം അവനെയും കൂട്ടിക്കൊണ്ടാണ് ടോം തന്‍റെ എല്ലാ കളികള്‍ക്കും പോയത്. അങ്ങനെ കളി കണ്ട് കോറിയും ഒരു ക്രിക്കറ്ററായി മാറി. ഇന്ന് അവന്‍റെ പ്രിയപ്പെട്ട വിനോദം ക്രിക്കറ്റ് തന്നെ.'കോറി 2019 മുതല്‍ എല്ലാ കളിയും കാണാന്‍ എന്‍റെയൊപ്പം വന്നു.  അതിനുശേഷം അവന്‍ ബാറ്റും പന്തും കൈയിലെടുത്ത് തുടങ്ങി. രണ്ട് കുട്ടികളുടെ അച്ഛനായ ടോം പറയുന്നു. 

'ഒരു വയസ് തികഞ്ഞ് വെറും നാല് മാസം കഴിഞ്ഞപ്പോൾ, അവന് കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിയുന്നുണ്ടെന്ന് കണ്ടു. അപ്പോള്‍ ഞങ്ങൾ അവന് ക്രിക്കറ്റ് കിറ്റ് വാങ്ങി നല്‍കി. ചെറിയ ചെറിയ പാഡുകളും കയ്യുറകളും ഓൺലൈനിൽ നിന്ന് അവന് വേണ്ടി വാങ്ങാന്‍ കഴിഞ്ഞു. കിറ്റ് കിട്ടിയതോടെ കളി മാറി. അവന്‍ എല്ലാ ദിവസവും അതിരാവിലെ എഴുന്നേല്‍ക്കും പിന്നെ തന്നോടൊപ്പം കളിക്കാന്‍ എന്നെ നിര്‍ബന്ധിക്കും. അങ്ങനെ ഞാന്‍ അവന്‍റെ പരിശീലകനുമായെന്ന് ടോം പറയുന്നു. 

സ്കൂൾ കാലം മുതൽ ക്രിക്കറ്റ് അടക്കമുള്ള സ്പോർട്സ് ഇനങ്ങള്‍ കളിക്കുന്ന ടോം ഇന്നൊരു ബില്‍ഡറാണെങ്കിലും ക്രിക്കറ്റ് കളി ഇപ്പോഴും ഇഷ്ടപ്പെടുന്നു. "ഞങ്ങൾക്കടുത്തുള്ള നെറ്റുകളിൽ പരിശീലിക്കാൻ ഞാൻ പലപ്പോഴും അവനെ കൊണ്ടുപോകാറുണ്ട്, ഒരു ക്രിസ്മസിന് അവന് സമ്മാനമായി ഒരു ചെറിയ ബൗളിംഗ് മെഷീൻ നൽകി.പിന്നെ രാവിലെ എഴുന്നേക്കുമ്പോഴേ അവന്‍ പറയുന്നത് 'അച്ഛാ, എനിക്ക് താഴെ ഇറങ്ങി പാഡിംഗ് ചെയ്യണം, നമ്മുക്ക് കളിക്കാം' എന്നാണ്. 

ഇപ്പോള്‍ അവനുണരുമ്പോള്‍ ഞാനും എഴുന്നേല്‍ക്കുമെന്ന് ടോം. 'ഞങ്ങളുടെ ക്ലബ്ബിൽ 9 വയസ്സിന് താഴെയുള്ള ഒരു ജൂനിയർ വിഭാഗമുണ്ട് . എന്നാല്‍ പ്രായം തികയാത്തതിനാല്‍ അവന് ഇതുവരെ ടീമിനൊപ്പം ചേരാനായിട്ടില്ല. അവന്‍റെ പ്രായത്തിലുള്ള കുട്ടികൾക്ക് ബാറ്റ് എടുക്കാൻ പോലും അറിയില്ല. അപ്പോഴാണ് കോറി  കുഞ്ഞുങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള രീതിയിൽ പന്ത് ബൌള്‍ ചെയ്യുന്നത്.' ടോം കൂട്ടിച്ചേര്‍ത്തു. വലുതാകുമ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം ലോകം ചുറ്റിക്കറങ്ങാനാണ് കോറിയുടെ സ്വപ്നമെന്നും ടോം പറയുന്നു. 

click me!