സിറിയയിലേക്ക് 'ആടുമേയ്ക്കാന്‍' പോയവരിപ്പോള്‍ സ്വയം ശപിച്ച് ഈ അവസ്ഥയിലാണ്!

First Published Oct 13, 2021, 6:57 PM IST

സിറിയ-ടര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള മരുഭൂമിയിലാണ് ആ ക്യാമ്പുകള്‍. ഇരുമ്പു കമ്പികള്‍ കൊണ്ട് അതിരിട്ട ക്യാമ്പുകളിലോരോന്നിലും സ്ത്രീകളും കുട്ടികളുമാണ്. ചുറ്റിലും സായുധ കാവല്‍ക്കാര്‍.  ഐസിസില്‍ ചേരാനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പുരുഷന്‍മാര്‍ ഒപ്പം കൊണ്ടുവന്ന കുടുംബാംഗങ്ങളാണ് കൊടും ദുരിതങ്ങള്‍ക്കിടയില്‍ ഇവിടെ കഴിയുന്നത്. 

അറുപതിനായിരത്തോളം പേരാണ് ഈ പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറിലേറെ കുടുംബങ്ങള്‍ വിദേശത്തുനിന്നും വന്നവരാണ്. 2019-ല്‍ ഐസിസ് പരാജയപ്പെട്ടതു മുതല്‍ ഇവിടെയാണ് ഇവരിലേറെയും കഴിയുന്നത്. 
 


അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മുന്‍കൈയില്‍ നടന്ന യുദ്ധത്തില്‍ ഐസിസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ആരുമില്ലാതായ ഇവരെ ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ പല ക്യാമ്പുകളിലായി കഴിയുകയാണ് ഇവര്‍. 

ഇവരെ സിറിയന്‍ മണ്ണില്‍ എത്തിച്ച പുരുഷന്‍മാരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ബാക്കിയുള്ളവരില്‍ ഏറെയും ജയിലിലായി. ചിലരെ കാണാതായി. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കിയായ സ്ത്രീകളും കുട്ടികളും ഇവിടെ നരകജീവിതം ജീവിക്കുകയാണ്. 


അല്‍ ഹോല്‍ എന്നാണ് ഈ മരുഭൂപ്രദേശത്തിന്റെ പേര്. സിറിയയുടെയും ടര്‍ക്കിയുടെയും അതിര്‍ത്തിയിലാണ് ഈ പ്രദേശം. ഐസിസിനെ തറപറ്റിച്ച കുര്‍ദ് പോരാളികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസസിന്റെ (എസ് ഡി എഫ്) അധീനതയിലാണ് ഈ പ്രദേശം. 
 

അറുപതിനായിരത്തോളം പേരാണ് ഈ പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറിലേറെ കുടുംബങ്ങള്‍ വിദേശത്തുനിന്നും വന്നവരാണ്. 2019-ല്‍ ഐസിസ് പരാജയപ്പെട്ടതു മുതല്‍ ഇവിടെയാണ് ഇവരിലേറെയും കഴിയുന്നത്. 
 


അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സൈന്യങ്ങള്‍ ഐസിസുമായുള്ള യുദ്ധത്തിനു ശേഷം സ്ഥലം വിട്ടപ്പോള്‍ യുദ്ധഭൂമിയില്‍ ഒറ്റയ്ക്കായ ഈ സ്ത്രീകളെയും കുട്ടികളെയും ക്യാമ്പുകളിലാക്കുകയും അവരെ അവിടെ പാര്‍പ്പിക്കുകയും ചെയ്യുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസസ് ആണ്. 


പുരുഷന്‍മാരും സ്ത്രീകളും അടങ്ങുന്ന  കുര്‍ദിഷ് പോരാളികളാണ് ഈ ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. യുനിസെഫ് അടക്കമുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ നല്‍കുന്ന ഭക്ഷണവും മരുന്നും മറ്റു വസ്തുക്കളുമാണ് ഇവര്‍ക്കുള്ള ആശ്രയം. 
 

ഐസിസുകാരുടെ കുടുംബാംഗങ്ങളെ തങ്ങളെ ഏല്‍പ്പിച്ചു പോവുക എന്നതല്ലാതെ മറ്റു രാജ്യങ്ങളൊന്നും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് എസ് ഡി എഫിന്റെ പരാതി. ക്യാമ്പുകളുടെ നടത്തിപ്പ് നന്നായി നിര്‍വഹിക്കുന്നുവെങ്കിലും ഒരുപാടു കാലം ഇതു തുടരാനുള്ള സാമ്പത്തിക ശേഷി കുര്‍ദിഷ് വിഭാഗങ്ങള്‍ക്കില്ല. 
 

വിവിധ രാജ്യക്കാരായ ഈ സ്ത്രീകളെയും കുട്ടികളെയും അതാത് രാജ്യങ്ങള്‍ തിരിച്ചുകൊണ്ടു പോവണമെന്നാണ് എസ് ഡി എഫ് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍, ഈ ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതെ വന്‍ ദുരന്തം സംഭവിക്കാനിടയുണ്ട്. അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ അടിയന്തിരമായി ലോക രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. 


പല തരത്തില്‍ പെട്ട സ്ത്രീകളാണ് ഇവിടെയുള്ളത്. ഐസിസിലേക്ക് ആദ്യമേ പോയ സിറിയയിലും സമീപ രാജ്യങ്ങളിലുമുള്ള സ്ത്രീകള്‍, ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും നിന്നുമൊക്കെ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം വന്ന സ്ത്രീകള്‍. ഐസിസുകാര്‍ ലൈംഗിക അടിമകളായി വെച്ചിരുന്ന ഹസാര സ്ത്രീകള്‍.  പല ക്യാമ്പുകളിലും ടെന്റുകളിലുമായാണ് ഇവര്‍ കഴിയുന്നത്. 


യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധി സ്ത്രീകളാണ് ഇവിടെ ഉള്ളത്.  ഭര്‍ത്താക്കന്‍മാരോടു കൂടി ഐസിസ് പ്രദേശങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതില്‍ സ്വയം ശപിക്കുകയാണ് ഇവരിലേറെയുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 


''പ്രണയമോ ഭര്‍ത്താക്കന്‍മാരോടുള്ള സ്‌നേഹമോ ആണ് എല്ലാത്തിനും കാരണം. ഞങ്ങളുടെ ജീവന്റെ സുരക്ഷ പോലും വകവെക്കാതെയാണ് അവര്‍ ഞങ്ങളെ ഈ നരകത്തില്‍ എത്തിച്ചത്. ഇപ്പോള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോവാന്‍ പോലും കഴിയുന്നില്ല. ആരും തിരിഞ്ഞു നോക്കാനില്ല. മരണമാണ് ഇതിലും ഭേദം. ''ഒരു സ്ത്രീ പറയുന്നു. 

സ്വന്തം ഭര്‍ത്താക്കന്‍മാരെയാണ് ഈ സ്ത്രീകളെല്ലാം പഴിക്കുന്നത്. ആയിരങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും അടിമകളാക്കുകയും ചെയ്ത ഭീകരസംഘടനയില്‍ ചേരാന്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടി തങ്ങളെ കൊണ്ടുവന്നത് എന്തിനായിരുന്നു എന്നാണ് പലരും ചോദിക്കുന്നത്. 

കണ്ണൊഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും മറയ്ക്കുന്ന നിഖാബാണ് ക്യാമ്പിനുള്ളില്‍ ഈ സ്ത്രീകള്‍ ധരിക്കുന്നത്. ഐസിസ് പ്രദേശങ്ങളില്‍ ധരിച്ചിരുന്ന അതേ വേഷം. പുറത്തിറങ്ങുമ്പോഴും ഈ വേഷം തന്നെയാണ് മിക്കവര്‍ക്കും. കുട്ടികള്‍ സാധാരണ വേഷം ധരിച്ചു നടക്കുന്നു.
 


അങ്ങേയറ്റം ഭയത്തോടെയാണ് പല സ്ത്രീകളും ഇവിടെ കഴിയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് ഭയം, പുറത്തുള്ളവരെയല്ല. ക്യാമ്പില്‍ തന്നെയുള്ള മറ്റു ചില സ്ത്രീകളെയാണ്. കടുത്ത ഐസിസുകാരായ സ്ത്രീകളെ. 
 


ഐസിസിന്റെ കടുത്ത ചിട്ടയില്‍ വളര്‍ന്നുശീലിച്ച ഇവര്‍ അങ്ങേയറ്റം യാഥാസ്ഥിതികമായാണ് ജീവിക്കുന്നത്.  ഐസിസ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെ ജീവിച്ചോ അതുപോലെ ജീവിക്കണം എന്നാണ് ഇവരുടെ നിര്‍ബന്ധം. 

എന്നാല്‍, വഞ്ചിക്കപ്പെട്ടു എന്നു സ്വയം തോന്നുന്ന പല സ്ത്രീകളും ഐസിസിന്റെ ആശയങ്ങളില്‍നിന്നും പുറത്തുകടന്നു. അത്രയ്ക്ക് അനുഭവിച്ചിട്ടുമുണ്ട് ഇവര്‍. അതിവരെ മാറ്റിമറിച്ചിട്ടുമുണ്ട്.  ആ മാറ്റം അവരുടെ ജീവിതരീതികളിലും കാണാനുണ്ട്. 
 


എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ജീവിക്കുന്നത്. കുട്ടികളോടും അതു തന്നെയാണ് അവര്‍ക്ക് പറയാനുള്ളത്. എന്നാല്‍, ക്യാമ്പിലെ ഐസിസ് സ്ത്രീകള്‍ ഇവര്‍ക്ക് എതിരാണ്. അതിനാല്‍, ക്യാമ്പുകളില്‍ അവര്‍ ആക്രമണങ്ങള്‍ നടത്തുന്നു. 


ദിവസവും എന്തെങ്കിലും വലിയ അക്രമങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്ന് ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന കുര്‍ദ് വനിതാ പോരാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചില ദിവസങ്ങളിലൊക്കെ കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. 


കുറേ ടെന്റുകള്‍ ഈയിടെ ഈ ഐസിസ് സ്ത്രീകള്‍ കത്തിച്ചതായി ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന വനിതാ കുര്‍ദ് പോരാളികള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ത്രീകള്‍ ഇപ്പോഴും ഐസിസിന്റെ വിശ്വാസ പ്രമാണങ്ങള്‍ പിന്തുടരുന്നവരാണ്. 
 


തങ്ങള്‍ അവിടുണ്ടായിരുന്ന സമയത്ത് ഒരു സ്ത്രീയെ ടെന്റുകളിലൊന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ഐസിസ് ആശയങ്ങള്‍ തന്നെ പിന്തുടരണമെന്നാണ് ഇവരുടെ ആവശ്യം. അതിനായി ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ് അവരെന്നും കുര്‍ദ് വിനതാ പോരാളികള്‍ പറയുന്നു.  

കുട്ടികളുടെ കാര്യമാണ് കഷ്ടം. ചിലരൊക്കെ അക്രമാസക്തരാണ്. ബിബിസി സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ ഇവര്‍ കല്ലേറ്റ് നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കാര്യവുമില്ലാതെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ കുട്ടികളെ നിയന്ത്രിക്കാന്‍ അമ്മമാര്‍ക്കും കഴിയാത്ത അവസ്ഥയാണ്. 
 

കടുത്ത വിഷാദത്തിലാണ് മറ്റു ചില കുട്ടികള്‍. നിസ്സംഗരായി എങ്ങോ നോക്കിയിരിക്കുന്ന അനേകം കുട്ടികളെയാണ് കണ്ടതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതം നഷ്ടപ്പെട്ടുപോയ ആ കുട്ടികളുടെ ഭാവി വലിയ ചോദ്യചിഹ്‌നമാണെന്ന് 
എസ് ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നു. 


''യുദ്ധത്തിന്റെയും ബോംബ് സ്‌ഫോനത്തിന്റെയും അരുംകൊലകളുടെയും ചിത്രങ്ങളായിരുന്നു ക്യാമ്പില്‍ വന്ന സമയത്ത് പല കുട്ടികളും വരച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൂക്കളുടെയും നക്ഷത്രങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍അവര്‍ വരയ്ക്കാന്‍ തുടങ്ങി. അത് വലിയ മാറ്റമാണ്. ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന കുര്‍ദിഷ് വനിതാ സേനാവിഭാഗമായ വൈപിജെയുടെ ഒരംഗം പറയുന്നു. 


കുട്ടികളുടെ വളര്‍ച്ചയെയാണ് ഈ അമ്മമാര്‍ ഏറ്റവും ആശങ്കകളോടെ കാണുന്നത്. പ്രായപൂര്‍ത്തിയായാല്‍, കുട്ടികളെ തടവറകളിലേക്ക് മാറ്റും. സുരക്ഷാ ഭീഷണി പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. 


''വളര്‍ച്ചയെത്തിയ കുട്ടികള്‍ ഭീഷണി തന്നെയാണ്്. ക്യാമ്പുകളില്‍ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഒന്നുകില്‍ അവര്‍ ഐസിസ് വഴിയിലേക്ക് തന്നെ തിരിയും. അല്ലെങ്കില്‍, അവരെ അവശേഷിക്കുന്ന ഐസിസുകാര്‍ പിടിച്ചുകൊണ്ടുപോവും. അതിനാല്‍, വലുതാവുമ്പോള്‍ കുട്ടികളെ ജയിലിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. -കുര്‍ദിഷ് വനിതാ സേനാവിഭാഗമായ വൈപിജെയുടെ ഒരംഗം പറയുന്നു. 


മക്കള്‍ വളരല്ലേ എന്നാണ് തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് എന്നാണ് ചില അമ്മമാര്‍ പറഞ്ഞത് എന്നാണ് ഇവരോട് സംസാരിച്ച ബിബിസി റിപ്പോര്‍ട്ടര്‍ പൂനം തനേജ് എഴുതുന്നത്. വളര്‍ന്നാല്‍ അവര്‍ ജയിലിലേക്ക് പോവും. അതോടെ, തങ്ങള്‍ക്ക് ആരും ഇല്ലാതാവുമെന്നാണ് ഇവരുടെ ആധിയെന്നും അവര്‍ എഴുതുന്നു. 
 


അതാത് രാജ്യങ്ങളിലേക്ക് ഇവര്‍ക്ക് തിരിച്ചു പോരാന്‍ കഴിയണം എന്നാണ് ക്യാമ്പുകള്‍ നടത്തുന്ന കുര്‍ദ് പോരാളികള്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍, മിക്ക രാജ്യങ്ങളും ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ല. 
 

കേരളത്തില്‍നിന്നും സിറിയയിലേക്ക് പോയ സ്ത്രീകളെ തിരിച്ചുകൊണ്ടുവരണമെന്ന് അവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത് പോലെ ഇവരില്‍ പലരുടെയും ബന്ധുക്കളുടെ ഭാഗത്തുനിന്നും ആവശ്യം ഉയരുന്നുവെങ്കിലും രാജ്യങ്ങള്‍ ഇതിനു തയ്യാറല്ല. 
 


അതിനാല്‍, എത്ര കാലം ഇവരെ ക്യാമ്പുകളില്‍ താമസിപ്പിക്കാനാവുമെന്ന ചോദ്യം എസ് ഡി എഫ് ഉയര്‍ത്തുന്നു. അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടി എടുത്തില്ലെങ്കില്‍, വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

click me!