'ആണാവാന്‍ മുറിക്കണം', ഫിലിപ്പീന്‍സിലിപ്പോള്‍ ലിംഗാഗ്ര ചര്‍മ്മം മുറിക്കാനുള്ള തിരക്ക്!

First Published Sep 17, 2021, 5:15 PM IST

ഫിലിപ്പീന്‍സിലിപ്പോള്‍ ആണ്‍പിള്ളേരുടെ ചേലാകര്‍മ്മത്തിന്റെ കാലമാണ്. ലിംഗാഗ്ര ചര്‍മ്മം മുറിച്ചുകളയാനുള്ള തിരക്കിലാണ് അവിടെയുള്ള പയ്യന്‍സ്. സമയത്ത് ചേലാകര്‍മ്മം ചെയ്തില്ലെങ്കില്‍ നാണക്കേടാണെന്നാണ് അവര്‍ പറയുന്നത്. കൊവിഡ് കാരണം, ചേലാകര്‍മ്മം നടത്തുന്നതിന് വിലക്കുകളായിരുന്നു ഇതുവരെ. ഈയടുത്ത് അതു നീങ്ങിയതോടെ ആണ്‍കുട്ടികളുമായി മാതാപിതാക്കള്‍ ആശുപത്രികളില്‍ എത്തുകയാണ്. മതവിശ്വാസത്തിന്റെ ഭാഗമായല്ല, സാമൂഹ്യമായ ആചാരങ്ങളുടെ ഭാഗമായാണ് ഇവിടെ ചേലാകര്‍മ്മം നടക്കുന്നത്. 

''കൊറോണ പറ്റിച്ച പണി.'' ഫിലിപ്പീന്‍സിലെ കൗമാരക്കാര്‍ ഇപ്പോള്‍ മറ്റുളള്ളവരോട് തങ്ങളുടെ 'നാണക്കേടിനെ' വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വിഷയം ചേലാകര്‍മ്മമാണ്. ആണ്‍കുട്ടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലിംഗാഗ്ര ചര്‍മ്മം മുറിച്ചുകളയുന്ന ആചാരം. 


ഫിലിപ്പീന്‍സില്‍ ആ പ്രായം എട്ടുവയസ്സാണ്. സമയത്തിന് ചേലാകര്‍മ്മം ചെയ്തില്ലെങ്കില്‍ കുറച്ചിലാണ്. കൂട്ടുകാരും നാട്ടുകാരും കളിയാക്കും. എങ്ങനെയെങ്കിലും സമയത്തിനു ചേലാകര്‍മ്മം ചെയ്യുക എന്ന പ്രതിവിധിക്കാണ് ഇപ്പോള്‍ കൊവിഡ് രോഗം പാരയായതെന്നാണ് ഫിലിപ്പീന്‍സില്‍നിന്നുള്ള എ എഫ് പി റിപ്പോര്‍ട്ട്. 


ലോകത്തെ ഏറ്റവുമധികം ചേലാകര്‍മങ്ങള്‍ നടക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. ആണ്‍കുട്ടികള്‍ ചേലാകര്‍മ്മം നടത്തുന്നത് ഇസ്‌ലാം, ജൂത മതങ്ങളിലും ആഫ്രിക്കയിലും മറ്റുമുള്ള ചില ഗ്രോത്രങ്ങളിലും നിര്‍ബന്ധിത ആചാരമാണ്. 

എന്നാല്‍, ഫിലിപ്പീന്‍സില്‍ അത് മതപരമല്ല, സാമൂഹ്യമാണ് എന്നാണ് എ എഫ് പിയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇവിടെ നടക്കുന്ന 90 ശതമാനം ചേലാകര്‍മ്മവും മതപരമല്ലെന്നാണ് യു എന്‍ ഡാറ്റാ വ്യക്തമാക്കുന്നത്. 

ഫിലിപ്പീന്‍സില്‍ അത് ഒരു സാമൂഹ്യ വിഷയമാണ്. ചേലാകര്‍മ്മം സമയത്തിന് ചെയ്തില്ലെന്ന് പറയുന്നത് കളിയാക്കപ്പെടാനുള്ള കാരണമാണ് അവിടെ. അതിനാല്‍, എന്തു വിലകൊടുത്തും ആണ്‍പിള്ളേര്‍ അതു ചെയ്തിരിക്കും. 

സാധാരണയായി ഏപ്രില്‍ മുതല്‍ ജൂണ്‍വരെയാണ് ഇവിടെ ചേലാകര്‍മ്മ സീസണ്‍. സ്‌കൂളുകള്‍ അടക്കുന്ന സമയമാണ് അത്. എന്നാല്‍, കഴിഞ്ഞ തവണ ഏപ്രില്‍-ജൂണ്‍ കാലത്ത് ചേലാകര്‍മ്മങ്ങള്‍ നടന്നില്ല. 

കൊവിഡ് കാരണമാണ്, സര്‍ക്കാര്‍ ചേലാകര്‍മ്മങ്ങള്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സീസണില്‍ ഇത് ചെയ്യാന്‍ വിചാരിച്ചിരുന്ന പല ആണ്‍കുട്ടികള്‍ക്കും ഇതോടെ അതിനു കഴിയാതായി. കൂട്ടുകാര്‍ക്കിടയില്‍ ഇത് നാണക്കേടുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. 

അവരില്‍ ഒരാളായ കാസ്പിയന്‍ ഗ്രുറ്റ എന്ന 12 -കാരന്‍ അവസാനം ചേലാകര്‍മ്മം ചെയ്ത അനുഭവം പറഞ്ഞാണ് എ എഫ് പിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഇതിന്റെ പേരില്‍ നിരന്തര കളിയാക്കല്‍ നേരിടുകയായിരുന്നെന്ന് പയ്യന്‍സ് പറയുന്നു. 

അങ്ങനെയാണ്, കൊവിഡ് വിലക്ക് സര്‍ക്കാര്‍ അയവുവരുത്തിയതിനു പിന്നാലെ ഈ സീസണില്‍ അവന്‍ അതിനുള്ള അവസരം തേടിയത്. ''ഇനി എന്നെയവര്‍ കളിയാക്കില്ല, ഞാന്‍ ചേലാകര്‍മ്മം ചെയ്തു'-അവന്‍ പറയുന്നു. 


മനിലയുടെ തെക്കുഭാഗത്തുള്ള സിലാങിലെ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ക്ലിനിക്കില്‍വെച്ചാണ്  കാസ്പിയന്‍ ഗ്രുറ്റോയുടെ ചേലാകര്‍മ്മം നടന്നത്. മെയ് മാസമാണ് ഇവിടെ വിലക്ക് നീക്കിയ ശേഷം ചേലാകര്‍മ്മം തുടര്‍ന്നത്. 

സ്വകാര്യ ആശുപത്രികളില്‍ ചേലാകര്‍മ്മം നടത്തുന്നതിന് നല്ല തുക നല്‍കേണ്ടി വരും. അതിനാല്‍, സാധാരണക്കാരായ കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ഇതിനാശ്രയിക്കുന്നത്. ഈയടുത്താണ് കൊവിഡ് വിലക്ക് നീങ്ങി  സര്‍ക്കാര്‍ ആശുപത്രികളില്‍ ചേലാകര്‍മ്മം പുനരാരംഭിച്ചത്. 

മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ച് ആശുപത്രിയിലെ ചുവന്ന കര്‍ട്ടനിട്ട ഒരിടത്ത് കാസ്പിയന്‍ ഗ്രുറ്റോ ഇരിക്കുന്നു. അടിവസ്ത്രം അഴിച്ചു കളഞ്ഞ് കാലുകള്‍ ഇരുവശത്തേക്കും വിടര്‍ത്തി ഇവിടെയുള്ള ടേബിളില്‍ കിടക്കണം.  അരഭാഗം ഒരു തുണികൊണ്ടു മൂടും. 

ആദ്യം ലോക്കല്‍ അനസ്‌തേഷ്യ നല്‍കും. പിന്നീട്, ലിംഗത്തിന്റെ മുകള്‍ ഭാഗത്തെ തൊലി ഉരിഞ്ഞു താഴ്ത്തിയ ശേഷം, തൊലിയുടെ ആ ഭാഗം അറുത്തുമാറ്റും. ഇങ്ങനെ 20 മിനിറ്റിനുള്ളില്‍ അവന്റെ ചേലാകര്‍മ്മം കഴിയുന്നു. 


''ഞാനിപ്പോഴാണ് ഒരു യഥാര്‍ത്ഥ ഫിലിപ്പിനോ ആയത്.''-കാസ്പിയന്‍ ഗ്രുറ്റോ പറയുന്നു. ഇതു തന്നെയാണ് ഇവിടെയുള്ള കുട്ടികളെയെല്ലാം ലിംഗാഗ്ര ചര്‍മ്മം ഛേദിക്കാന്‍ േപ്രരിപ്പിക്കുന്നത്. അത് അഭിമാനത്തിന്റെ വിഷയമാണ്. 

ഫിലിപ്പിനോ സംസ്‌കാരമനുസരിച്ച്,  ചേലാകര്‍മ്മം െചയ്തവര്‍ മാത്രമാണ് യഥാര്‍ത്ഥ ഫിലിപ്പിനോ പുരുഷന്‍മാര്‍. ചേലാകര്‍മ്മം ചെയ്യാത്തവര്‍ എന്ന വിളി അവിടെ അധിക്ഷേപകരമാണ്. ആണത്തത്തിന്റെ അടയാളമായാണ് അവിടെയുള്ളവര്‍ ചേലാകര്‍മ്മത്തെ കാണുന്നത്. 

പുരുഷത്വത്തിലേക്കുള്ള വാതിലല്‍ തുറക്കലായാണ് ഇവിടെ ചേലാകര്‍മ്മത്തെ കാണുന്നതെന്നാണ് ഫിലിപ്പിന്‍സ് സര്‍വകലാശാലാ നരവംശ ശാസ്ത്ര വകുപ്പിലെ പൊഫ. നെസ്റ്റര്‍ കാസ്‌ട്രോയുടെ അഭിപ്രായം. അദ്ദഹം പറയുന്നത് കേള്‍ക്കൂ


''ആണ്‍കുട്ടിയില്‍നിന്നും വലിയ പുരുഷനായി മാറുന്നതിന്റെ അടയാളമാണ് അത്. അതോടെ ആണ്‍കുട്ടികള്‍ കുറേ കൂടി ഉത്തരവാദിത്തമുള്ളവരായി മാറുന്നു. ലൈംഗികത അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായി മാറുന്നു.'' അദ്ദേഹത്തിന്റെ വാക്കുകള്‍. 

click me!