ഹോളി; നിറങ്ങളില്‍ ആറാടി മഥുര വൃന്ദാവനിലെ തെരുവുകള്‍

First Published Mar 9, 2023, 2:36 PM IST

നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ വരവേല്‍ക്കുന്നതിന്‍റെ ആഘോഷം കൂടിയാണ്. അതിനാല്‍ തന്നെ നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഈ ആഘോഷം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ഈ ദിനം ആഘോഷിക്കാറുണ്ടെങ്കിലും ഉത്തരേന്ത്യയാണ് ഹോളി ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷങ്ങള്‍ക്ക് മുമ്പന്തിയിലെങ്കിലും കല്‍ക്കത്തയിലും ദില്ലിയിലും മുംബൈയുടെ തെരുവുകളിലും ഹോളി ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. പരസ്പരം നിറങ്ങള്‍ വാരിയെറിയുമ്പോള്‍ അവിടെ ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ ഇല്ലാതാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഹോളി ആഘോഷങ്ങള്‍ നടക്കുന്ന ഹിന്ദു ദൈവമായ കൃഷ്ണന്‍റെ ജന്മദേശമെന്ന് കരുതപ്പെടുന്ന ഉത്തര്‍പ്രദേശിലെ മഥുര ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ഹോളി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ. 

ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൌര്‍ണമി നാളിലാണ് ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്. പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെങ്കിലും പിറ്റേ ദിവസമാണ് യഥാര്‍ത്ഥ ആഘോഷം തുടങ്ങുക.

സമൃദ്ധമായ വിളവിനും മണ്ണിന്‍റെ ഫലഭൂയിഷ്ഠതയ്ക്കും വേണ്ടി കാര്‍ഷിക സമൂഹമാണ് ഹോളി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, പിന്നീട് ഇത് പ്രദേശത്തെ അധിപത്യം പുലര്‍ത്തിയ സംസ്കാരവുമായി കൂട്ടിയിണക്കപ്പെട്ടു.  

ഒരു ദിവസമാണ് ആഘോഷമെങ്കിലും വിശാലമായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പല വിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷം നടക്കുന്നത്. പ്രധാനമായും ഹിന്ദു പുരാണത്തിലെ പ്രഹ്ലാദനുമായി ബന്ധപ്പെട്ടാണ് ഹോളി ആഘോഷം നിലനില്‍ക്കുന്നത്. പ്രഹ്ളാദന്‍റെ പിതാവ് ഹിരണ്യ കശ്യപന്‍റെ സഹോദരിയായിരുന്ന ഹോളിഗയുടെ പേരില്‍ നിന്നാണ് ഹോളി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. 

ലോകം കീഴടക്കി എന്ന് അവകാശപ്പെട്ട ഹിരണ്യ കശ്യപന്‍, രാജ്യത്തെ പ്രധാന ആരാധനാ മൂര്‍ത്തിയായ വിഷ്ണുവിനെ ആരാധിക്കരുതെന്നും പകരം തന്നെ ആരാധിക്കണമെന്നും ഉത്തരവിറക്കി. അദ്ദേഹത്തിന്‍റെ മകന്‍ പ്രഹ്ളാദന്‍ അച്ഛന്‍റെ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറായില്ല. വിഷ്ണുഭക്തനായ പ്രഹ്ളാദന്‍ വിഷ്ണു ആരാധന തുടര്‍ന്നു. സ്വാഭാവികമായും മകനെ വധിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. 

എന്നാല്‍ വിഷ്ണുവിന്‍റെ സംരക്ഷണയുള്ളതിനാല്‍ പ്രഹ്ളാദനെ വധിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്, അഗ്നി ദേവനില്‍ നിന്നും പ്രത്യേക വസ്ത്രം ലഭിച്ച ഹോളിഗയെ ഹിരണ്യ കശ്യപന്‍ തന്‍റെ ഉത്തരവ് നടപ്പാക്കാന്‍ നിയോഗിച്ചു. അഗ്നി ബാധിക്കാത്ത വസ്ത്രം ധരിച്ച് പ്രഹ്ളാദനുമൊത്ത് ഹോളിഗ അഗ്നി പ്രവേശനം നടത്തി. 

പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ അഗ്നിയില്‍ വെന്തമര്‍ന്നു. പിന്നീട് പാതി മനുഷ്യനും പാതി മൃഗവുമായ നരസിംഹ രൂപം പൂണ്ട് വിഷ്ണു ഹിരണ്യ കശ്യപനെ കൊലപ്പെടുത്തി. ഈ വിശ്വാസത്തിന്‍റെ ഓര്‍മ്മപുതുക്കലാണ് മിക്കവര്‍ക്കും ഹോളിയാഘോഷം. 

ഹോളി ആഘോഷത്തിനിടെ തിന്മയുടെ പ്രതീകമായ ഹോളിഗയെ അഗ്നിക്കിരയാക്കുന്ന ചടങ്ങ് ചില ഇടങ്ങളിലുണ്ട്. എന്നാല്‍, ചില പ്രദേശങ്ങളില്‍ ഇത് കൃഷ്ണനും രാധയും തമ്മിലുള്ള വിശുദ്ധ പ്രണയത്തിന്‍റെ കഥയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. രാധയും മറ്റ് ഗോപ സ്ത്രീകളും വെളുത്തിരിക്കുമ്പോള്‍ തനിക്ക് മാത്രം എന്തായിരുന്നു കാര്‍മേഘത്തിന്‍റെ നിറം എന്നായിരുന്നു കൃഷ്ണന്‍റെ സംശയം. വളര്‍ത്തമ്മയായ യശോദയോട് കൃഷ്ണന്‍ പരാതി പറഞ്ഞു. 

രാധയ്ക്കും മറ്റ് ഗോപസ്ത്രീകള്‍ക്കും നേരെ നിറങ്ങള്‍ കലക്കി ഒഴിക്കാനായിരുന്നു യശോദ കൃഷ്ണനെ ഉപദേശിച്ചത്. ഇതിന് പിന്നാലെ തന്‍റെ കളിക്കൂട്ടുകാരികള്‍ക്ക് നേരെ കൃഷ്ണന്‍ നിറങ്ങള്‍ വാരിയൊഴിച്ചെന്നും ഇതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഹോളിയെന്നും ചില ഇടങ്ങളില്‍ വിശ്വസിക്കപ്പെടുന്നു. എന്നാല്‍, മറ്റ് ചില ഇടങ്ങളിലാകട്ടെ കാമദേവനുമായി ബന്ധപ്പെട്ടാണ് ആഘോഷങ്ങള്‍ നടക്കുന്നത്. 


ദക്ഷന്‍, തന്‍റെ മകള്‍ സതിയെയും മകളുടെ ഭര്‍ത്താവും ചണ്ഡാളനുമായ ശിവനെയും ഒഴിവാക്കി ദക്ഷയാഗം നടത്തി. കോപാകുലനായ ശിവന്‍ ദക്ഷനെ വധിച്ച് യാഗം കലക്കി. എന്നിട്ടും അരിശം തീരാതെ ലോകം മുഴുവനും ചാമ്പലാക്കാന്‍ വെമ്പല്‍ കൊണ്ടു. ഈ സമയം ദേവകല്പനയാല്‍ ശിവ കോപം ശമിപ്പിക്കാനെത്തിയ കാമദേവനെ ശിവന്‍ തന്‍റെ മൂന്നാം കണ്ണ് തുറന്ന് ചാരമാക്കി. 

ലോക രക്ഷാര്‍ത്ഥം കൊല്ലപ്പെട്ട കാമദേവന്‍റെ ഓര്‍മ്മ പുതുക്കുന്നതിനായി തുടങ്ങിയ ആചാരമാണ് പിന്നീട് ഹോളിയായി പരിണമിച്ചതെന്നും ചിലര്‍ വിശ്വസിക്കുന്നു. കഥകളെന്തായാലും ഇന്നേ ദിവസം സാധാരണക്കാര്‍ക്ക് ആഘോഷത്തിന്‍റെ ദിവസമാണ്. 

അതുവരെയുള്ള ജീവിതഭാരങ്ങളെല്ലാം ഒതുക്കിവച്ച് അവര്‍ തെരുവില്‍ ഒത്തുകൂടുന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവര്‍ പരസ്പരം നിറങ്ങള്‍ വാരിയൊഴിച്ച് ചായം തേച്ച് തങ്ങളുടെ ദുഃഖങ്ങളെല്ലാം മറക്കുന്നു.  

click me!